ബെവ്കോ ഔട്ട്‍ലെറ്റുകളും ബാറുകളും തുറക്കും; ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി ബെവ്കോ ഔട്ട്‍ലെറ്റുകളും ബാറുകളും രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഏഴ് വരെ പ്രവർത്തിക്കും. ആപ്പ് മുഖേനയായിരിക്കും വിതരണം നിയന്ത്രിക്കുക. ഔട്ട്ലെറ്റുകളിൽ ആൾക്കൂട്ടമുണ്ടാകുന്നത് നിയന്ത്രിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല. നിലവിലേതു പോലെ പാഴ്സലും ഹോം ഡെലിവറിയും തുടരും.
ജൂൺ 17 മുതൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണം ഒരുക്കും. ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന പഞ്ചായത്തുകളെ കണ്ടയിൻമെന്‍റ് മേഖലയാക്കി ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങളിൽ ഏഴ് ദിവസത്തെ ശരാശരി ടി.പി.ആർ എട്ട് ശതമാനം വരെയാണെങ്കിൽ കുറഞ്ഞ വ്യാപനമെന്നാണ് കണക്കാക്കുക. എട്ട് മുതൽ 20 ശതമാനം വരെ മിതമായ വ്യാപനമുള്ള പ്രദേശമായി കണക്കാക്കും. 20 ശതമാനത്തിന് മുകളിലാണ് ടി.പി.ആറെങ്കിൽ അതിവ്യാപന മേഖലയായി കണ്ട് നിയന്ത്രണമേർപ്പെടുത്തും. 30 ശതമാനത്തിന് മേലെയാണെങ്കിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തും.
തദ്ദേശ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ
ടി.പി.ആർ 30ന് മുകളിൽ -ട്രിപ്പിൾ ലോക്ഡൗൺ
ടി.പി.ആർ 20നും 30നും ഇടയിൽ - സമ്പൂർണ ലോക്ഡൗൺ
ടി.പി.ആർ എട്ടിനും 20നും ഇടയിൽ -ഭാഗിക ലോക്ഡൗൺ
ടി.പി.ആർ എട്ടിൽ താഴെ -നിയന്ത്രണങ്ങളോടെ സാധാരണ പ്രവർത്തനങ്ങൾ
സംസ്ഥാനത്ത് 25 തദ്ദേശ സ്ഥാപനങ്ങളിലാണ് ടി.പി.ആർ 30ന് മുകളിലുള്ളത്. 20നും 30നും ഇടയിലുള്ളത് 146 ഇടങ്ങളിലാണ്. എട്ടിൽ താഴെ 147. എട്ടിനും 20നും ഇടയിൽ 716 തദ്ദേശ സ്ഥാപനങ്ങൾ.
വ്യാവസായിക, കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അനുവദിക്കും. ഇവർക്ക് ഗതാഗതം അനുവദിക്കും. അവശ്യവസ്തുക്കളുടെ കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് എഴ് വരെ പ്രവർത്തിക്കും. അക്ഷയ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തനം അനുവദിക്കും.
ജൂൺ 17 മുതൽ കേന്ദ്ര -സംസ്ഥാന സർക്കാർ ഓഫിസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ തുടങ്ങിയവയിൽ 25 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് എല്ലാ ദിവസവും പ്രവർത്തനം അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ പൊതുപരീക്ഷകൾക്കും അനുമതി നൽകി. വിനോദസഞ്ചാരത്തിന് അനുമതിയില്ല.
എല്ലാ ശനി, ഞായർ ദിവസങ്ങളിലും സംസ്ഥാനത്താകെ പൂർണ ലോക്ഡൗൺ ആയിരിക്കും. ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ രീതിയിൽ അനുവദിക്കും. ബാങ്കുകളുടെ പ്രവർത്തനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായി തുടരും. വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങിനും നിലവിലേതു പോലെ 20 പേരെ മാത്രമേ അനുവദിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.