'മോനേ നീ കള്ള് കുടിക്കാൻ വരുന്നോ'? യുവാവിന്റെ 'പാമ്പ് മോനെ' കണ്ട് ഞെട്ടി നാട്ടുകാർ -VIDEO
text_fieldsകോഴിക്കോട്: വെള്ളമടിച്ച് കോൺതിരിഞ്ഞ് വഴിയിൽക്കിടക്കുന്നവരെ നമ്മൾ സാധാരണയായി പാമ്പെന്ന് വിളിക്കാറുണ്ട്. ഇഴഞ്ഞും നിരങ്ങിയും വളഞ്ഞും പുളഞ്ഞും പോകുന്ന ഇവരുടെ പ്രകൃതംകാരണമാണിത്. എന്നാൽ പാമ്പിനോട് ഒരാൾ കള്ള് കുടിക്കാൻ വരുന്നോ എന്ന് ചോദിക്കുന്ന സംഭവം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല!. എന്നാലതും നമ്മുടെ നാട്ടിൽ സംഭവിച്ചിരിക്കുന്നു.
കൊയിലാണ്ടിയിൽ രാത്രി യുവാവ് പെരുമ്പാമ്പുമായി സ്കൂട്ടറിൽ സവാരി നടത്തുകയും ഇടക്കിടെ പാമ്പിനോട് 'മോനേ നിനക്ക് കള്ള് കുടിക്കണമെങ്കിൽ വാടാ'എന്ന് വിളിക്കുകയും ചെയ്തിരിക്കുകയാണ്. ജനുവരി 29ന് നടന്ന സംഭവത്തിന്റെ വിഡിയോ വൈറലായിട്ടുണ്ട്. രാത്രിയിൽ മദ്യപിച്ച് സ്കൂട്ടറിൽ സഞ്ചരിച്ച കൊയിലാണ്ടി മുചുകുന്ന് സ്വദേശിയായ ജിത്തുവാണ് നമ്മുടെ കഥാനായകനായ 'പാമ്പ്'. ഇദ്ദേഹത്തിന്റെ കൈവശം നല്ല ഒറിജിനലായ ഒരു പെരുമ്പാമ്പും ഉണ്ടായിരുന്നു.
'എന്നോടൊപ്പം കള്ള് കുടിക്കാൻ വരുന്നോ?' എന്നു ചോദിച്ച് പാമ്പിന്റെ തല പിടിച്ച് ഉയർത്തുകയും പിന്നെ കഴുത്തിൽ ചുറ്റുകയും ഒക്കെ ചെയ്യുന്നുണ്ട് ജിത്തു. കൂടെ സഞ്ചരിച്ച ഇയാളുടെ സുഹൃത്തെന്ന് തോന്നിക്കുന്നയാളാണ് വിഡിയോ പകർത്തിയിരിക്കുന്നത്. പിന്നീട് ഇയാൾ പാമ്പിനെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
കൊയിലാണ്ടി സ്റ്റേഷനിലെ റജിസ്റ്ററിൽ ജിത്തു പാമ്പിനെ എത്തിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് പാമ്പിനെ വനത്തിൽ തുറന്നു വിടുകയും ചെയ്തു. ഇക്കാര്യങ്ങള്‍ വനം വകുപ്പ്തെന്നയാണ് സ്ഥിരീകരിച്ചത്. എന്നാൽ പാമ്പിനെ സ്കൂട്ടറിൽ വച്ചുള്ള യുവാവിന്റെ യാത്രയുടെ വിഡിയോ പുറത്തു വന്നതോടെ വനം വകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സംരക്ഷിത വന്യ മൃഗങ്ങളുടെ പട്ടികയിൽ ഷെഡ്യൂൾ ഒന്നിൽ പെടുന്നതാണ് പെരുമ്പാമ്പെന്നും ഏഷ്യൻ ആനയെ ഉപദ്രവിച്ചാൽ ലഭിക്കുന്ന കടുത്ത ശിക്ഷ തന്നെയാണ് പെരുമ്പാമ്പിനെ ദ്രോഹിച്ചാലും ലഭിക്കുകയെന്നും പെരുവണ്ണാമൂഴി റേഞ്ച് ഓഫിസർ പറഞ്ഞു. പാമ്പിനെ കള്ളുഷാപ്പിലേക്ക് വിളിച്ച അപൂർവ്വ പ്രതിക്കുവേണ്ടി തിരിച്ചിലും ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.