അമേരിക്കൻ വ്യോമാക്രമണം; ഐ.എസിൽ ചേർന്ന പാലക്കാട് സ്വദേശി കൊല്ലപ്പെട്ടു
text_fieldsപാലക്കാട്: സിറിയയിൽ ഉണ്ടായ അമേരിക്കൻ വ്യോമാക്രമണത്തിൽ പാലക്കാട് സ്വദേശി മരണപ്പെട്ടതായി ഔദ്യോഗിക കേന്ദ്രങ്ങൾ സ്ഥിരീകരിച്ചു. വർഷങ്ങൾക്ക് മുമ്പ് ഐ.എസിൽ ചേർന്ന പുതുപ്പരിയാരം സ്വദേശി അബൂത്വാഹിർ (28) ആണ് മരിച്ചത്. ഏപ്രിൽ നാലിന് മരണം സംഭവിച്ചതായാണ് നാട്ടിൽ ലഭിച്ച വിവരം. മരണം എൻ.ഐ.എ സ്ഥിരീകരിച്ചിട്ടുണ്ട്.
പുതുപ്പരിയാരം ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന അബ്ദുറഹ്മാെൻറയും ആയിശുമ്മാളുടേയും മകനാണ് അബൂത്വാഹിർ. പിതാവ് അബ്ദുറഹ്മാന് സൗദിയിലായിരുന്നു ജോലി. അബൂത്വാഹിർ 2013 ജൂണിലാണ് ഖത്തറിലേക്ക് പോയത്. ദോഹയിൽ അക്കൗണ്ടൻറായിട്ടാണ് പ്രവർത്തിച്ചിരുന്നത്. ഖത്തറിൽ ജോലി ചെയ്യവേ സൗദിയിലേക്ക് ഉംറക്ക് പോയെന്നാണ് വീട്ടുകാർക്ക് അവസാനമായി കിട്ടിയ വിവരം. പിതാവിെൻറ സുഹൃത്ത് വിമാനത്താവളത്തിൽ കാത്തുനിന്നെങ്കിലും കണ്ടെത്താനായില്ലെത്ര. സഹോദരിയുടെ ഭർത്താവ് എംബസിയിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് കുറേകാലമായി ഇയാളെപ്പറ്റി വീട്ടുകാർക്ക് വിവരം ലഭിച്ചിരുന്നില്ലെങ്കിലും 2014 സെപ്റ്റംബറിൽ പുതുപ്പരിയാരത്തെ വീട്ടിലേക്ക് ഫോൺ മാർഗം ബന്ധപ്പെട്ടിരുന്നു. ബി.എ വരെ പഠിച്ച അബൂത്വാഹിർ വിദേശത്ത് പോകും മുമ്പ് നാട്ടുകാരുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.
അബൂത്വാഹിറിെൻറ മരണ വിവരം സ്ഥിരീകരണത്തിനായി കേന്ദ്ര ഇൻറലിജൻസ് എൻ.ഐ.എക്ക് കൈമാറിയിരുന്നു. അവർ നടത്തിയ അന്വേഷണത്തിലാണ് സ്ഥിരീകരണം ലഭിച്ചത്. അൽഖാഇദയുടെ സിറിയൻ ഘടകമെന്നറിയപ്പെടുന്ന നുസ്റ ബ്രിഗേഡിൽ ചേർന്നെന്ന് കരുതപ്പെടുന്ന അബൂത്വാഹിർ പിന്നീട്, നാട്ടിൽ വന്നിട്ടില്ല. ഗൾഫ് നാടുകളിലേക്ക് പോകുന്നതിന് മുമ്പ് തങ്ങളുമായി അബൂത്വാഹിറിന് നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്ന് പരിസരവാസികൾ ഓർക്കുന്നു.
യഹ്യ അഫ്ഗാനിൽ മരിച്ചതായി സന്ദേശം
പാലക്കാട്: ഐ.എസിൽ ചേർന്നതായി കരുതപ്പെടുന്ന പാലക്കാട് നഗരത്തിലെ യാക്കര സ്വദേശി ബെസ്റ്റിൻ എന്ന യഹ്യ (23) അഫ്ഗാനിസ്താനിൽ കൊല്ലപ്പെട്ടതായി സന്ദേശം. എന്നാൽ, ഇത് ഔദ്യോഗിക കേന്ദ്രങ്ങൾ സ്ഥിരീകരിച്ചതായി വിവരമില്ല.യാക്കര സ്വദേശി വിൻസൻറിെൻറ മകനാണ് യഹ്യ. വിൻസൻറിെൻറ മറ്റൊരു മകൻ ഈസയും ഐ.എസിൽ ചേർന്നതായാണ് പറയപ്പെടുന്നത്. ക്രൈസ്തവരായ ഇരുവരും മതം മാറിയ ശേഷം 2016 ജൂലൈയിലാണ് നാടുവിട്ടത്. യഹ്യയുടെ ഭാര്യ മെറിൻ, ഈസയുടെ ഭാര്യ നിമിഷ എന്നിവരും ഇവരോടൊപ്പം നാടുവിട്ടിരുന്നു. നിമിഷ ദന്ത ഡോക്ടറാണ്. മരണം എവിടെ നടന്നു എന്നതടക്കമുള്ള വിശദാംശങ്ങൾ അറിവായിട്ടില്ല. കൂടുതൽ വിവരങ്ങൾ പൊലീസിലുമില്ല. വിൻസൻറിെൻറ വീട് രണ്ട് ദിവസമായി അടച്ചിട്ട നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.