തുറമുഖങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുമെന്ന് കേരള മാരിടൈം ബോര്‍ഡ് ചെയര്മാന്
text_fieldsകോഴിക്കോട്: കേരള മാരിടൈം ബോര്‍ഡിന് മുഴുവൻ സമയ സി.ഇ.ഒ നിയമിതനായിട്ടുണ്ടെന്നും അതിനാൽ സംസ്ഥാനത്തെ തുറമുഖങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടികൾക്ക് ആക്കം കൂടുമെന്നും കേരള മാരിടൈം ബോര്‍ഡ് ചെയര്മാന് അഡ്വ. വി.ജെ മാത്യു. തുറമുഖ ഓഫിസുകള്‍ കമ്പ്യൂട്ടര്‍വത്കരിക്കും. ഇതുവഴി കണ്ടെയ്നര്‍ കാര്‍ഗോ ഗതാഗതം ഓണ്‍ലൈനായി ട്രാക്ക് ചെയ്യാന്‍ കഴിയും. പണമിടപാടുകളും കപ്പല്‍ കമ്പനികള്‍ക്ക് നല്കുന്ന ആനുകൂല്യങ്ങളും സുതാര്യമാക്കും. പൈലറ്റ് പ്രോജക്ടിനായി ബേപ്പൂര്‍, കൊല്ലം, അഴീക്കല്‍ തുറമുഖങ്ങള്‍ തെരഞ്ഞെടുത്തതായും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ക്രൂമാറ്റത്തിന് വിഴിഞ്ഞത്ത് 110 കപ്പലുകള്‍ വന്ന വകയില്‍ 1.10 കോടി രൂപ വരുമാനം കിട്ടി. ബേപ്പൂര്‍, അഴീക്കല്‍, കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങള്‍ അന്തര്‍ദേശീയ ക്രൂചേഞ്ച് ആന്‍ഡ് ബങ്കറിങ് ടെര്മിനലുകളാക്കും. ബേപ്പൂരും അഴീക്കലും ക്രൂമാറ്റവും അനുബന്ധ സേവനങ്ങളും ലഭിക്കണമെങ്കില്‍ ഏഴു മുതല്‍ 11 മീറ്റര്‍ വരെ ആഴം കൂട്ടണം. നിലവില്‍ മൂന്നര മീറ്ററോളം ആഴമേയുള്ളൂ. ആദ്യഘട്ടത്തില്‍ ഏഴുമീറ്ററില്‍ ആഴം കൂട്ടാന്‍ അടിയന്തര ഡ്രഡ്ജിങ്ങിന് നടപടി സ്വീകരിക്കും. കോഴിക്കോട്ടെ പോര്‍ട്ട് ബംഗ്ലാവ് മാരിടൈം ബോര്‍ഡിെൻറ നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊണ്ടുവന്നു. ബംഗ്ലാവ് പരിഷ്കരിച്ച് ബിസിനസ് സെൻറര്‍, കോണ്‍ഫറന്‍സ് ഹാള്‍, െഗസ്റ്റ് ഹൗസ് എന്നീ സൗകര്യങ്ങള്‍ ഏർപ്പെടുത്തും. ബേപ്പൂര്‍ തുറമുഖ വികസനവുമായി ബന്ധപ്പെട്ട് വ്യവസായികളുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കും.
കേരള മാരിടൈം അക്കാദമി കണ്ണൂർ കാമ്പസില്‍ ആരംഭിക്കുന്ന പുതിയ കോഴ്സുകള്‍ 16ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കോഴിക്കോട്ടും തലശ്ശേരിയിലും കോഴ്സുകള്‍ തുടങ്ങാന്‍ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.ഇ.ഒ ടി.പി. സലിംകുമാര്‍, ബേപ്പൂര്‍ പോര്‍ട്ട് ഓഫിസര്‍ അശ്വനി പ്രതാപ് എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.