ഇനി പുതിയ നിയോഗം, നടന്നിറങ്ങി രാധാകൃഷ്ണൻ
text_fieldsതിരുവനന്തപുരം: ഔദ്യോഗിക വാഹനത്തിലായിരുന്നു രാജിക്കത്തുമായി മന്ത്രി കെ. രാധാകൃഷ്ണൻ ക്ലിഫ് ഹൗസിലെത്തിയത്, തിരിച്ചിറങ്ങിയത് കാൽനടയായി. മതിൽക്കെട്ടിനും സുരക്ഷവേലിക്കും അകലെയായി നിർത്തിയിട്ട ടാക്സി കാറിൽ കയറി എം.എൽ.എ സ്ഥാനം രാജിവെക്കാനായി നിയമസഭയിലേക്ക്. സൗമ്യതകൊണ്ടും ജനപ്രിയതകൊണ്ടും ഇടതുരാഷ്ട്രീയത്തിൽ വേറിട്ട അടയാളപ്പെടുത്തലായ കെ. രാധാകൃഷ്ണൻ നിലവിലെ ഉത്തരവാദിത്വങ്ങളിൽനിന്ന് പുതിയ നിയോഗത്തിലേക്ക് നടന്നിറങ്ങിയതും പതിവു ശൈലിയിൽ. മന്ത്രിസ്ഥാനം രാജിവെച്ച് ലോക്സഭയിലേക്ക് പോകുന്നത് കേരള നിയമസഭയുടെ ചരിത്രത്തിൽ അപൂർവമാണ്.
പട്ടിക ജാതി-വർഗ വകുപ്പിനൊപ്പം ദേവസ്വം പാർലമെന്‍ററി കാര്യ വകുപ്പുകളുടെ ചുമതലയും മന്ത്രിക്കുണ്ടായിരുന്നു. ലാളിത്യമാണ് പൊതുഭാവമെങ്കിലും നിലപാടുകളുടെ കാര്യത്തിൽ കാർക്കശ്യമാണ് ലൈൻ. ദേവസ്വം മന്ത്രിയായിരിക്കെ ജാതിയുടെ പേരിൽ നേരിട്ട വിവേചനത്തിനെതിരെ പൊള്ളുന്ന വാക്കുകളിലായിരുന്നു രാധാകൃഷ്ണന്‍റെ പ്രതികരണം. മനസ്സിൽ പിടിച്ച കറയാണ് ജാതി വ്യവസ്ഥയെന്നും അത് പെട്ടെന്ന് മാറില്ലെന്നും തുറന്നടിച്ചിരുന്നു. അയിത്തം അവകാശമാണെന്ന് പറഞ്ഞാല്‍ സമ്മതിക്കില്ലെന്ന ഉറച്ചവാക്കുകളും ഷർട്ടിലെ കറ മായ്ക്കുന്നതുപോലെ ജാതിവ്യവസ്ഥ മാറ്റാൻ പറ്റില്ലെന്നുമുള്ള പരാമർശങ്ങളുമെല്ലാം ഇതിനുദാഹരണം. അവസാനം ഒപ്പുവെച്ച ഉത്തരവിലും പിന്നാക്ക വിഭാഗങ്ങളോടുള്ള പൊതുമനോഭാവത്തിനെതിരെയുള്ള കലഹമായിരുന്നു. നിലവില്‍ സി.പി.എം കേന്ദ്രക്കമ്മിറ്റിയംഗമായ രാധാകൃഷ്ണന്‍ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. 1991ല്‍ വള്ളത്തോള്‍ നഗര്‍ ഡിവിഷനില്‍നിന്ന് ജില്ല കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാണ് പാര്‍ലമെന്ററി ജീവിതത്തിന് തുടക്കമിട്ടത്. നാലുതവണ നിയമസഭാംഗമായി. 1996 ലാണ് ആദ്യമായി ചേലക്കരയില്‍നിന്ന് നിയമസഭയിലെത്തിയത്. തുടര്‍ന്ന് 2001, 2006, 2011, 2021ലും വിജയിച്ചു. 1996ല്‍ ആദ്യമായി നിയമസഭയിലെത്തിയ രാധാകൃഷ്ണന്‍, നായനാര്‍ മന്ത്രിസഭയില്‍ പട്ടികജാതി -വര്‍ഗ ക്ഷേമ മന്ത്രിയായി.
2001ല്‍ പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായി. 2006ല്‍ നിയമസഭാ സ്പീക്കറുമായി. ചരിത്രത്തിലാദ്യമായി കേരള നിയമസഭയില്‍ പട്ടികജാതി വിഭാഗത്തിലെ വ്യക്തി സ്പീക്കര്‍ സ്ഥാനം ഏറ്റെടുത്തെന്ന പ്രത്യേകതയും ഈ സ്ഥാനാരോഹണത്തിനുണ്ടായിരുന്നു.
2018 ല്‍ കേന്ദ്രക്കമ്മിറ്റിയംഗമായ രാധാകൃഷ്ണൻ സി.പി.എം തൃശൂര്‍ ജില്ല സെക്രട്ടറിയായും ഇടതുമുന്നണി തൃശൂർ ജില്ല കണ്‍വീനറായും പ്രവര്‍ത്തിച്ചിച്ചിട്ടുണ്ട്. ദലിത് ശോഷന്‍ മുക്തി മഞ്ച് അഖിലേന്ത്യ പ്രസിഡന്റ്, ഫാം വര്‍ക്കേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ്, തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.
ചേലക്കര തോന്നൂര്‍ക്കര വടക്കേവളപ്പില്‍ തോട്ടം തൊഴിലാളിയായിരുന്ന എം.സി. കൊച്ചുണ്ണിയുടെയും ചിന്നയുടെയും മകനായി 1964 മേയ് 24ന് പുള്ളിക്കാനത്ത് ജനനം. അവിവാഹിതനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.