ന്യൂനപക്ഷ ക്ഷേമം: 10 വർഷത്തിൽ പാഴാക്കിയത് 383 കോടി; ഇരുമുന്നണികളും പ്രതിരോധത്തിൽ
text_fieldsന്യൂനപക്ഷ സമുദായങ്ങൾക്കുള്ള സ്കോളർഷിപ്പ് വിഹിതവുമായി ബന്ധപ്പെട്ട കോടതി വിധി കഴിഞ്ഞ രണ്ടാഴ്ചയോളമായി സർക്കാരിനെ മുൾമുനയിൽ നിർത്തിയിരിക്കെ ഇരു മുന്നണികളെയും പ്രതിരോധത്തിലാഴ്ത്തി കഴിഞ്ഞ 10 വർഷത്തെ ബജറ്റുകളില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് നീക്കി വെച്ചതും അതിൽ നിന്ന് വിനിയോഗിച്ചതുമായ തുകയുടെ വിവരങ്ങൾ പുറത്തു വന്നു . ജൂൺ ഏഴിന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് മങ്കട എം.എൽ .എ മഞ്ഞളാംകുഴി അലിയുടെ ചോദ്യങ്ങൾക്കുള്ള മറുപടിയുടെ അനുബന്ധമായിട്ടാണ് 2011-2012 സാമ്പത്തിക വര്ഷം മുതൽ 2020 -2021 വരെയുള്ള വർഷങ്ങളിലെ ബജറ്റുകളിൽ ന്യൂനപക്ഷ ക്ഷേമത്തിന് വേണ്ടി നീക്കി വെച്ച തുകയുടെ വിവരങ്ങൾ പുറത്തു വന്നത്. ആകെ 949 കോടി രൂപ വകയിരുത്തിയതിൽ 383 കോടിയോളം രൂപയാണ് പാഴായിപ്പോയത്.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപവത്കരിച്ച 2011-2012 കാലത്ത് എൽ.ഡി.എഫ് സർക്കാർ വകയിരുത്തിയ 19 കോടിയോളം രൂപ ഏതാണ്ട് പൂർണമായി വിനിയോഗിച്ചു. പിന്നീട് അധികാരത്തിൽ വന്ന യു.ഡി.എഫ് സർക്കാർ ഫണ്ട് വിഹിതം ഗണ്യമായി വർധിപ്പിച്ച് 84 കോടിയോളമാക്കിയെങ്കിലും ചെലവഴിച്ചത് രണ്ടു കോടി മാത്രം. തൊട്ടടുത്ത വർഷങ്ങളിൽ 103 കോടി, 130 കോടി എന്നിങ്ങനെ ബജറ്റിൽ വകയിരുത്തി. എന്നാൽ, 54 കോടി , 104 കോടി എന്നിങ്ങനെയാണ് വിനിയോഗിക്കാതിരുന്നത്. 2015 -16 ൽ 92 കോടി വകയിരുത്തിയതിൽ 88 കോടി ചെലവഴിച്ചു എന്നും നിയമസഭാ രേഖ പറയുന്നു. 2012 -16 ൽ 516 കോടി വകയിരുത്തിയതിൽ 258 കോടി വിനിയോഗിച്ചില്ല.ഈ കാലയളവിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്തിരുന്നത് ഇപ്പോൾ ചോദ്യമുന്നയിച്ച മഞ്ഞളാം കുഴി അലി തന്നെയായിരുന്നു എന്നത് ശ്രദ്ധേയമാണ്.
പിന്നീട് അധികാരത്തിലേറിയ ഒന്നാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ രണ്ട് വർഷവും താരതമ്യേന സ്ഥായിയായ തുക ബജറ്റിൽ വകയിരുത്തിയെങ്കിലും അവയെ ഫലപ്രദമായും പൂർണമായും ഉപയോഗിക്കുന്നതിൽ വകുപ്പ് പരാജയപ്പെട്ടിട്ടുണ്ട്.2017 -18 ൽ 99 കോടി വകയിരുത്തി. 82 കോടി വിനിയോഗിച്ചു. 2018 -19 ൽ 110 കോടിയോളം രൂപ അനുവദിച്ചതിൽ 73 കോടിയാണ് വിനിയോഗിച്ചത്. എന്നാൽ, പിന്നീടുള്ള രണ്ടു സാമ്പത്തിക വർഷങ്ങളിലും ( 2019 -20 , 20 -21) വകുപ്പിെൻറ ഫണ്ട് കുത്തനെ കുറച്ചു. അനുവദിച്ചതിെൻറ പകുതിപോലും വിനിയോഗിച്ചില്ല.2019-20ൽ 63 കോടിയാണ് നീക്കിവെച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 47 കോടി കുറവ്. ഇതിൽ വിനിയോഗിച്ചത് 24 കോടി മാത്രം. ഏതാണ്ട് 39 കോടി പാഴായി. 2020-21 ൽ 52 കോടിയാണ് അനുവദിച്ചത്. 32 കോടിയാണ് ചെലവഴിച്ചത്.
2019-2020 സാമ്പത്തിക വർഷത്തിൽ കേവലം 63 കോടി രൂപയാണ് ന്യൂനപക്ഷക്ഷേമത്തിന് വേണ്ടി കഴിഞ്ഞ സർക്കാർ നീക്കിവെച്ചത് . അതിനു മുൻപത്തെ വർഷത്തെ അപേക്ഷിച്ചു നോക്കുമ്പോൾ 47 കോടിയോളം രൂപ വെട്ടി കുറച്ചതായി കാണാം . എന്നാൽ ബജറ്റിൽ വകയിരുത്തിയ 63 കോടി രൂപയിൽ കേവലം 24 കോടി രൂപ മാത്രമാണ് പ്രസ്തുത സാമ്പത്തിക വര്ഷം വിനിയോഗിച്ചിട്ടുള്ളു. പ്രസ്തുത വർഷത്തിൽ ഏതാണ്ട് 39 കോടി രൂപയുടെ ഫണ്ട് ഉപയോഗിക്കപ്പെടാതെ പോയിട്ടുണ്ട്. അനുവദിക്കപ്പെട്ട ഫണ്ടിന്റെ പകുതി പോലും വിനിയോഗിക്കാൻ കഴിയാതെ പോയത് എന്ത് കൊണ്ട് എന്ന ചോദ്യം പ്രസക്തമാണ്.രേഖകൾ പ്രകാരം 2020-2021 കാലയളവിൽ എൽ. ഡി. എഫ് സർക്കാരിന്റെ ആദ്യ വർഷം അനുവദിച്ച തുകയുടെ പകുതിയോടടുത്ത തുകയായ 52 കോടി രൂപ മാത്രമാണ് അനുവദിക്കപ്പെട്ടത്. അതിൽ 32 കോടി ചിലവഴിച്ചിട്ടുണ്ടെങ്കിലും ഏതാണ്ട് 20 കോടി രൂപ വിനിയോഗിക്കപ്പെടാതെ പോയി.
2017-21 വരെയുള്ള കാലഘട്ടത്തിൽ 325 കോടിയോളം അനുവദിച്ചപ്പോൾ 112 കോടിയോളം പാഴായി. ഒപ്പം 2018-21 കാലയളവിൽ ന്യൂനപക്ഷ ക്ഷേമത്തിന് അനുവദിച്ച തുകയുടെ പകുതിയോടടുത്ത തുക മാത്രമേ ചെലവഴിച്ചിട്ടുള്ളൂ .
മറ്റു സസ്ഥാനങ്ങളിൽ പ്രത്യേകിച്ച്, കർണാടകത്തിൽ ന്യൂനപക്ഷ വകുപ്പ് ഫണ്ട് 1700 കോടിയായി വർധിപ്പിച്ച സമയത്താണ് കേരളത്തിൽ വെട്ടിക്കുറച്ചത്. ഓഖി, രണ്ടു പ്രളയം, കോവിഡ് തുടങ്ങിയവയെല്ലാം ഫണ്ട് കുറച്ചതിനു ന്യായമായി ഉയർത്താമെങ്കിലും വകയിരുത്തിയതിൽ മൂന്നിലൊന്ന് പാഴായതിന് ഉത്തരമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.