കേരള മോഡൽ അട്ടിമറിക്കാൻ ഐ.എ.എസുകാർ; സർക്കാർ പരാജയം -എ.ഐ.ടി.യു.സി
text_fieldsകൊച്ചി: രാജ്യവും ലോകവും അംഗീകരിച്ച കേരള മോഡൽ വികസന മാതൃകക്ക് തുരങ്കംവെക്കാൻ ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരും സംസ്ഥാന പൊതുമേഖല സ്ഥാപന മാനേജ്മെന്റുകളും കുറുക്കുവഴി തേടുന്നുവെന്ന കുറ്റപ്പെടുത്തലുമായി എ.ഐ.ടി.യു.സി പ്രവർത്തന റിപ്പോർട്ട്. ഇടതുനയങ്ങളിൽ വെള്ളംചേർക്കുകയോ വ്യതിചലിക്കുകയോ ചെയ്യുന്ന സിവിൽ സർവിസിനെ കടിഞ്ഞാണിടുന്നതിൽ എൽ.ഡി.എഫ് സർക്കാർ പരാജയമാണെന്നും സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. തൊഴിൽ മേഖലയിൽ ഇടതുസമീപനങ്ങളിൽനിന്ന് വ്യതിചലിച്ചാണ് സർക്കാർ സ്ഥാപനങ്ങളുടെ പോക്ക്.
ജോലിഭാരം വർധിപ്പിച്ച് എങ്ങനെയും ലാഭം കൊയ്യുകയെന്നത് നവ ഉദാരവത്കരണ സമീപനമാണ്. ഇതാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരിലും മറ്റും വളഞ്ഞ വഴിയിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളിലെ ശമ്പളത്തിന് പൊതുഘടന എന്ന പേരിൽ ജീവനക്കാരെ പല തട്ടുകളിലാക്കി 2022 ഒക്ടോബർ 30ന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് ഏകപക്ഷീയവും തൊഴിലാളി വിരുദ്ധവുമാണ്. ഇത് ഇടതുഭരണത്തിൽ പാടില്ലാത്തതാണ്.
വിലക്കയറ്റം മൂലമുണ്ടാകുന്ന അധികബാധ്യത നിറവേറ്റാൻ ഗണ്യവിഭാഗം ജീവനക്കാരും ആശ്രയിക്കുന്ന ക്ഷാമബത്ത ആറ് ഗഡുക്കൾ നിഷേധിച്ചത് അനീതിയാണെന്നും എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.