കേരളത്തിൽ കാലവർഷം വൈകുമെന്ന് കാലാവസ്ഥ വകുപ്പ്
text_fieldsന്യൂഡൽഹി: കേരളത്തിൽ കാലവർഷമെത്താൻ വൈകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജൂൺ നാലിന് കേരളത്തിൽ കാലവർഷമെത്തുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനം. എന്നാൽ, ഇത് മൂന്ന് ദിവസമെങ്കിലും വൈകുമെന്നാണ് നിലവിൽ വകുപ്പിന്റെ വിലയിരുത്തൽ. സംസ്ഥാനത്ത് സാധാരണയായ ജൂൺ ഒന്ന് മുതലാണ് മൺസൂൺ ആരംഭിക്കുന്നത്.
സ്വകാര്യ കാലാവസ്ഥ സ്ഥാപനമായ സ്കൈമെറ്റ് ജൂൺ ഏഴിന് മൺസൂൺ എത്തുമെന്നാണ് പ്രവചിക്കുന്നത്. ഇതിൽ മൂന്ന് ദിവസത്തിന്റെ വരെ മാറ്റമുണ്ടാകാം. അതേസമയം, ഇന്ത്യയിൽ എപ്പോൾ മൺസൂൺ എത്തുമെന്നത് സംബന്ധിച്ച് സ്കൈമെറ്റ് പ്രവചനങ്ങളൊന്നും നടത്തിയിട്ടില്ല.
കാലവർഷം ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും വ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. കൂടാതെ അറബിക്കടലിൽ കാർമേഘങ്ങളും രൂപപ്പെട്ടു. അറബിക്കടലിൽ നാളെ രൂപപ്പെടുന്ന ചക്രവാതച്ചുഴി രണ്ട് ദിവസത്തിനുള്ളിൽ ന്യൂനമർദമായി മാറിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇതിന്റെ സ്വാധീന ഫലമായി കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ ശക്തമായ മഴ ഉണ്ടായേക്കും.
അതേസമയം ജൂണ്‍ ഏഴു വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 5ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ (24 മണിക്കൂറിൽ 7 -11 സെ.മീ) മഴയ്ക്കും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.