റെയിൽവേ: ലോക്സഭയിൽ പരാതികളുടെ കെട്ടഴിച്ച് കേരള എം.പിമാർ
text_fieldsസ്റ്റോപ്പുകൾ നിർത്തലാക്കിയതിനെതിരെ എൻ.കെ. പ്രേമചന്ദ്രൻ
ന്യൂഡൽഹി: ലോക്സഭയിൽ ബുധനാഴ്ച നടന്ന റെയിൽവേ നിയമങ്ങളുടെ ഭേദഗതി ബില്ലിൽ നടന്ന ചർച്ചയിൽ പരാതികളുടെ കെട്ടഴിച്ച് കേരള എം.പിമാർ. കോവിഡ് കഴിഞ്ഞപ്പോൾ നിരവധി സ്റ്റോപ്പുകൾ റെയിൽവേ ഏകപക്ഷീയമായി നിർത്തലാക്കിയത് നീതീകരിക്കാനാവാത്തതാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. നിർത്തലാക്കിയ മുഴുവൻ സ്റ്റോപ്പുകളും പുനഃസ്ഥാപിക്കണം. മുതിർന്ന പൗരന്മാർക്ക് കോവിഡിന് മുമ്പു നൽകിയിരുന്ന യാത്ര ആനുകൂല്യങ്ങളും ഇളവുകളും പുനഃസ്ഥാപിക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
ബുക്ക് ചെയ്ത യാത്രക്കാരുടെ ദുരനുഭവം ഉന്നയിച്ച് എം.കെ. രാഘവൻ
റിസർവ് ചെയ്ത കോച്ചിൽ ബുക്ക് ചെയ്യാത്ത യാത്രക്കാരെ കയറ്റിയതുമൂലം അമൃത്സർ -തിരുവനന്തപുരം സൂപ്പർ ഫാസ്റ്റിൽ 40 അംഗ മലയാളി യാത്രക്കാർക്ക് നേരിടേണ്ടിവന്ന ദുരനുഭവം ചർച്ചയിൽ എം.കെ. രാഘവൻ ഉന്നയിച്ചു. ബുക്ക് ചെയ്യാത്തവരെ വ്യാപകമായി കയറ്റി ബുക്ക് ചെയ്തവർക്ക് ഇരിക്കാൻ പോലും സാധിക്കാത്ത തരത്തിൽ ബുദ്ധിമുട്ടുണ്ടാക്കിയ ടി.ടി.ഇ ഉൾപ്പെടെയുള്ളവർക്കും പരാതി ഉന്നയിച്ചവരോട് അപമര്യാദയായി പെരുമാറിയ ആർ.പി.എഫുകാർക്കെതിരെയും നടപടി സ്വീകരിക്കണം. കൂടുതൽ ട്രെയിനുകൾ അനുവദിച്ച് റിസർവ്ഡ് യാത്രക്കാർക്കും നിത്യ യാത്രക്കാർക്കുമുണ്ടാവുന്ന ബുദ്ധിമുട്ട് പരിഹരിക്കണം. ശബരി പാത, നിലമ്പൂർ നഞ്ചങ്കോട് പാത, ഗുരുവായൂർ പാത എന്നിവ യാഥാർഥ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
സ്പെഷൽ ട്രെയിനും തിരൂരിൽ സ്റ്റോപ്പും അനുവദിക്കണം -സമദാനി
അവധിക്കാല തിരക്ക് പരിഹരിക്കാൻ കേരളത്തിലേക്ക് ഡൽഹിയിൽനിന്നടക്കം സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിക്കണമെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി ആവശ്യപ്പെട്ടു. ഷൊർണൂർ -കണ്ണൂർ റൂട്ടിൽ കൂടുതൽ മെമു സർവിസുകൾ ഏർപ്പെടുത്തണം. മികച്ച സ്റ്റേഷനുകളിൽ മുൻനിരയിലുള്ള തിരൂരിൽ പ്രധാനപ്പെട്ട ട്രെയിനുകൾ നിർത്താത്തതിന് നീതീകരണമില്ല. തീരദേശ സ്റ്റേഷനായ താനൂരിനെ അമൃത ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തണം. പള്ളിപ്പുറത്തിനും തിരുനാവായക്കും പ്രത്യേക സഹായം അനുവദിക്കണം. പരപ്പനങ്ങാടി, താനൂർ, തിരുനാവായ, കുറ്റിപ്പുറം, പള്ളിപ്പുറം എന്നിവിടങ്ങളിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്നും സമദാനി ആവശ്യപ്പെട്ടു.
കേരള സർക്കാറിനെതിരെ ധർണയിരിക്കാൻ തരൂരിനോട് മന്ത്രി
തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ തിരക്ക് കുറക്കാൻ സഹായിക്കുന്ന നേമം പദ്ധതിക്ക് കാലതാമസവും ഫണ്ടിന്റെ അപര്യാപ്തതയും സംബന്ധിച്ച് ശശി തരൂർ ഉന്നയിച്ചപ്പോൾ ഭൂമി ഏറ്റെടുത്ത് നൽകാൻ ധർണയിരിക്കണമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിലെ പ്രശ്നം ഫണ്ടല്ല. ഭൂമി ഏറ്റെടുക്കുന്നതിനായി ഞങ്ങൾ ഇതിനകം 2150 കോടി രൂപ നൽകി. ഏറെ സ്വാധീനമുള്ള ശശി തരൂർ സംസ്ഥാന സർക്കാറിനെതിരെ ധർണ നടത്തി ഭൂമി ഏറ്റെടുക്കുന്നുവെന്ന് ഉറപ്പാക്കാൻ അഭ്യർഥിക്കുന്നതായി മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.