ശ്രീറാം വെങ്കിട്ടരാമൻ: കേരള മുസ്ലിം ജമാഅത്ത് നടത്തിയ സംസ്ഥാന വ്യാപക മാർച്ചിൽ പ്രതിഷേധമിരമ്പി
text_fieldsതിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ച സർക്കാർ നടപടിക്കെതിരെ പ്രതിഷേധം അലയടിച്ചു. കാന്തപുരം വിഭാഗം നേതൃത്വം നൽകുന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തിയത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളിൽ കലക്ടറേറ്റുകളിലേക്കുമാണ് പ്രതിഷേധ മാർച്ച് നടത്തിയത്.
തിരുവനന്തപുരത്ത് പാളയത്ത് നിന്ന് ആരംഭിച്ച മാർച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീൻ ഹാജി ഉദ്ഘാടനം ചെയ്തു.
കൊല്ലത്ത് ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, ഇടുക്കിയിൽ അബ്ദുൽ കരീം സഖാഫി, പത്തനംതിട്ടയിൽ നിസാമുദ്ദീൻ ഫാളിലി, കോട്ടയത്ത് ലബീബ് സഖാഫി, എറണാകുളത്ത് അബ്ദുൽ ജ ബ്ബാർ സഖാഫി, തൃശൂരിൽ എം എം ഇബ്‌റാഹീം, പാലക്കാട്ട് ഉമർ ഓങ്ങല്ലൂർ, മലപ്പുറത്ത് വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി, കോഴിക്കോട്ട് എൻ അലി അബ്ദുല്ല, വയനാട്ടിൽ ശറഫുദ്ദീൻ അഞ്ചാംപീടിക, കണ്ണൂരിൽ എം കെ ഹാമിദ് മാസ്റ്റർ, കാസർകോട്ട് സി എൻ ജഅ്ഫർ എന്നിവർ അഭിസംബോധന ചെയ്തു.
സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധ പരിപാടികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഘടനയുടെ പ്രവാസി ഘടകമായ ഇന്ത്യൻ കൾച്ചറൽ ഫോറം (ഐ.സി.എഫ്) ഇന്ന് രാത്രി വിവിധ രാഷ്ട്രങ്ങളിലായി 65 കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ നടത്തുന്നുണ്ട്. പ്രതിഷേധ പരിപാടികളെ സംസ്ഥാന, ജില്ലാ നേതാക്കൾ അഭിവാദ്യം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.