മതത്തെ തെറ്റിദ്ധരിപ്പിക്കുന്ന അതിതീവ്ര സംഘമാണ് താലിബാനെന്ന് കെ.എൻ.എം
text_fieldsകോഴിക്കോട്: മതത്തെ അതിതീവ്രമായി അവതരിപ്പിക്കുന്ന എല്ലാ അതിവാദസംഘങ്ങളെയും ബൗദ്ധികമായി പ്രതിരോധിക്കുന്നതിൽ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്‍റ് ടി.പി അബ്ദുല്ലക്കോയ മദനി ആവശ്യപ്പെട്ടു. താലിബാന്‍റെ നാളിതു വരെയുള്ള ചരിത്രം അത്യന്തം അപകടകരമാണെന്നും ആശയതലത്തിൽ കാര്യമായ ഒരു മാറ്റവും അവർ ആധികാരികമായി പ്രകടമാക്കിയിട്ടില്ലെന്നും കെ.എൻ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
പല തരത്തിലുള്ള ഊഹങ്ങളും അർധസത്യങ്ങളും മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുമുണ്ട്. അഫ്ഗാനിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങൾ നടുക്കമുളവാക്കുന്നതാണ്. താലിബാൻ ഭരണത്തെ ജനങ്ങൾ ഭയപ്പെടുന്നുവെന്നതിന്റെ ഒട്ടേറെ തെളിവുകൾ പുറത്ത് വരുകയും ചെയ്തിരിക്കുന്നു. ആയുധങ്ങൾ കൊണ്ട് നിരപരാധികളെ ഭയപ്പെടുത്തുന്നതും ഇസ്‌ലാമിനെ തെറ്റായി വ്യഖ്യാനിച്ച് അപരിഷ്കൃത നയങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്ന പ്രവണത അംഗീകരിക്കാനാവില്ല. അൽഖാഇദ, ഐ.എസ് തുടങ്ങിയഭീകരസംഘങ്ങളുമായുള്ള താലിബാന്‍റെ ചങ്ങാത്തം ഭയപ്പെടുത്തുന്നതാണ്. താലിബാന്‍റെ നീക്കങ്ങളുംഭീകരസംഘങ്ങളുമായുള്ള കൂട്ടുകൂടലും അവരുടെ പക്ഷത്തെ ന്യായീകരണങ്ങളെ പോലും പൂർണമായും റദ്ദ് ചെയ്യുന്നതാണ്.
മധ്യപൗരസ്ത്യ ദേശത്ത് ഭീതി വിതക്കുകയും മുസ്‌ലിം രാഷ്ട്രങ്ങളെ ആക്രമിക്കുകയും ചെയ്യുന്ന മിലിറ്റന്റ് ഗ്രൂപ്പുകളോടുള്ള താലിബാന്‍റെ അയഞ്ഞ സമീപനവും കൂടുതൽ സംശയത്തിനും ദുരൂഹതക്കും കാരണമാകുന്നതാണ്.അഫ്ഗാനെ തീവ്രഗ്രൂപ്പുകളുടെ മേച്ചിൽ സ്ഥലമാക്കി നിലനിർത്താനും അതുവഴി ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തേജോവധം ചെയ്യാനും അമേരിക്കയും സഖ്യകക്ഷികളും ഒരുക്കുന്ന നാടകമാണ് ഇപ്പോൾ അഫ്ഗാനിൽ അരങ്ങേറുന്നത്.നീണ്ട ഇരുപതു വർഷത്തെ അമേരിക്കൻ അധിനിവേശം വമ്പിച്ച പരാജയമായിരുന്നു എന്നു ലോകം മനസ്സിലാക്കുകയാണ്. ഭീകരസംഘങ്ങളെയും ഇസ്‌ലാമിനെയും കൂട്ടിക്കെട്ടി ഉപന്യസിക്കാനുള്ള ഇസ്‌ലാം വിരുദ്ധ ശക്തികളുടെ ദുഷ്ടലാക്ക് തിരിച്ചറിയണം.
ലോകത്തെ സൂക്ഷമ ന്യൂനപക്ഷം ചെയ്യുന്ന അരുതായ്മകൾക്ക് മുസ്‌ലിംകളെ മൊത്തം അധിക്ഷേപിക്കുന്ന രീതി അംഗീകരിക്കാനാവില്ല.അതോടൊപ്പം, അതി തീവ്ര സ്വഭാവമുള്ള മിലിറ്റന്‍റ് ഗ്രൂപ്പുകളുടെ കെണി തിരിച്ചറിഞ്ഞു പുതു തലമുറയെ സംരക്ഷിക്കേണ്ട ബാധ്യത മുസ്‌ലിം സമുദായനേതാക്കൾ കൈകൊള്ളണമെന്നും ടി പി അബ്ദുല്ലകോയ മദനി ആവശ്യപ്പെട്ടു. തീവ്ര ഗ്രൂപ്പുകളുടെ കേന്ദ്രമായി അഫ്ഗാൻ മാറുന്നത് ലോകമെമ്പാടുമുള്ള മുസ്‌ലിംകൾക്ക് ഏറ്റവും വലിയ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.