മുജാഹിദ് ലയന സമ്മേളനം ജനുവരിയില്‍ കോഴിക്കോട്ട്
text_fieldsകോഴിക്കോട്: പരസ്പരം പോരടിച്ചു കഴിയുന്ന ഇരുവിഭാഗം മുജാഹിദ് സംഘടനകള്‍ തമ്മിലെ ഐക്യം യാഥാര്‍ഥ്യത്തിലേക്ക്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഐക്യപ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട്ട് ചേര്‍ന്ന കെ.എന്‍.എം ഒൗദ്യോഗിക വിഭാഗത്തിന്‍െറ സമ്പൂര്‍ണ സംസ്ഥാന കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. ഇതോടെ ഐക്യദൗത്യം അവസാന ഘട്ടത്തിലത്തെി നില്‍ക്കുകയാണ്. ജനുവരി ആദ്യം കോഴിക്കോട്ട് ഇരുവിഭാഗവും യോജിച്ച് ഐക്യസമ്മേളനം ചരിത്ര സംഭവമായി നടത്താനാണ് ഇരു നേതൃത്വങ്ങളും ആലോചിക്കുന്നത്. ടി.പി. അബ്ദുല്ലക്കോയ മദനി നേതൃത്വം നല്‍കുന്ന കെ.എന്‍.എം (കേരള നദ് വത്തുല്‍ മുജാഹിദീന്‍) ഒൗദ്യോഗിക വിഭാഗവും സി.പി. ഉമര്‍ സുല്ലമിയുടെ നേതൃത്വത്തിലെ കെ.എന്‍.എം (മര്‍ക്കസുദ്ദഅ് വ) വിഭാഗവുമാണ് അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ഒന്നിക്കുന്നത്.
ഞായറാഴ്ച കോഴിക്കോട് സി.ഡി ടവറില്‍ ചേര്‍ന്ന കെ.എന്‍.എം ഒൗദ്യോഗിക വിഭാഗത്തിന്‍െറ സമ്പൂര്‍ണ കൗണ്‍സില്‍ യോഗത്തില്‍ അബ്ദുറഹ്മാന്‍ സലഫിയാണ് ഐക്യപ്രമേയം അവതരിപ്പിച്ചത്. കൗണ്‍സില്‍ അംഗങ്ങളില്‍ നിന്നുയര്‍ന്ന സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി മറുപടി നല്‍കി. മുന്‍ ഉപാധികളൊന്നുമില്ലാതെയാണ് ലയനം നടക്കാന്‍ പോകുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. 2002ല്‍ മുജാഹിദ് പണ്ഡിതസഭയായ കേരള ജംഇയ്യതുല്‍ ഉലമ എടുത്ത തീരുമാനത്തോടും അതിനു മുമ്പ് സംഘടന അനുവര്‍ത്തിച്ചുവന്ന നിലപാടുകളോടും ഉപാധികളില്ലാതെ യോജിച്ചു പ്രവര്‍ത്തിക്കുവാന്‍ തയാറാണെന്ന് മറുവിഭാഗം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മടവൂര്‍ വിഭാഗത്തിന്‍െറ കൈവശമുള്ള മുഴുവന്‍ സ്ഥാപനങ്ങളും പിളര്‍പ്പിനുശേഷം സ്ഥാപിച്ചവയും ഉള്‍പ്പെടെ എല്ലാം കെ.എന്‍.എമ്മിനെ ഏല്‍പിക്കും. പരസ്പരം ലയിക്കുന്നതോടെ സംഘടനക്രമീകരണം എങ്ങനെയാവണമെന്നതിനെ കുറിച്ച് ചര്‍ച്ച പുരോഗമിക്കുകയാണെന്നും അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി.
ലയനത്തിന്‍െറ ആവശ്യകത പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താന്‍ കെ.എന്‍.എം സമ്പൂര്‍ണ പ്രവര്‍ത്തക സംഗമം ഡിസംബര്‍ 26ന് പെരിന്തല്‍മണ്ണയില്‍ നടക്കും. ശിഫ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന സംഗമത്തില്‍ സംഘടനയുടെ ശാഖ, മണ്ഡലം, ജില്ല ഭാരവാഹികളാണ് പങ്കെടുക്കുക. ഐക്യസന്ദേശം താഴെതലത്തിലേക്കത്തെിക്കാന്‍ മുജാഹിദ് മടവൂര്‍ വിഭാഗത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. സംഘടനയുടെ സംസ്ഥാന എക്സിക്യൂട്ടിവും സമ്പൂര്‍ണ കൗണ്‍സില്‍ യോഗവും പ്രതിനിധി സമ്മേളനവും കഴിഞ്ഞയാഴ്ചകളില്‍ നടന്നിരുന്നു.
ജനുവരിയില്‍ നടക്കുന്ന ലയന സമ്മേളനത്തിന് മുന്നോടിയായി ഡിസംബര്‍ അവസാനം ഇരുവിഭാഗത്തിന്‍െറയും സംയുക്ത കൗണ്‍സില്‍ വിളിച്ചുചേര്‍ക്കും. സംയുക്ത കൗണ്‍സിലില്‍ വെച്ചാണ് ലയന സമ്മേളനം പ്രഖ്യാപിക്കുക. മുജാഹിദ് പിളര്‍പ്പില്‍ മനംനൊന്ത് ഇരുവിഭാഗത്തിലും ചേരാതെ മാറിനില്‍ക്കുന്ന നേതാക്കളെയും പ്രവര്‍ത്തകരെയും സംഘടനയിലേക്കടുപ്പിക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്യുമെന്നും യോഗത്തില്‍ വിശദീകരണമുണ്ടായി. ആശയപരമായ വിയോജിപ്പുമായി ബന്ധപ്പെട്ട് 2013ല്‍ കെ.എന്‍.എമ്മില്‍നിന്ന് നടപടിക്ക് വിധേയരായി വിഘടിച്ചുനില്‍ക്കുന്ന വിഭാഗത്തോട് എന്തു നിലപാട് സ്വീകരിക്കണമെന്ന കാര്യം സംഘടന ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല.
ഫറോക്കില്‍ നടന്ന സംസ്ഥാന സമ്മേളനത്തിനുശേഷമാണ് മുജാഹിദ് യുവജന വിഭാഗമായ ഐ.എസ്.എമ്മിന്‍െറയും വിദ്യാര്‍ഥി വിഭാഗമായ എം.എസ്.എമ്മിന്‍െറയും ശാഖതലം തൊട്ട് സംസ്ഥാനതലം വരെയുള്ള മുഴുവന്‍ കമ്മിറ്റികളെയും കെ.എന്‍.എം പിരിച്ചുവിട്ടത്. ഈ വിഭാഗം ഇപ്പോള്‍ വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് വിഷന്‍ എന്ന പേരില്‍ പ്രബോധന സേവന സംഘടനയുണ്ടാക്കി പ്രവര്‍ത്തിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.