കേരളത്തിലെ ദേശീയപാത വിഷയം പാർലമെന്ററി സമിതിയിൽ
text_fieldsന്യൂഡൽഹി: കേരളത്തിൽ ദേശീയപാത 66 വീതി കൂട്ടുന്നതിനെ തുടർന്ന് ഒട്ടേറെ പ്രദേശങ്ങളിൽ ജനങ്ങൾക്കുണ്ടായിരിക്കുന്ന പരാതികൾ പരിഹരിക്കാൻ നിർമാണ പ്രവർത്തനം അവസാനിക്കുന്ന ഈ അവസാന ഘട്ടത്തിലെങ്കിലും നടപടി വേണമെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി പാർലമെന്ററി സമിതിയിൽ ആവശ്യപ്പെട്ടു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കേരളം പോലുള്ള സ്ഥലങ്ങൾക്ക് ജനവാസം പരിഗണിച്ചുകൊണ്ടുള്ള പ്രത്യേകമായ പ്ലാനും റോഡ് ഡിസൈനിങ്ങുമാണ് വേണ്ടതെന്നും ഉപരിതല ഗതാഗതവകുപ്പിന്റെ പാർലമെന്ററി സ്ഥിര സമിതി യോഗത്തിൽ അദ്ദേഹം നിർദേശിച്ചു.
ദേശീയപാത വികസനം കേരളത്തിന് അനിവാര്യവും ജനങ്ങൾ സ്വാഗതം ചെയ്തതുമാണ്. എന്നാൽ, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിലൂടെ വൻ ഗതാഗത പദ്ധതി വരുമ്പോൾ അത് അവരുടെ ദൈനംദിന ജീവിതത്തെയും സഞ്ചാരസൗകര്യത്തെയും ബാധിക്കാത്ത രീതിയിലായിരിക്കണം ആസൂത്രണം ചെയ്യേണ്ടത്. കേരളത്തിൽ ദേശീയപാത വികസനത്തെത്തുടർന്ന് മാർക്കറ്റിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ശ്മശാനങ്ങളിലേക്കുമുള്ള ജനങ്ങളുടെ സഞ്ചാരത്തിന് പലയിടത്തും തടസ്സങ്ങളുണ്ടായി. അതിന് പരിഹാരമെന്ന നിലക്ക് വേണ്ടത്ര അടിപ്പാതകളും മേൽപ്പാതകളും അനുവദിക്കാൻ നടപടിയുണ്ടായില്ല. ഇത്തരം കാര്യങ്ങളിൽ എം.പിമാർ അടക്കമുള്ള ജനപ്രതിനിധികളെ കൂടി കേട്ടുകൊണ്ടും ഉൾക്കൊണ്ടുകൊണ്ടുമായിരിക്കണം ആസൂത്രണം നടത്തേണ്ടതെന്നും സമദാനി നിർദേശിച്ചു.
ദേശീയപാതക്കുവേണ്ടി മണ്ണ് എടുക്കുകയും നിരത്തുകയും ചെയ്യുന്ന സ്ഥലങ്ങളിൽ അതുണ്ടാക്കുന്ന സാമൂഹിക, പാരിസ്ഥിതികാഘാതങ്ങളും പരിഗണിക്കണം.
വർഷത്തിൽ പകുതിയിലേറെക്കാലം മഴപെയ്യുന്ന കേരളത്തിൽ പരിസ്ഥിതി പ്രശ്നങ്ങളെ അവഗണിച്ചുകൂടാത്തതാണ്. സ്ഥിര സമിതി ചെയർമാൻ സഞ്ജയ് കുമാർ ഝാ അധ്യക്ഷത വഹിച്ച യോഗത്തിൽ അംഗങ്ങളായ എം.പിമാർക്ക് പുറമെ, ഗതാഗത മന്ത്രാലയ സെക്രട്ടറിയും ദേശീയപാത അതോറിറ്റി ചെയർമാൻ അടക്കമുള്ള ഉപരിതല ഗതാഗത വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.