'ഹുസൈൻ മടവൂർ പണ്ട് തീവ്രവാദം പറഞ്ഞിട്ടുള്ളയാൾ'; അധിക്ഷേപവുമായി വെള്ളാപ്പള്ളി
text_fieldsആലപ്പുഴ: കേരള നവോത്ഥാന സമിതിയിൽ നിന്ന് രാജിവെച്ച വൈസ് ചെയർമാൻ ഡോ. ഹുസൈൻ മടവൂരിനെ അധിക്ഷേപിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മോങ്ങാനിരുന്ന പട്ടീടെ തലേല്‍ തേങ്ങ വീണെന്നാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി വെള്ളാപ്പള്ളി അധിക്ഷേപിച്ചത്.
ഹുസൈൻ മടവൂർ പണ്ട് മുസ് ലിംകളെ പറ്റി തീവ്രവാദം പറഞ്ഞിട്ടുള്ള ആളാണ്. നവോത്ഥാന സമിതിയിൽ ഇരിക്കാൻ അദ്ദേഹം അർഹനല്ല. അക്കാര്യം അദ്ദേഹത്തിനറിയാം. സമിതിയിൽ നിന്ന് രാജിവെക്കാൻ ആഗ്രഹിച്ചവനാണ്. താനൊരു സത്യം പറഞ്ഞപ്പോൾ ഒരു കാരണം കണ്ടുപിടിച്ച് രാജിവെക്കുകയായിരുന്നു. അദ്ദേഹം രാജിവെച്ചാൽ തനിക്കൊന്നുമില്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
ഹുസൈൻ മടവൂർ രാജിവെച്ചത് കൊണ്ട് നവോത്ഥാന സമിതിക്ക് ഒരു ഇളക്കവും തട്ടില്ല. പിണറായി വിജയൻ പറഞ്ഞാൽ ഇനിയും താൻ പോകും. ഏത് വമ്പൻ രാജിവെച്ചാലും സമിതിയിൽ നിന്ന് താൻ രാജിവെക്കില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
മുസ്‌ലിം സമുദായം സർക്കാറിൽ നിന്ന് അവിഹിതമായി പലതും നേടിയെടുക്കുന്നുവെന്ന ചെയർമാൻ വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് നവോത്ഥാന സമിതിയിൽ നിന്ന് വൈസ് ചെയർമാൻ ഹുസൈൻ മടവൂർ രാജിവെച്ചത്. ഇടതു സർക്കാർ മുസ്‌ലിം പ്രീണനം നടത്തിയതു കൊണ്ടാണ് ഈഴവർ ഇടതുപക്ഷത്തെ കൈയൊഴിഞ്ഞതെന്നും അതാണ് തെരഞ്ഞെടുപ്പിൽ കണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
ഒരുപാട് സമുദായങ്ങൾ ഉള്ള സമിതിയാണിതെന്നും നവോത്ഥാന സമിതിയുടെ ചെയർമാനായ വെള്ളാപ്പള്ളി മറ്റൊരു സമുദായത്തെക്കുറിച്ച് ഇങ്ങനെ പറയുന്നത് സങ്കടകരമാണെന്നും ഹുസൈൻ മടവൂർ ചൂണ്ടിക്കാട്ടിയിരുന്നു. ആ സങ്കടം ബോധ്യപ്പെടുത്താനാണ് വൈസ് ചെയർമാൻ സ്ഥാനം രാജിവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.