കേരളത്തിന് വേണ്ടത് 10,000 ടൺ കരിമീൻ; ഉൽപാദനം 2000 ടൺ മാത്രം
text_fieldsകൊച്ചി: കേരളത്തിലെ കരിമീൻ ഉൽപാദനം വർധിപ്പിക്കാൻ സംസ്ഥാന സർക്കാറിെൻറ സഹകരണം തേടി കേന്ദ്ര ഗവേഷണ സ്ഥാപനം.
അനുകൂല ഘടകങ്ങളുണ്ടായിട്ടും കൃഷിയിലൂടെയുള്ള കരിമീൻ ഉൽപാദനത്തിൽ കേരളം ഏറെ പിന്നിലാണെന്ന് ചെന്നൈ ആസ്ഥാനമായ കേന്ദ്ര ഓരുജലകൃഷി ഗവേഷണ സ്ഥാപനം (ഐ.സി.എ.ആർ-സിബ) ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് പ്രതിവർഷം 10,000 ടൺ കരിമീൻ വേണ്ടിടത്ത് 2000 ടൺ മാത്രമാണ് ഉൽപാദിപ്പിക്കുന്നതെന്നാണ് സിബ കണ്ടെത്തൽ.
ഏറെ ആവശ്യക്കാരും മികച്ച വിപണി മൂല്യവുമുള്ള (കിലോക്ക് ശരാശരി 500 രൂപ) കേരളത്തിെൻറ ദേശീയ മത്സ്യമായ കരിമീൻ ഉൽപാദനത്തിലൂടെ കർഷകർക്കും സംസ്ഥാനത്തിനും മികച്ച നേട്ടം കൊയ്യാനാകുമെന്ന് ഗവേഷകർ വിലയിരുത്തുന്നു.
കേരളത്തിലെ ഓരുജലാശയങ്ങൾ ശരിയായി ഉപയോഗപ്പെടുത്താൻ സർക്കാർ സഹകരണത്തോടെയുള്ള പദ്ധതികൾ സഹായകമാകുമെന്ന് കരിമീൻ കർഷകർക്കായി സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കവെ സിബ ഡയറക്ടർ ഡോ. കെ.കെ. വിജയൻ പറഞ്ഞു.
മതിയായ ശാസ്ത്രീയ ഹാച്ചറി സംവിധാനങ്ങൾ ഇല്ലാത്തതിനാൽ കർഷകർക്ക് യഥാസമയം ആവശ്യമായത്ര വിത്തുകൾ ലഭ്യമാകുന്നില്ല. ഇതാണ് സംസ്ഥാനത്ത് കരിമീൻ കൃഷി മേഖല വികസിക്കാത്തതിനു കാരണം. കർഷകരുടെ ഏകോപനമില്ലായ്മയും ശാസ്ത്രീയ കൃഷിരീതികൾ അവലംബിക്കാത്തതും കരിമീൻ കൃഷിയെ ദോഷകരമായി ബാധിക്കുന്നു.
നിലവിൽ കരിമീന് 200 ഗ്രാം എങ്കിലും തൂക്കം ലഭിക്കാൻ ഒരു വർഷം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. വളർച്ചനിരക്ക് കൂട്ടാൻ സെലക്ടിവ് ബ്രീഡിങ് സാങ്കേതിക വിദ്യ വികസിപ്പിക്കേണ്ടതുണ്ട്. ഇതിന് അഞ്ചു വർഷമെങ്കിലും എടുക്കും.
അഞ്ച് മുതൽ 10 കോടിവരെ ചെലവും ആവശ്യമാണ്. സെലക്ടിവ് ബ്രീഡിങ് വഴി വികസിപ്പിച്ച ഗിഫ്റ്റ് തിലാപ്പിയ കേരളത്തിൽ കൃഷി ചെയ്യാൻ തുടങ്ങിയതോടെ കർഷകർക്ക് കൂടുതൽ ലാഭകരമായി.
ഹാച്ചറി സംവിധാനങ്ങളും കൃത്രിമ തീറ്റ നിർമാണ കേന്ദ്രങ്ങളും ഒരുക്കൽ, കർഷക കൂട്ടായ്മകൾ രൂപവത്കരിക്കൽ എന്നിവക്ക് സർക്കാർ രൂപരേഖ തയാറാക്കിയാൽ ശാസ്ത്ര-സാങ്കേതിക സഹായം നൽകാൻ സിബ ഒരുക്കമാണെന്ന് ഡയറക്ടർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.