മഴക്കുറവ് കാർഷികോൽപാദനത്തെ സാരമായി ബാധിച്ചെന്ന്
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് കഴിഞ്ഞവർഷത്തെ മഴലഭ്യതയിലുണ്ടായ കുറവ് വിവിധ കാർഷികവിളകളുടെ ഉൽപാദനത്തെ സാരമായി ബാധിച്ചതായി ജലവിഭവ വിനിയോഗ വികസന കേന്ദ്രം (സി.ഡബ്ല്യൂ.ആർ.ഡി.എം) മേധാവിയുടെ റിപ്പോർട്ട്. തെങ്ങ്, റബർ, ജാതി, ഏലം, കുരുമുളക് തുടങ്ങി സംസ്ഥാനത്തെ പ്രധാന വിളകളെയെല്ലാം വരൾച്ച കടുത്തതോതിൽ ബാധിെച്ചന്നാണ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഇ.ജെ ജോസഫിെൻറ വ്യക്തിഗത പഠനത്തിൽ വ്യക്തമാക്കുന്നത്.
കഴിഞ്ഞവർഷത്തെ കഠിന ചൂടും വരൾച്ചയുമാണ് ഈ വർഷത്തെ കാർഷികോൽപാദനത്തെ ബാധിച്ചതെന്നും അടുത്ത മൂന്നര വർഷത്തെ ഉൽപാദനത്തിൽ ഈ കുറവ് തുടരുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാന വിളകളിലൊന്നായ തെങ്ങിനെയാണ് മഴക്കുറവ് രൂക്ഷമായി ബാധിച്ചത്.
മുൻവർഷത്തെ അപേക്ഷിച്ച് വിളവിൽ 30-.35 ശതമാനം കുറവ് ഇത്തവണയുണ്ടായി. ഇപ്പോഴത്തെ വരൾച്ച അടുത്തവർഷത്തെ ഉൽപാദനത്തിലും പ്രതിഫലിക്കുമെന്നാണ് സൂചന. റബർ കർഷകരെ കണ്ണീരിലാഴ്ത്തി റബർപാൽ ഉൽപാദനത്തിലും ക്രമാതീതമായ കുറവുണ്ടായതായി വ്യക്തമായിട്ടുണ്ട്. ജാതിക്ക ഉൽപാദനത്തെയും കടുത്തചൂട് കാര്യമായി ബാധിച്ചു. 30 മുതൽ 40 ശതമാനം വരെ കുറവാണ് ഈ വിളവിൽ ഉണ്ടായത്. ഉൽപാദന സമയത്ത് മഴ കൃത്യമായി പെയ്യാതിരുന്നതുമൂലം ഉൽപാദനത്തിൽ കാര്യമായ കുറവു വന്ന മറ്റൊരു വിളവാണ് കുരുമുളക്. 15 ശതമാനം വരെ ഉൽപാദനക്കുറവാണ് കുരുമുളകിനുണ്ടായത്. തിരികളിൽ കുരുമുളക് മണികൾ കൊഴിഞ്ഞുപോവുകയും വലുപ്പം കുറയുകയും ചെയ്തിട്ടുണ്ട്. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ഇലകൾക്ക് മഞ്ഞളിപ്പ് ബാധിച്ച് വള്ളി ഉണങ്ങാൻ സാധ്യതയുമുണ്ട്. ഏലം, അടക്ക എന്നിവയുടെയും ഉൽപാദനത്തിൽ ഇതുപോലെ കുറവു വന്നിട്ടുണ്ട്.
കഴിഞ്ഞവർഷം ദേശീയ ശരാശരിയെക്കാൾ കൂടുതൽ മഴ കേരളത്തിൽ ലഭിച്ചെങ്കിലും സാധാരണ കിട്ടുന്നതിനെക്കാൾ 36 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
2924.7 മില്ലിമീറ്റർ ലഭിക്കേണ്ടിടത്ത് 1869.5 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കാലവർഷവും തുലാവർഷവും ചേർത്ത് 2520 മില്ലിമീറ്റർ ലഭിക്കേണ്ടിടത്ത് 1539 മില്ലിമീറ്ററാണ് ലഭിച്ചത്. 39 ശതമാനം കുറവുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.