സ്വാതന്ത്ര്യസമരത്തിൽ അണിനിരക്കാത്തവർ ചേരിതിരിവിന് ശ്രമിക്കുന്നു -നിയമസഭ
text_fieldsതിരുവനന്തപുരം: ഇന്ത്യന്‍ ജനതയെ ചേരിതിരിക്കാനും ഒരുമയെ തകര്‍ക്കാനുമുള്ള ശ്രമങ്ങള്‍ക്ക് പിന്നിൽ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ അണിചേരാതിരുന്ന ശക്തികളാണെന്ന് കേരള നിയമസഭ. അത്തരം ശ്രമങ്ങളെയും ശക്തികളെയും ചെറുക്കേണ്ടതും പരാജയപ്പെടുത്തേണ്ടതും ഇന്ത്യയെ ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്കായി നിലനിര്‍ത്തേണ്ടതിന് ഒഴിച്ചുകൂടാനാവാത്തതാണെന്ന് നിയമസഭ കരുതുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച് ഐകകണ്േഠ്യന പാസാക്കിയ പ്രമേയത്തിൽ പറയുന്നു. തിങ്കളാഴ്ച ആരംഭിച്ച സമ്മേളനത്തിന്റെ ആദ്യദിനത്തിലാണ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 സംവത്സരങ്ങൾ അനുസ്മരിച്ച് പ്രമേയം അംഗീകരിച്ചത്.
ഒരുമയെ തകർക്കുന്ന ശ്രമങ്ങൾ ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്നും സ്വതന്ത്ര ഇന്ത്യക്കായി പൊരുതിയ ധീരദേശാഭിമാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്നും നിയമസഭയിലെ ഓരോ അംഗവും പ്രതിജ്ഞ എടുക്കുന്നതായി പ്രമേയത്തിൽ പറയുന്നു. വൈദേശിക ആധിപത്യത്തിന് അവസാനം കുറിക്കാന്‍ തക്കവണ്ണം ഇന്ത്യയുടെ സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ശക്തി പകര്‍ന്നത് സർവരെയും ഉള്‍ക്കൊള്ളുന്ന 'നാനാത്വത്തില്‍ ഏകത്വം' എന്ന മഹത്തായ കാഴ്ചപ്പാടായിരുന്നു. ഇതിന് വിരുദ്ധമായ നീക്കമാണ് രാജ്യത്താകമാനം ഇപ്പോൾ നടക്കുന്നത്.
ഇന്ത്യയിലെ വിവിധ പ്രദേശങ്ങളെയും അവയുടെ സമ്പന്നമായ സംസ്കാരങ്ങളെയും നിരവധി ഭാഷകളെയും വ്യത്യസ്ത ധാരകളില്‍പ്പെട്ടതും സാമ്രാജ്യത്വവിരുദ്ധ നിലപാട് സ്വീകരിച്ചതുമായ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളെയും മതവിശ്വാസികളെയും മതവിശ്വാസികളല്ലാത്തവരെയും ഉള്‍ക്കൊള്ളുന്നതായിരുന്നു മഹത്തായ സ്വാതന്ത്ര്യപ്രസ്ഥാനം. അതില്‍ പങ്കെടുത്ത ആദിവാസികള്‍, ദലിതര്‍, യുവജനങ്ങള്‍, വിദ്യാർഥികള്‍, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, തൊഴിലാളികള്‍, സ്ത്രീകള്‍ തുടങ്ങി എല്ലാ ജനവിഭാഗങ്ങളെയും അഭിവാദ്യം ചെയ്യുന്നു. അവരുടെ ബഹുജന പ്രക്ഷോഭങ്ങള്‍ മുന്നോട്ടുവെച്ചതും ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനമാകെ ഉയര്‍ത്തിപ്പിടിച്ചതുമായ മൂല്യങ്ങള്‍ അടങ്ങിയ ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷണത്തിനായി നിലകൊള്ളാന്‍ പ്രതിജ്ഞാബദ്ധമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം.ബി. രാജേഷ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, വിവിധ കക്ഷിനേതാക്കൾ എന്നിവർ സംസാരിച്ചു. ഇതിന് ശേഷമാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചതും സഭ അംഗീകരിച്ചതും. മറ്റ് നടപടികൾ ഇല്ലാതെ തിങ്കളാഴ്ചത്തേക്ക് സഭ പിരിഞ്ഞു.
ചരിത്രപാഠങ്ങൾ ഉൾക്കൊള്ളണം -സ്പീക്കർ
തിരുവനന്തപുരം: ചരിത്രത്തിന്റെ വീരേതിഹാസങ്ങൾ അയവിറക്കാൻ മാത്രമല്ല, പ്രത്യേക നിയമസഭ സമ്മേളനം ചേർന്നതെന്നും ചരിത്രത്തിൽനിന്നുള്ള പാഠങ്ങൾ വർത്തമാനകാലത്ത് പ്രയോഗിക്കാനും ഇതുവഴി ഭാവിയെ നിർമിക്കാനുമാണെന്നും സ്പീക്കർ എം.ബി. രാജേഷ്. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ചേർന്ന പ്രത്യേക നിയമസഭ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷമായ ജനകീയ ഐക്യമാണ് സ്വാതന്ത്ര്യപ്രക്ഷാഭത്തിന്റെ പ്രധാന പാഠം. ഇത്തരത്തിൽ ഉജ്ജ്വലവും തിളക്കവുമാർന്ന നിരവധി ഉദാഹരണങ്ങൾ കാണാൻ കഴിയും. ഒന്നാം സ്വാതന്ത്ര്യ സമരത്തിനൊടുവിൽ കലാപകാരികൾ ഡൽഹിയിൽ ഏതാനും ദിവസത്തേക്ക് അധികാരം പിടിച്ചപ്പോൾ മുഗൾ രാജവംശത്തിലെ അവസാന ചക്രവർത്തിയായിരുന്ന ബഹദൂർഷാ സഫറിനെ അവരോധിക്കാൻ വിഭാഗീയത തടസ്സമായില്ല. ജാലിയൻ വാലാബാഗിൽ കൊലചെയ്യപ്പെട്ടവരിൽ എല്ലാ മതവിഭാഗങ്ങളിൽപെട്ടവരുമുണ്ട്. ഇന്ത്യയെ മതനിരപേക്ഷ രാജ്യമാക്കി മാറ്റാൻ നൽകിയ ഏറ്റവും വലിയ വില മഹാത്മ ഗാന്ധിയുടെ ജീവനാണ്. മതരാഷ്ട്രത്തിന്റെ ശക്തികളാണ് ഗാന്ധിജിയുടെ ജീവൻ അപഹരിച്ചത്.
1921ൽ ജന്മിത്വത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുമെതിരായി നടന്ന മലബാർ കലാപം 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനുശേഷം ബ്രിട്ടീഷ് ഭരണം നേരിട്ട ഇന്ത്യയിലെ ഏറ്റവും വലിയ സായുധ വെല്ലുവിളിയെന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്. പുന്നപ്ര-വയലാർ സമരം, കയ്യൂരിലും മലബാറിൽ ആകെയും നടന്ന സമരങ്ങൾ, വാഗൺ കൂട്ടക്കൊല, വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം എന്നിവ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ ഭാഗമായി കേരളത്തിൽ നടന്ന ഉജ്ജ്വല പോരാട്ടങ്ങളാണ് -സ്പീക്കർ പറഞ്ഞു.
സ്വാതന്ത്ര്യ പോരാളികളുടെ സ്വപ്നം കാത്തുസൂക്ഷിക്കണം -മുഖ്യമന്ത്രി
തിരുവനന്തപുരം: എല്ലാ മതക്കാര്‍ക്കും അവരുടെ വിശ്വാസങ്ങളുമായി ജീവിക്കാനും വിശ്വാസികളല്ലാത്തവര്‍ക്ക് അങ്ങനെ ജീവിക്കാനും പറ്റുന്ന ഇടമായി രാജ്യത്തെ മാറ്റാനാണ് സ്വാതന്ത്ര്യ പോരാളികള്‍ പരിശ്രമിച്ചതെന്നും ഇത് കാത്തുസൂക്ഷിക്കാന്‍ നാമും പ്രതിജ്ഞാബദ്ധരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ചേർന്ന പ്രത്യേക നിയമസഭ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഴശ്ശിയെയും വേലുത്തമ്പിയെയും പാലിയത്തച്ഛനെയും പോലുള്ളവര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ചെറുത്തുനില്‍പ്പുകളും മലബാറിലെ കാര്‍ഷിക കലാപത്തില്‍ നേതൃപരമായ പങ്കുവഹിച്ച വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയടക്കം തീർത്ത ആദ്യകാല പ്രതിരോധവും സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന അധ്യായങ്ങളാണ്. ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും അയ്യൻകാളിയുമെല്ലാം മുന്നോട്ടുവെച്ച നവോത്ഥാന കാഴ്ചപ്പാടുകളെ സ്വാതന്ത്ര്യ പ്രസ്ഥാനം ഏറ്റെടുത്തു. വിമോചന കാഴ്ചപ്പാടുകള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ത്യയിലെ വ്യത്യസ്തമായ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ധാരകള്‍ ഒന്നാകെ ചേര്‍ന്ന് മഹാപ്രവാഹമായി ഉയര്‍ന്നുവരികയായിരുന്നു. സത്യഗ്രഹസമരത്തിന്റെ വഴികളിലൂടെ നീങ്ങിയ ഗാന്ധിജിയുടെയും കഴുമരത്തില്‍ ജീവനൊടുക്കേണ്ടിവന്ന ഭഗത് സിങ്ങിന്റേതുമുള്പ്പെടെയുള്ള പാരമ്പര്യങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് നമ്മുടെ സ്വാതന്ത്ര്യപ്രസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേവല രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് വേണ്ടി നടന്ന പ്രക്ഷോഭമല്ല -പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സ്വതന്ത്ര്യസമരം കേവല രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് വേണ്ടി നടന്ന പ്രക്ഷോഭമല്ലെന്നും സാമൂഹികനീതിക്ക് കൂടിയുള്ളതായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാജ്യത്തെ എല്ലാ വൈവിധ്യങ്ങളെയും ചേർത്തുനിർത്തുന്നതായിരുന്നു ദേശീയ പ്രസ്ഥാനത്തിന്റെ പ്രസക്തി. ബഹുസ്വരസമൂഹത്തിൽ ജീവിക്കുമ്പോൾ എല്ലാവരെയും ചേർത്തുനിർത്തണം. സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ നിരവധി മുറിവുകളുണ്ടായിരുന്നു -അദ്ദേഹം പറഞ്ഞു.
'ഇന്നിന്റെ രാജാക്കന്മാരും' ഒന്നിച്ചുനില്ക്കുന്നില്ല -കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ആവേശഭരിതരാകാനും അഭിമാനിക്കാനും എന്നതുപോലെ ആലോചിക്കേണ്ടതുമായ അവസരമാണിതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. ബ്രിട്ടീഷുകാര്‍ വരുന്നതുവരെ ഇന്ത്യയില്‍ ഭിന്നതയുണ്ടായിരുന്നില്ല. ഭരണം അരക്കിട്ടുറപ്പിക്കാന്‍ അവരാണ് വിഭജിച്ചുഭരിക്കുകയെന്ന തന്ത്രം രൂപവത്കരിച്ചത്. ബ്രിട്ടീഷുകാര്‍ ചെയ്തതുപോലെ ഇന്നും ചിലര്‍ വാണുകൊണ്ടിരിക്കുന്നു. എന്നും വാഴുമെന്ന് അവര്‍ അഹങ്കരിക്കുകയും ചെയ്യുന്നു. നാട്ടുരാജ്യങ്ങൾ ഇന്നില്ലെങ്കിലും രാഷ്ട്രീയ പാർട്ടികളുണ്ട്. 'ഇന്നിന്റെ രാജാക്കന്മാരും'ഒന്നിച്ചുനില്ക്കുന്നില്ല. ഭരണഘടന നമുക്ക് നല്കുന്ന സ്വാതന്ത്ര്യം കൂടി കവരുമോയെന്ന ആശങ്ക വ്യാപകമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.