നിയമസഭയിൽ പ്രതിപക്ഷ ബഹളം; ചോദ്യോത്തരവേള നിർത്തിവെച്ചു
text_fieldsതിരുവനന്തപുരം: സ്വാശ്രയ വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തിപ്പെടുത്തിയതിനെ തുടർന്നു ചോദ്യോത്തരവേള നിർത്തിവെച്ചു. സഭാ നടപടികൾ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. സ്പീക്കറുടെ അനുനയ ശ്രമങ്ങൾ ഫലിക്കാതെ വന്നതോടെ മൂന്നു മിനിട്ടിനുള്ളിൽ തന്നെ സഭാ നടപടികൾ നിർത്തിവെച്ചു. ബാനറുകളും പ്ലകാർഡുകളും ഉയർത്തി പിടിച്ചായിരുന്നു പ്രതിപക്ഷം ബഹളം വെച്ചത്.
സഭാനടപടികളുമായി പ്രതിപക്ഷം സഹകരിക്കണമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അഭ്യർഥിച്ചു. ചോദ്യോത്തരവേളയുമായി സഹകരിക്കണമെന്നും സഭക്ക് പുറത്ത് പ്രതിഷേധം തുടരാമെന്നും സ്പീക്കർ വ്യക്തമാക്കി. എന്നാൽ, സ്പീക്കറുടെ അഭ്യർഥന പ്രതിപക്ഷം തള്ളുകയായിരുന്നു.
സഭക്ക് അകത്തും പുറത്തും സമരവും പ്രതിഷേധവും ശക്തിപ്പെടുത്താൻ രാവിലെ ചേർന്ന യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി യോഗത്തിൽ തീരുമാനിച്ചിരുന്നു. മെഡിക്കൽ കോഴ്സിന് ഫീസിളവും സ്കോളർഷിപ്പും അനുവദിക്കാൻ മാനേജ്മെന്‍റുകൾ തയാറായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍റെ കടുംപിടിത്തം എല്ലാം തകിടം മറിച്ചെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. അതിനാൽ, സർക്കാറുമായി സഹകരിക്കേണ്ടെന്നാണ് പാർലമെന്‍ററി പാർട്ടി യോഗത്തിൽ ഉയർന്ന പൊതുവികാരം.
അതേസമയം, യു.ഡി.എഫ് എം.എൽ.എമാർ തുടരുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. വി.ടി ബലറാം, റോജി എം. ജോൺ എന്നിവരാണ് സമരം നടത്തുന്നത്. കൂടാതെ മുസ് ലിം ലീഗിലെ ടി.വി ഇബ്രാഹിമും പി. ഉബൈദുല്ലയും അനുഭാവ നിരാഹാരവും നടത്തുന്നുണ്ട്. ആരോഗ്യനില മോശമായതിനെ തുടർന്ന് ഷാഫി പറമ്പിലിനെയും ഹൈബി ഈഡനെയും ബുധനാഴ്ച ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.