വിധി വിശ്വസിക്കാനാകുന്നില്ല, അപ്പീൽ പോകും; ഫ്രാങ്കോ പണവും സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിച്ചെന്നും കന്യാസ്ത്രീകൾ
text_fieldsകന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കുറ്റവിമുക്തനെന്ന വിധിക്കെതിരെ അപ്പീൽ പോകുമെന്ന് കുറവിലങ്ങാട്ടെ കന്യാസ്ത്രീകൾ. വിധി വിശ്വസിക്കാനാകുന്നില്ല. പൊലീസുകാരിൽനിന്നും പ്രോസിക്യൂഷനിൽനിന്നും ലഭിച്ച നീതി ജുഡീഷ്യറിയിൽനിന്ന് ലഭിച്ചില്ല. സിസ്റ്ററിന് നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്നും സിസ്ററർ അനുപമ പറഞ്ഞു.
മൊഴികളെല്ലാം അനുകൂലമാണ്. സിസ്റ്ററിന് നീതി കിട്ടുംവരെ അപ്പീൽ പോകുകയും പോരാടുകയും ചെയ്യും. പണവും സ്വാധീനവുമുണ്ടെങ്കിൽ എന്തുംചെയ്യാം, ആ ഒരു കാലമാണ് ഇപ്പോൾ മുന്നിലുള്ളത്. അതുതന്നെ ഇവിടെയും സംഭവിച്ചതെന്ന് വിശ്വസിക്കുന്നു. സാധാരണക്കാരായ മനുഷ്യർ എന്തുവന്നാലും മിണ്ടാതിരിക്കുകയും കേസിന് പോകാതിരിക്കുകയും ചെയ്യാതിരിക്കണമെന്നാണ് ഈ വിധിയിൽനിന്ന് മനസിലാകുന്നത്. കേസിന്റെ വാദം നടക്കുന്നതുവരെ ഒരട്ടിമറിയും ഉണ്ടായിട്ടില്ല. അതിനുശേഷം അട്ടിമറിക്കപ്പെട്ടുവെന്നാണ് വിശ്വാസമെന്നും സിസ്റ്റർ അനുപമ പറഞ്ഞു.
ബിഷപ്പ് ഫ്രാങ്കോയുടെ പണത്തിന്റെയും സ്വാധീനത്തിന്റെയും ഫലമാണ് വിധി. അന്വേഷണ സംഘത്തെ വിശ്വാസമാണെന്നും വിധിയിൽ വിശ്വസിക്കാനാകുന്നില്ലെന്നും അവർ പറഞ്ഞു. നീതിക്കായി കൂടെനിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയായ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളക്കൽ കുറ്റവിമുക്തനെന്ന് കോടതി വിധിച്ചു. ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാൽസംഗക്കേസിലെ വിധി ഇന്ന് രാവിലെ 11 മണിയോടെ കോട്ടയം അഡീഷനൽ സെഷൻസ് കോടതിയാണ് പുറപ്പെടുവിച്ചത്. ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.
കോടതിക്കു സമീപം വൻ സുരക്ഷാ സന്നാഹങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നത്. ബാരിക്കേഡുകൾ ഉയർത്തി. ബോംബ്, ഡോഗ് സ്ക്വാഡുകൾ കോടതിയിലെത്തി പരിശോധന നടത്തി.
മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നൽകിയ പരാതിയിലാണ് ബിഷപ് ഫ്രാങ്കോക്ക് എതിരെ കുറവിലങ്ങാട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. 2018 ജൂണിൽ റജിസ്റ്റർ ചെയ്ത കേസിൽ പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് വിചാരണ തുടങ്ങിയത്. പിന്നീട് കോട്ടയത്തെ ജില്ലാ അഡീഷനൽ സെഷൻസ് കോടതിയിലേക്കു മാറ്റി. ഒന്നര വർഷം കൊണ്ടാണു വിചാരണ പൂർത്തിയാക്കിയത്.
2014 മുതൽ 2016 വരെയുള്ള കാലയളവിൽ ബിഷപ് ഡോ. ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. വൈക്കം മുൻ ഡി.വൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയ കേസിൽ 2018 സെപ്തംബർ 21ന് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്. വിചാരണ ദിവസങ്ങളിൽ തൃശൂരിലെ കുടുംബവീട്ടിൽ തങ്ങിയാണ് ഫ്രാങ്കോ മുളക്കൽ കോടതിയിൽ ഹാജരായത്. നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിനു മാധ്യമങ്ങൾക്കു കോടതിയുടെ വിലക്കുണ്ടായിരുന്നു. സഭയിൽനിന്നും വിശ്വാസികളിൽനിന്നും കേസിൽ പിന്തുണ ഉറപ്പുവരുത്തുന്നതിലും ഫ്രാങ്കോ വിജയിച്ചു. ഒരു ഘട്ടത്തിൽ കന്യാ സ്ത്രീകൾ തീർത്തും ഒറ്റപ്പെടുന്ന അവസ്ഥ വരെ സംഭവിച്ചു.
പീഡനം, തടഞ്ഞുവക്കൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെ ഏഴു വകുപ്പുകളാണു ബിഷപ് ഫ്രാങ്കോക്കെതിരെ ചുമത്തിയത്. 2000 പേജുള്ള കുറ്റപത്രത്തിൽ അഞ്ചു ബിഷപ്പുമാർ, 11 വൈദികർ, 25 കന്യാസ്ത്രീകൾ, ഏഴു മജിസ്ട്രേട്ടുമാർ എന്നിവർ ഉൾപ്പെടെ 89 സാക്ഷികളാണ് ഉണ്ടായിരുന്നത്. 10 പേരുടെ രഹസ്യമൊഴിയുണ്ട്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, പഞ്ചാബിലെ ഭഗത്പുർ ബിഷപ് ഡോ. കുര്യൻ വലിയകണ്ടത്തിൽ, ഉജ്ജയിൻ ബിഷപ് സെബാസ്റ്റ്യൻ വടക്കേൽ, പാലാ രൂപത വികാരി ജനറൽ ഫാ. ജോസഫ് തടത്തിൽ തുടങ്ങി 39 സാക്ഷികളെ വിസ്തരിച്ചു. ഇരയായ കന്യാസ്ത്രീയെ 12 ദിവസം വിസ്തരിച്ചു. 122 പ്രമാണങ്ങളും 4 തൊണ്ടിമുതലുകളും ഹാജരാക്കി.
പ്രതിഭാഗത്തുനിന്ന് ആറ് സാക്ഷികളെ വിസ്തരിച്ചു. ഫ്രാങ്കോ മുളക്കലിനെ ബിഷപ്പിന്റെ ചുമതലകളിൽനിന്നു സഭാ അധികൃതർ മാറ്റിനിർത്തിയിരിക്കുകയാണ്. കോടതിയിൽ അടക്കം വൈദിക വേഷത്തിലാണ് ഇദ്ദേഹം എത്തിയത്. കൂടെ മറ്റ് വൈദികരും ഇദ്ദേഹത്തെ അനുഗമിച്ച് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.