നഴ്സുമാരുടെ ശമ്പള പരിഷ്കരണം: അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് സ്റ്റേ
text_fieldsകൊച്ചി: സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് സർക്കാർ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് ഹൈകോടതി തടഞ്ഞു. വിജ്ഞാപനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന നടപടികളെ ചോദ്യംചെയ്ത് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്, കണ്ണൂര്‍ ലൂര്‍ദ് ആശുപത്രി എം.ഡി ഡോ. ജോസഫ് ബെനെവന്‍ എന്നിവര്‍ നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. മിനിമം വേതനം പുതുക്കി നിശ്ചയിക്കാനായി തയാറാക്കിയ കരട് രേഖയുടെ അടിസ്ഥാനത്തിലുള്ള ഹിയറിങ് ഉൾപ്പെടെ നടപടികൾക്ക് തടസ്സമുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.
നഴ്സുമാരുടെ വേതനത്തിൽ 150 ശതമാനം വർധനയുണ്ടാവുന്ന തരത്തിലാണ് വിജ്ഞാപനം വരുന്നതെന്നും നാനൂറിലേറെ വരുന്ന സ്വകാര്യ ആശുപത്രി മാനേജ്മെൻറുകൾ സർക്കാറിനെ എതിർപ്പ് അറിയിച്ചിട്ടുണ്ടെന്നും ഹരജിക്കാർ ആരോപിക്കുന്നു. എതിർപ്പ് കണക്കിലെടുക്കാതെ സർക്കാർ തിരക്കിട്ട് മിനിമം വേതനം പുതുക്കാൻ ഒരുങ്ങുകയാണ്. രണ്ടുദിവസം മാത്രമെടുത്ത് ചടങ്ങെന്ന പോലെയാണ് സര്‍ക്കാര്‍ ബന്ധപ്പെട്ടവരുടെ എതിര്‍പ്പ് കേട്ടത്. ബന്ധപ്പെട്ടവരെ പരിഗണിക്കാതെ വിജ്ഞാപനം ഇറക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് ഹരജി നൽകിയത്. നഴ്സുമാര്‍ ഉള്‍പ്പെടെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് ഈ മാസം 31ന് അന്തിമ വിജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നതിനിടെയാണ് സ്റ്റേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.