നഴ്സുമാരുടെ സമരം പിൻവലിച്ചു; അലവൻസ് പ്രശ്നം നിയമപരമായി നേരിടും
text_fieldsതിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കി സര്‍ക്കാര്‍ വിജ്‍ഞാപനം പുറത്തിറക്കിയ സാഹചര്യത്തിൽ സമരം പിൻവലിക്കുന്നതായി യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ(യു.എൻ.എ). ഇന്ന് നടത്താനിരുന്ന സമരവും ലോങ്മാർച്ചും പിൻവലിച്ചുവെന്നും വിജ്ഞാപനത്തിലെ അലവൻസ് പ്രശ്നം നിയമപരമായി നേരിടുമെന്നും യു.എൻ.എ അറിയിച്ചു.
244 ദിവസമായി തുടരുന്ന കെ.വി.എം അശ്രുപത്രി സമരം അവസാനിപ്പിക്കുന്നതിന് വേണ്ടിയുളള നിയമ പോരാട്ടം ശക്തമാക്കുന്നതോടൊപ്പം പ്രക്ഷോഭങ്ങളും ശക്തിപ്പെടുത്തുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
നിലവിൽ സർക്കാർ പ്രഖ്യാപിച്ച വേതന വർധനവ് കുറവാണെന്നും വിജ്ഞാപനം നഴ്സുമാരോടുള്ള വഞ്ചനയാണെന്നും ചൂണ്ടിക്കാട്ടി സമരവുമായി മുന്നോട്ട് പോകുമെന്നാണ് നേരത്തെ ഭാരവാഹികൾ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
സ്വകാര്യ ആശുപത്രി നഴ്സുമാരുടെ വേതനം പുതുക്കി നിശ്ചയിച്ചു കൊണ്ട് സംസ്ഥാന സർക്കാർ വൈകീട്ടാണ് അന്തിമ വിജ്ഞാപനമിറക്കിയത്. ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കിയായിരുന്നു വിജ്ഞാപനം. നിയമവകുപ്പ് സെക്രട്ടറി ഒപ്പുവെച്ച വിജ്ഞാപനം ലേബർ കമ്മിഷണർ എ. അലക്സാണ്ടറാണ് പുറപ്പെടുവിച്ചത്.
ലോങ് മാർച്ച് ഉൾപ്പെടെ കടുത്ത സമരപരിപാടികളിലേക്ക് കടക്കുമെന്ന സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ഭീഷണിക്കിടെയാണ് ശമ്പള പരിഷ്കരണം സംബന്ധിച്ച വിജ്ഞാപനം രാത്രിയോടെ സർക്കാർ പുറത്തിറക്കിയത്. നിലവിൽ 8975 രൂപ അടിസ്ഥാനശമ്പളം ലഭിക്കുന്ന നഴ്സുമാർക്ക് 20,000 രൂപ അടിസ്ഥാനശമ്പളം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവർക്ക് പരമാവധി 50 ശതമാനം വരെ അധിക അലവൻസും ലഭിക്കും. പുതുക്കിയ വേതന വർധനവിന് 2017 ഒക്ടോബർ ഒന്നുമുതൽ പ്രാബല്യമുണ്ടാകും.ആശുപത്രികളിലെ മറ്റ് ജീവനക്കാർക്ക് 16,000 രൂപമുതൽ 22,090 രൂപ വരെ അടിസ്ഥാനശമ്പളവും പരമാവധി 12.5 ശതമാനം വരെ അധിക അലവൻസും ലഭിക്കും.
ഇതര പാരാമെഡിക്കൽ വിഭാഗം ജീവനക്കാർക്ക് 16,400 രൂപമുതൽ അടിസ്ഥാനശമ്പളവും പരമാവധി 15 ശതമാനം വരെ അധിക അലവൻസും ലഭിക്കും. മേൽപറഞ്ഞ വേതനത്തിന് പുറമെ സർവിസ് വെയിറ്റേജ്, ക്ഷാമബത്ത, വാർഷിക ഇൻക്രിമെൻറ് എന്നിവയും ലഭിക്കും. ആശുപത്രിയിലെ കിടക്കകളുടെ എണ്ണം അനുസരിച്ച് പരമാവധി 30,000 രൂപ വരെ ശമ്പളം ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.