കേരളം വൈജ്ഞാനിക സമ്പദ്വ്യവസ്ഥയിലേക്കുള്ള പാതയിൽ-മുഖ്യമന്ത്രി
text_fieldsശ്രീകാര്യം: ലോകത്തിന് മാതൃകയാവുന്ന വൈജ്ഞാനിക സമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തിന്റെ പാതയിലാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗ്ലോബൽ നെറ്റ്വർക്ക് ഫോർ ഇക്കണോമിക്സ് ഓഫ് ലേണിങ് ഇന്നവേഷൻ ആൻഡ് കോംപീറ്റൻസ് ബിൽഡിങ് സിസ്റ്റംസ് ഇരുപതാമത് രാജ്യാന്തര സമ്മേളനം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടാക്സേഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2026 ഓടെ 20 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് കേരളം ലക്ഷ്യമിടുന്നതെന്ന് അധ്യക്ഷത വഹിച്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
ഗ്ലോബലിക്സ് പ്രസിഡന്റ് എറീക്ക ക്രെയ്മർ, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രഫ. വി.കെ. രാമചന്ദ്രൻ, ആർ.ഐ.എസ് ഡയറക്ടർ പ്രഫ. സച്ചിൻ ചതുർവേദി, ഐ.ഐ.എം ബംഗളൂരു ഡയറക്ടർ പ്രഫ. ഋഷികേശ ടി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. മൂന്ന് ദിവസങ്ങളിൽ നടക്കുന്ന സെഷനുകളിൽ 50ൽ പരം രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക, സാമൂഹിക മേഖലകളിലെ വിദഗ്ധർ പങ്കെടുക്കും. ഗുലാത്തി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ, ആർ.ഐ.എസ്, കെ-ഡിസ്ക്, കേരള ഡിജിറ്റൽ സർവകലാശാല എന്നിവ സംയുക്തമായാണ് അന്താരാഷ്ട്ര സമ്മേളനത്തിന് വേദി ഒരുക്കിയത്.
ഇത് രണ്ടാംതവണയാണ് ഗ്ലോബലിക്സിന്റെ വാർഷിക സമ്മേളനത്തിന് കേരളം വേദിയാകുന്നത്. തുടർന്ന് നടന്ന ആദ്യ സെഷനിൽ നെതർലൻഡ്സിലെ യു.എൻ.യു മെറിറ്റിലെ പ്രഫസർ ലുക്ക് സോട്ടെ, ഉറുഗ്വേയിലെ റിപ്പബ്ലിക് യൂനിവേഴ്സിറ്റിയിലെ പ്രഫസർ ജൂഡിത്ത് സറ്റ്സ്, ഡെന്മാർക്കിലെ ആൽബോർഗ് സർവകലാശാലയിലെ പ്രഫസർ ബെൻ ആക് ലുൻദ്വാൾ, മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.