കേരളം വായു നികുതിയുടെ വക്കിൽ, കേന്ദ്രം രക്ഷിക്കണം; ഇല്ലെങ്കിൽ ജനത്തെ പിഴിയാൻ സാധ്യതയുണ്ടെന്ന് എം.കെ രാഘവൻ
text_fieldsന്യൂഡൽഹി: കേരളത്തിന്‍റെ ജി.എസ്.ടി കുടിശിക എത്രയും വേഗം കേന്ദ്രസർക്കാർ കൊടുത്തു തീർത്തില്ലെങ്കിൽ വായു നികുതി ഏർപ്പെടുത്തിയും സംസ്ഥാന സർക്കാർ ജനത്തെ പിഴിയാൻ സാധ്യതയുണ്ടെന്ന് എം.കെ രാഘവൻ ലോക്സഭയിൽ. കേന്ദ്രസർക്കാറിന്‍റെ കുടിശിക മറയാക്കി ശ്വസിക്കുന്ന വായുവിന് പോലും നികുതി ഏർപ്പെടുത്തിയേക്കാവുന്ന സാഹചര്യമാണ് കേരളത്തിൽ -അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റിനെക്കുറിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു എം.കെ രാഘവൻ.
കേന്ദ്രസർക്കാറിനെയും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച കാര്യങ്ങളിൽ ഏതൊക്കെ നടപ്പാക്കിയെന്ന് പരിശോധിച്ചിട്ട് പുതിയ ബജറ്റ് ചർച്ച ചെയ്യുന്നതാണ് ഉചിതം. തൊഴിലുറപ്പ് പദ്ധതി വിഹിതം കുത്തനെ വെട്ടിക്കുറച്ചത് ഗ്രാമങ്ങളിൽ വലിയ പ്രയാസമുണ്ടാക്കും. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പദ്ധതി ഇഞ്ചിഞ്ചായി ഇല്ലാതാക്കുകയാണ് കേന്ദ്രസർക്കാർ. പ്രതിദിന വേതനം 300 രൂപയാക്കണമെന്ന് രാഘവൻ ആവശ്യപ്പെട്ടു.
കോഴിക്കോട് ലോക്സഭ മണ്ഡലത്തെ ബജറ്റ് പൂർണമായും തഴഞ്ഞു. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വികസന ഫയൽ ഭൂവികസന അതോറിറ്റിയിൽ കുരുങ്ങിക്കിടപ്പാണ്. ഇനി ഒരു ഉദ്യോഗസ്ഥനെയും താൻ ചെന്നു കാണാൻ ബാക്കിയില്ല. ഫറോക്ക്-അങ്ങാടിപ്പുറം, ഗുരുവായൂർ-തിരുനാവായ റെയിൽവേ ലൈനുകളെക്കുറിച്ച് ഒരു പരാമർശം പോലും ബജറ്റിലില്ല. കിനാലൂരിൽ എയിംസിന് ഭൂമി ഏറ്റെടുത്തു വരുകയാണെങ്കിലും കേരളത്തിന് എയിംസ് അനുവദിച്ചിട്ടില്ല.
കേന്ദ്രത്തിന് ലാഭം നൽകുന്ന കോഴിക്കോട് വിമാനത്താവള വികസനത്തിന് ഫണ്ട് നൽകിയിട്ടില്ല. ബേപ്പൂർ തുറമുഖ നവീകരണത്തിനും ലക്ഷദ്വീപ് കണക്റ്റിവിറ്റി വിപുലീകരിക്കുന്നതിനും, ബേപ്പൂർ -മലാപ്പറമ്പ് നാലുവരിപാത പദ്ധതിക്കും, ടൂറിസം മേഖലക്കും ഫണ്ട് അനുവദിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.