നിയമസഭ സെക്രട്ടറി റൂൾ 165 തെറ്റായി വ്യാഖ്യാനിച്ചെന്ന് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: ഡോളർ കടത്തുമായി ബന്ധപ്പെട്ട സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യുന്ന വിഷയത്തിൽ നിയമസഭ സെക്രട്ടറി കസ്റ്റംസിന് കത്ത് നൽകിയതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്ത്. നിയമസഭ സെക്രട്ടറി റൂൾ 165 തെറ്റായി വ്യാഖ്യാനിച്ചെന്ന് കോൺഗ്രസ് നേതാവ് കെ.സി. ജോസഫ് ആരോപിച്ചു.
തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളുടെ അവകാശമാണ് 165ൽ പറയുന്നത്. ഈ ചട്ടം സ്പീക്കറുടെ പേഴ്സണൽ സ്റ്റാഫിന് ബാധകമല്ലെന്നും കെ.സി. ജോസഫ് ചൂണ്ടിക്കാട്ടി. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ചോദ്യം ചെയ്യാൻ സ്പീക്കറുടെ മുൻകൂർ അനുമതി വേണമെന്ന് ചൂണ്ടിക്കാട്ടിയുള്ള നിയമസഭ സെക്രട്ടറിയുടെ കത്താണ് വിവാദമായത്.
''തന്‍റെ പി.എയെ സംരക്ഷിക്കുന്നതിനോ നിയമനടപടികളില്‍ നിന്ന് ഒഴിവാക്കുന്നതിനോ, നിയമനിര്‍മാണ സഭക്ക് സംരക്ഷണം നല്‍കുന്ന വിശേഷാധികാരം സ്പീക്കര്‍ ദുരുപയോഗം ചെയ്യുന്നത് നിര്‍ഭാഗ്യകരമാണ്. ഇത് നിയമസഭയുടെ പദവിയെയും അന്തസിനെയും ഇടിച്ചു താഴ്ത്തുകയാണ്. ഡെന്‍മാര്‍ക്കില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നു'' -കെ.സി. ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.
ഡോളർ കടത്തുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനോട് ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഹാജരാകാൻ ഫോണിലൂടെയാണ് കസ്റ്റംസ് ആവശ്യപ്പെട്ടതെന്നും നോട്ടീസ് ലഭിക്കാത്തതിനാല്‍ എത്തില്ലെന്നുമാണ് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അറിയിച്ചത്. തുടർന്ന് ചൊവ്വാഴ്ച വാട്സ്ആപ്പിലൂടെയും ഇ-മെയിലിലൂടെയും ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട് ജോലിത്തിരക്കുള്ളതിനാല്‍ അസി. പ്രൈവറ്റ് സെക്രട്ടറിക്ക് ഹാജരാകാന്‍ കഴിയില്ലെന്നാണ് നിയമസഭ സെക്രട്ടറി ഇ-മെയിലിലൂടെ കസ്റ്റംസിനെ അറിയിച്ചത്. ഇതാണ് പ്രതിപക്ഷ വിമർശനത്തിനും വിവാദത്തിനും വഴിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.