സർക്കാറിന് പ്രതിച്ഛായ ഉണ്ടായിട്ടുവേണ്ടേ നഷ്ടപ്പെടുത്താൻ -ചെന്നിത്തല
text_fieldsതിരുവനന്തപുരം: വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യേണ്ട സന്ദർഭം വന്നു ചേർന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ വിധേയമാക്കണമെന്നും ചെന്നിത്തല വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സർക്കാറിൻെറ പ്രതിച്ഛായ നഷ്ടപ്പെടുത്താൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. പ്രതിച്ഛായ ഉണ്ടായിട്ടുവേണ്ടേ നഷ്ടപ്പെടുത്താൻ. ഈ സർക്കാറിന് ഒരിക്കലും ഉണ്ടായിട്ടില്ല. പി.ആർ ഏജൻസികൾ അന്തർദേശീയ മാധ്യമങ്ങളിൽ എഴുതിയാലൊന്നും പ്രതിച്ഛായ ഉണ്ടാവില്ല. ജനങ്ങൾക്കു വേണ്ടി ചെയ്യുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാറിന് പ്രതിച്ഛായ ഉണ്ടാവുക. അത്തരം ഒരു നടപടിയും കഴിഞ്ഞ നാല് വർഷമായി സംസ്ഥാന സർക്കാറിൻെറ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നും ഇല്ലാത്ത പ്രതിച്ഛായ നഷ്ടപ്പെടുത്തുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദം അംഗീകരിക്കാൻ കഴിയില്ലെന്നും െചന്നിത്തല പറഞ്ഞു.
ഉപ്പ് തിന്നവരെല്ലാം വെള്ളം കുടിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ ഉപ്പ് തിന്നവരാരും വെള്ളം കുടിക്കുന്നില്ല. അവരെല്ലാവരും രക്ഷപ്പെട്ടു നിൽക്കുകയാണ്. കള്ളക്കടത്ത് കേസുമായി ബന്ധം മുഖ്യമന്ത്രിയുടെ ഓഫീസിനാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിക്ക് അതിൻെറ ധാർമിക ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാവില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ എം. ശിവശങ്കരൻ കുറ്റം െചയ്തതായി തെളിഞ്ഞിട്ടുണ്ട്. തങ്ങളെ സഹായിച്ചത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി ഫെലോയുമാണെന്ന് കേസിലെ ഒന്നാം പ്രതിയും പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ച് അന്വേഷിക്കുകയും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുകയും ചെയ്യേണ്ടത് അനിവാര്യമല്ലേയെന്നും അദ്ദേഹം ചോദിച്ചു.
തൻെറ ഓഫീസിൽ നടക്കുന്ന കാര്യങ്ങളൊന്നും അറിയുന്നില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. നാല് വർഷമായി തൻെറ പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നയാളുടേയും രണ്ട് വർഷമായി ഐ.ടി ഫെലോയായി പ്രവർത്തിക്കുന്നയാളുടെയും പ്രവർത്തനങ്ങളെ സംബന്ധിച്ച് ഒന്നും അറിയാൻകഴിയുന്നില്ലെന്ന് പറയുന്നത് ആരെ കബളിപ്പിക്കാനാണ്.? ഒന്നുകിൽ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നു, അല്ലെങ്കിൽ തൻെറ ഓഫീസിൽ നടക്കുന്ന കാര്യങ്ങളൊന്നും മുഖ്യമന്ത്രി അറിയുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.
കേരളത്തിൽ കൺസൽട്ടൻസി രാജാണ് കേരളത്തിൽ നടക്കുന്നത്. കോൺഗ്രസോ യു.ഡി.എഫോ കൺസൽട്ടസികൾ നൽകുന്നതിന് എതിരല്ല. സാങ്കേതിക മികവോടുകൂടിയ വൻകിട പദ്ധതികൾ നടപ്പാക്കേണ്ടി വരുമ്പോൾ കൺസൽട്ടൻസികളുടെ സേവനം ഉപയോഗിക്കേണ്ടതായി വരാം. ഉമ്മൻചാണ്ടി സർക്കാറിൻെറ കാലത്ത് ഒരു കൺസൽട്ടൻസിയേയും ഏൽപ്പിച്ചിരുന്നില്ല. ഡി.എം.ആർ.സിയെയാണ് കൊച്ചി മെട്രോക്ക് വേണ്ടി ചുമതലപ്പെടുത്തിയത്. അല്ലാതെ ഇത്രയും വലിയ പദ്ധതിക്ക് ഒരു കൺസൽട്ടൻസിയേയും ചുമതലപ്പെടുത്തിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.