'ഇനി വീട്ടിലെത്തിയാൽ വോട്ടില്ല'; പാലായിൽ പ്രചാരണത്തിന് തുടക്കം
text_fieldsപാലാ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്ഥാനാർത്ഥികൾ വീടുകളിൽ വരുന്നതിനെതിരെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ നടത്തുന്ന പ്രചാരണ പരിപാടിക്കു തുടക്കമായി. വീട്ടിൽ വരാത്ത സ്ഥാനാർഥിക്ക് വോട്ട് എന്ന പേരിലാണ് പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. പ്രചാരണം പാലാ മുനിസിപ്പാലിറ്റിയിലെ എട്ടാം വാർഡായ കൊച്ചിടപ്പാടിയിൽ സ്വന്തം വീടിെൻറ ഗേറ്റിൽ പ്രചാരണ പോസ്റ്റർ പതിപ്പിച്ചു ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു.
കോവിഡ് രൂക്ഷമായിട്ടും തിരഞ്ഞെടുപ്പ് കമ്മീഷനു ജാഗ്രത ഇല്ലെന്ന് എബി ജെ ജോസ് കുറ്റപ്പെടുത്തി. മത്സരിക്കുന്ന സ്ഥാനാർത്ഥികൾ ഇതിനോടകം കുറഞ്ഞത് രണ്ടു തവണയെങ്കിലും വീടുകൾ സന്ദർശിച്ചിട്ടുണ്ട്. സന്ദർശനങ്ങൾ ഒഴിവാക്കി സാമൂഹ്യ വ്യാപന സാധ്യത കുറയ്ക്കണമെന്ന സർക്കാർ നിർദ്ദേശം നിലനിൽക്കുമ്പോൾ ഇനിയും വീടുകയറി വോട്ടു തേടുന്നത് ജനദ്രോഹമാണ്. സ്ഥാനാർത്ഥികളെ വോട്ടർമാർ പരിചയപ്പെട്ടു കഴിഞ്ഞ സാഹചര്യത്തിൽ സമൂഹമാധ്യമങ്ങൾ വഴിയുള്ള വോട്ടു തേടൽ മതിയെന്ന നിർദ്ദേശം ഇനിയെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകണം.
സമൂഹ നന്മയെക്കരുതി സ്ഥാനാർഥികൾ വീടുകയറി വോട്ടു തേടുന്നത് നിറുത്തിവയ്ക്കണം. ഇതിനുള്ള നിർദ്ദേശം രാഷ്ട്രീയ കക്ഷികൾ സ്ഥാനാർത്ഥികൾക്കു നൽകണമെന്നും ഫൗണ്ടേഷൻ നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പിെൻറ പേരിലുണ്ടാവുന്ന കോവിഡ് വ്യാപന ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമീഷനാണെന്നും ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി.
വിവിധ ഭാഗങ്ങളിൽ ഫൗണ്ടേഷൻ പ്രവർത്തകർ വീടുകൾക്കു മുന്നിൽ വരും ദിവസങ്ങളിൽ പ്രചാരണ പോസ്റ്ററുകൾ പതിപ്പിക്കും. ഇതോടൊപ്പം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണവും സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.