അമിത് ഷായുടെ സഹകരണ മന്ത്രാലയത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച് സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ കക്ഷികൾ
text_fieldsതിരുവനന്തപുരം: സഹകരണ വകുപ്പ് രൂപീകരിച്ച് സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കടന്നുകയറാനുള്ള കേന്ദ്രസർക്കാറിന്‍റെ നീക്കത്തിനെതിരെ സംസ്ഥാനത്തെ ഭരണ, പ്രതിപക്ഷ കക്ഷികൾ. വിഷയത്തിൽ സർവകക്ഷി യോഗം ചേരുമെന്ന് മന്ത്രി വി.എൻ വാസവൻ അറിയിച്ചു. കേന്ദ്രത്തിന്‍റെ നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ നിയമ നടപടി സ്വീകരിക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ സഹകരണ മന്ത്രാലയം രൂപീകരിക്കുകയും വകുപ്പിന്‍റെ ചുമതല അമിത്ഷാക്ക് നൽകുകയും ചെയ്തിരുന്നു. സംസ്ഥാനങ്ങളുടെ അധികാരപരിധിയിലേക്ക് കടന്നു കയറുക എന്ന ദുരുദ്യേശത്തോടെയുള്ള കേന്ദ്രത്തിന്‍റെ നീക്കമാണിതെന്ന് മന്ത്രാലയം പ്രഖ്യാപിച്ചപ്പോൾ തന്നെ വിമർശനമുയർന്നിരുന്നു.
ഭരണഘടനയനുസരിച്ച് സഹകരണമേഖല സംസ്ഥാനത്തിന്റെ വിഷയമാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കേന്ദ്ര സർക്കാർ മന്ത്രാലയം രൂപീകരിച്ചത് ദുരുദ്യേശത്തോടെയാണ്. ഇതിനെതിരെ സർക്കാർ നിയമപരമായി മുന്നോട്ട് പോകും. പ്രതിപക്ഷ പിന്തുണ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി സർവകക്ഷി യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സർക്കാർ നിയമപരമായി നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
കേരളം, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് സഹകരണ പ്രസ്ഥാനങ്ങൾ ഏറ്റവും സജീവമായുള്ളത്. കേരളത്തിൽ ധനകാര്യ സ്ഥാപനങ്ങൾ, വൻകിട നിർമാണ സ്ഥാപനങ്ങൾ എന്നിവയെല്ലാം സഹകരണ മേഖലയിലുണ്ട്. മിക്ക സഹകരണ പ്രസ്ഥാനങ്ങളുടെയും നിയന്ത്രണം രാഷ്ട്രീയ കക്ഷികളിൽ നിന്നുള്ളവർക്കാണ്. ഈ മേഖലയെ തകർക്കുക എന്ന ഉദ്യേശത്തോടെ ഇടപെടാനാണ് മന്ത്രാലയം രൂപീകരിച്ച് കേന്ദ്ര മന്ത്രിസഭയിലെ കരുത്തനായ അമിത് ഷാക്ക് ചുമതല നൽകിയതെന്നാണ് പൊതുവെയുള്ള ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.