കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം; ഇന്ന് തലശ്ശേരിയിൽ പൊതുദർശനം
text_fieldsകണ്ണൂർ: സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ തലശ്ശേരിയിലെത്തിക്കും. രാവിലെ പത്തരയോടെ കോടിയേരിയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള എയർആംബുലൻസ് ചെന്നൈയിൽ നിന്നും യാത്രതിരിക്കും. ഉച്ചക്ക് 12 മണിയോടെ തലശ്ശേരിയിലെത്തും. തുടർന്ന് തലശ്ശേരി ടൗൺഹാളിലേക്ക് കൊണ്ടു പോകും. വിലപായാത്രയായിട്ടായിരിക്കും മൃതദേഹം വിമാനത്താവളത്തിൽ നിന്നും തലശ്ശേരി ടൗൺഹാളിലെത്തിക്കുക. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യവിനോദിനി കോടിയേരി മകൻ ബിനോയ് കോടിയേരി മകന്റെ ഭാര്യ എന്നിവരാണ് മൃതദേഹത്തെ അനുഗമിക്കുക. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പടെയുള്ളവർ ഒരു മണിക്കുള്ള വിമാനത്തിലാവും കണ്ണൂരിലെത്തുക .
ഇന്ന് മുഴുവൻ തലശ്ശേരി ടൗൺഹാളിലായിരിക്കും പൊതുദർശനം നടത്തുക. നാളെ കോടിയേരിയുടെ വീട്ടിലും സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിലും പൊതുദർശനത്തിന് വെച്ചശേഷം മൂന്ന് മണിയോടെ പയ്യാമ്പലത്ത് സംസ്കരിക്കും. ചെന്നൈ അപ്പോളോ ആശുപത്രിയിൽ അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി എട്ട് മണി ഓടെയാണ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്.
2001 മുതൽ 2016 വരെ തലശ്ശേരി നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച കോടിയേരി 2006 മുതൽ 2011 വരെ കേരളത്തിൽ ആഭ്യന്തര, വിനോദസഞ്ചാര വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 2015 ഫെബ്രുവരി 23ന് ആലപ്പുഴയിൽ നടന്ന സി.പി.എം ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.