ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ ആദ്യ സംഘമെത്തി
text_fieldsവാളയാർ: ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ ആദ്യ സംഘം കേരളത്തിലെത്തി. വാളയാർ ചെക്പോസ്റ്റിലാണ് വാഹനങ്ങളെത്തിയത്. രാവിലെ എട്ട് മണിയോടെയാണ് വാളയാർ ചെക്പോസ്റ്റിലേക്ക് ആളുകൾ എത്തിത്തുടങ്ങിയത്. നോർക്ക വഴി രജിസ്റ്റർ ചെയ്തവർക്ക് പാസ് അനുവദിച്ചിരുന്നു. ഈ പാസ് ലഭിച്ചവർക്കാണ് പ്രവേശനം.
ചെക്പോസ്റ്റിലെ കർശനമായ പരിശോധനക്ക് ശേഷമാണ് വാഹനം കടത്തി വിടുന്നത്.14 കൗണ്ടറുകളാണ് കേരളത്തിലേക്കുള്ള വാഹനങ്ങളുടെ പരിശോധിക്കാനായി ഒരുക്കിയത്. കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവർക്കായി രണ്ട് കൗണ്ടറുകളാണുള്ളത്. ആരോഗ്യ പ്രവർത്തകരും പൊലീസും ക്ലർക്കുമാരും റവന്യു ഉദ്യോഗസ്ഥരും ചെക്പോസ്റ്റിലുണ്ട്.
തെർമൽ സ്കാനറുപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കുകയും രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരെ കടത്തി വിടുകയുമാണ് ചെയ്യുന്നത്. പാസുകൾ ക്യു.ആർ കോഡ് ഉപയോഗിച്ച് സ്കാൻ ചെയ്യുകയും പോകാൻ തടസമില്ലാത്തവർക്ക് വാഹന പാസ് നൽകി യാത്രയാക്കുകയും ചെയ്യും. ഇവർ ക്വാറൻറീൻ ലംഘിക്കുന്നുണ്ടോ എന്ന് അറിയാനായി അവരുടെ ഫോണിൽ കോവിഡ് ട്രാക്കിങ് ആപ്ലിക്കേഷനായ ആരോഗ്യ സേതു ആപ് നിർബന്ധമായി ഡൗൺലോഡ് ചെയ്തിരിക്കണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്.
കോവിഡ് രോഗലക്ഷണങ്ങളുള്ളവരെ ഡോക്ടർമാർ പരിശോധിച്ച ശേഷം 108 ആംബുലൻസിൽ ജില്ല ആശുപത്രിയിലെ നിരീക്ഷണ വാർഡിലേക്ക് മാറ്റും. ആവശ്യമെങ്കിൽ അവരുടെ സ്രവം പരിശോധനക്കയച്ച് കൊറോണ കേസ് സെൻററിലേക്ക് വിടാനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
കാസർകോട് തലപ്പാടി ചെക്പോസ്റ്റ് വഴിയും ഇഞ്ചിവിള ചെക്ക്പോസ്റ്റ് വഴിയും ആളുകൾ സംസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നുണ്ട്. ആളുകളെ കടത്തിവിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി പരിഹരിച്ച ശേഷമാണ് ഇഞ്ചിവിളയിലൂടെ ആളുകളെ കടത്തി വിടുന്നത്. ഇഞ്ചിവിള വഴി വരുന്നവരെ എങ്ങോട്ട് മാറ്റണമെന്നതില്‍ ആശയക്കുഴപ്പം നില നിന്നിരുന്നതിനാൽ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ രാവിലെ ഏഴ് മണി മുതല്‍ ഏറെ നേരം ചെക്ക്പോസ്റ്റില്‍ കാത്തിരിക്കുകയായിരന്നു. തുടർന്ന് ജില്ലകലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേർന്ന ശേഷം പ്രശ്നം പരിഹരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.