രണ്ടു കാലങ്ങളില്‍ ഒരു സാമാജികന്‍
text_fieldsതിരുവനന്തപുരം: ‘‘1957ലെ നിയമസഭയില്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവരില്‍ ശേഷിക്കുന്നത് കെ.ആര്‍. ഗൗരിയമ്മയും ഞാനും മാത്രം’’ -ഒന്നാം കേരള നിയമസഭയില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി എം.എല്‍.എയായിരുന്ന ഇ. ചന്ദ്രശേഖരന്‍ നായര്‍ 60 തികഞ്ഞ കേരളത്തിന്‍െറ രണ്ടറ്റങ്ങളെ ഓര്‍മകള്‍കൊണ്ട് കോര്‍ത്തിണക്കുന്നു.
ആദ്യ നിയമസഭയില്‍ പി.ടി. ചാക്കോ, പട്ടം താണുപിള്ള, നാരായണക്കുറുപ്പ്, സി.എച്ച്. മുഹമ്മദ് കോയ തുടങ്ങിയ അതികായര്‍ നിരന്ന പ്രതിപക്ഷത്തിന്‍െറ ആക്രമണത്തെ പ്രതിരോധിച്ചുനിന്ന ഇ. ചന്ദ്രശേഖരന്‍ നായര്‍ ഉള്‍പ്പെട്ട അഞ്ചംഗ യുവ എം.എല്‍.എമാര്‍ അറിയപ്പെട്ടിരുന്നത് ജിഞ്ചര്‍ ഗ്രൂപ്പെന്നായിരുന്നു. വെളിയം ഭാര്‍ഗവന്‍, രാജഗോപാലന്‍ നായര്‍, തോപ്പില്‍ ഭാസി, പി. ഗോവിന്ദപ്പിള്ള എന്നിവരായിരുന്നു മറ്റുള്ളവര്‍. അന്നത്തെ സഭയില്‍ നിറഞ്ഞുനിന്നത് വാദപ്രതിവാദങ്ങളായിരുന്നെങ്കില്‍ ഇന്ന് തൊട്ടതിനും പിടിച്ചതിനുമെല്ലാം വാക്കൗട്ട് നടത്തുന്ന സഭാതലമാണ് കാണുന്നതെന്ന് ചന്ദ്രശേഖരന്‍ നായര്‍ പരിഭവിക്കുന്നു. ‘‘വാക്കൗട്ടല്ല, സംവാദവും ചര്‍ച്ചയുമാണ് നടക്കേണ്ടത്. ശരിതെറ്റുകള്‍ വിശകലനം ചെയ്യണം. സര്‍ക്കാര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തിരുത്താന്‍ ശ്രമിക്കണം. അതായിരുന്നു അന്നത്തെയും ഇന്നത്തെയും നിയമസഭാ പ്രവര്‍ത്തനം തമ്മിലുള്ള വ്യത്യാസം’’ -രണ്ടു കാലങ്ങളെ ഈ പഴയ സാമാജികന്‍ താരതമ്യം ചെയ്യുന്നതിങ്ങനെ.
കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ വലിയ മൂല്യത്തകര്‍ച്ച ഉണ്ടായിട്ടില്ല. കാലം മാറിയതനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തില്‍ മാറ്റം ഉണ്ടായിട്ടുണ്ട്. അന്നത്തെ രാഷ്ട്രീയപ്രവര്‍ത്തനം ഏറ്റവും ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ ഇടയിലായിരുന്നു. അതിനൊത്ത പ്രവര്‍ത്തനമേ നടക്കുകയുള്ളൂ. താന്‍ 1952ലാണ് സി.പി.ഐയില്‍ ചേര്‍ന്നത്. മിക്കവാറും നടന്നായിരുന്നു രാഷ്ട്രീയ പ്രവര്‍ത്തനം. പലപ്പോഴും ഉച്ചക്ക് നേരേചൊവ്വെ ആഹാരംപോലും കഴിക്കാന്‍ പറ്റിയെന്നുവരില്ല. ഇന്ന് ആ സ്ഥിതിയില്ല.
’57ലെ ഇ.എം.എസ് സര്‍ക്കാര്‍തന്നെ പൊതുവിതരണ സമ്പ്രദായം ചെറുതായി ആരംഭിച്ചിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘‘നെഹ്റുവിന്‍െറ കാലത്താണ് റേഷന്‍ സംവിധാനം ശക്തമായത്. അതിനെയാണ് മന്‍മോഹന്‍ സിങ്-മോദി സര്‍ക്കാറുകള്‍ തകിടംമറിച്ചത്. ബി.പി.എല്‍-എ.പി.എല്‍ വിഭജനത്തെ ആരും അനുകൂലിച്ചിട്ടില്ല. 10ാം പദ്ധതിയുടെ സമീപനരേഖയില്‍തന്നെ ഇതിനെ നിരാകരിച്ചു. മന്‍മോഹന്‍ സിങ്ങിന്‍െറ കാലത്തെ സെന്‍ കമ്മിറ്റിയും ഇതിനെ എതിര്‍ത്തു. താന്‍ ആദ്യം മന്ത്രിയായ 1980ലെ എല്‍.ഡി.എഫ് സര്‍ക്കാറാണ് ആദ്യം ഓണച്ചന്ത നടത്തിയത്. അത് വലിയ വിജയമായിരുന്നു. അങ്ങനെയാണ് മാവേലി സ്റ്റോറുകള്‍ തുടങ്ങിയത്. പിന്നെ ഓണത്തിനും ക്രിസ്മസിനും റമദാനും അഞ്ചു കിലോ അരി നല്‍കിത്തുടങ്ങി. ഇപ്പോള്‍ റേഷന്‍ സംവിധാനത്തെ തകര്‍ക്കുന്നത് സബ്സിഡി ഇല്ലാതാക്കാനാണ്. പൊതുവിതരണ സമ്പ്രദായം ശരിയാണെങ്കില്‍ വില പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്നും അനുഭവത്തില്‍നിന്ന് അദ്ദേഹം പറയുന്നു.
1957 മുതല്‍ ’61 വരെയുള്ള സര്‍ക്കാറുകളില്‍ പ്രത്യേകിച്ച്, ഇടതുസര്‍ക്കാറുകളുടെ പ്രവര്‍ത്തനമാണ് കേരളത്തിന്‍െറ വളര്‍ച്ചക്ക് മുഖ്യകാരണം. ഇത് ക്രമേണ കോണ്‍ഗ്രസും അംഗീകരിച്ചു. ഇനി ഈ വികസനം മുന്നോട്ടുകൊണ്ടുപോകുകയാണ് വെല്ലുവിളിയെന്നും കവടിയാര്‍ പണ്ഡിറ്റ് കോളനിയിലെ വീട്ടില്‍ വിശ്രമിക്കുന്ന ചന്ദ്രശേഖരന്‍ നായര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.