ഉന്നത ഐ.പി.എസുകാരെ ‘തടവാൻ’ നിയോഗിച്ച പൊലീസുകാരനെ തിരികെവിളിച്ചു, എസ്.പിക്ക് ശാസന
text_fieldsതിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണിക്ക് അറുതിവരുത്താൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കുമ്പോഴും ആഭ്യന്തരവകുപ്പിെൻറയും മുഖ്യമന്ത്രിയുടെയും നിലപാടുകളോട് പൊരുത്തപ്പെടാനാകാതെ ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥർ. അനധികൃതമായി ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം തിരികെവിളിക്കാനുള്ള നടപടികൾ ഒരുവശത്ത് നടക്കുമ്പോഴും ഉത്തരവിനെ തകിടംമറിക്കുന്ന നടപടികളാണ് സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫിസിൽ നടക്കുന്നത്. ഉന്നത ഐ.പി.എസുകാരുടെ ശരീരം തടവാനും ഉഴിയാനും നിയോഗിച്ചിരുന്ന പൊലീസുകാരനെ സർക്കാർ നിർദേശപ്രകാരം എസ്.പി മാതൃയൂനിറ്റിലേക്ക് തിരിച്ചുവിളിച്ചെങ്കിലും ഇയാളെ എത്രയുംവേഗം മടക്കിനൽകാൻ ഡി.ജി.പിയുടെ ഓഫിസ് നിർദേശം നൽകി.
പൊലീസ് ടെലികമ്യൂണിക്കേഷനിലെ കോൺസ്റ്റബിളിനാണ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഫിസിയോ വിഭാഗത്തിലെ ജോലി മതിയാക്കി തിരികെ യൂനിറ്റിൽ ജോലിയിൽ പ്രവേശിക്കാൻ എസ്.പി ജെ. ജയനാഥ് നിർദേശംനൽകിയത്. നാല് വർഷമായി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സ്പോർട്സ് വിഭാഗത്തിൽ വർക്കിങ് അറേഞ്ച്മെൻറിൽ ജോലിചെയ്യുന്ന ഈ പൊലീസുകാരന് ഐ.ജി, എ.ഡി.ജി.പി, ഡി.ജി.പി, മുൻ ഡി.ജി.പിമാർ എന്നിവരുടെ ‘ശരീരം നന്നാക്കലാ’യിരുന്നു ജോലി. ഒരു വനിതയടക്കം മൂന്ന് പൊലീസുകാരെയും സ്റ്റേഡിയത്തിൽ ഇദ്ദേഹത്തിെൻറ സഹായത്തിനായി നിയോഗിച്ചിരുന്നു.
പൊലീസിലെ തന്ത്രപ്രധാനമായ വിഭാഗമാണ് ടെലി കമ്യൂണിക്കേഷൻ. സാങ്കേതിക മേഖലയിൽ വിദഗ്ധനായ ഇദ്ദേഹം ഫിസിയോതെറപ്പിയിലും സർട്ടിഫിക്കറ്റ് കോഴ്സ് പാസായിട്ടുണ്ട്. ഇത് മനസ്സിലാക്കിയാണ് ഉന്നതരുടെ ‘ശരീരം മിനുക്കാൻ’ ഇദ്ദേഹത്തെ നിയോഗിച്ചത്. എന്നാൽ പുതിയ വിവാദങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെ പട്ടത്തെ ടെലി കമ്യൂണിക്കേഷൻ ആസ്ഥാനത്ത് റിപ്പയറിങ് വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. എന്നാൽ, വെള്ളിയാഴ്ച രാത്രിയോടെ ഡി.ജി.പിയുടെ ഓഫിസിൽനിന്ന് നേരിട്ട് എസ്.പിയെ വിളിച്ച് ശാസിക്കുകയും കോൺസ്റ്റബിളിനെ എത്രയുംപെട്ടന്ന് തിരികെവിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ശനിയാഴ്ച ഫിസിയോതെറപ്പി പരിശീലനത്തിന് ഇയാളെ എറണാകുളത്തേക്ക് അയക്കാനായിരുന്നു നിർദേശം. ഇതിെൻറ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥൻ വെള്ളിയാഴ്ച രാത്രിതന്നെ എറണാകുളത്തേക്ക് പോയി.
ഉദ്യോഗസ്ഥരുടെ ശരീരം മസാജ് ചെയ്യുന്നതിന് 30 ലക്ഷം രൂപയുടെ ഉപകരണം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഇറക്കാൻ പൊലീസ് ആസ്ഥാനത്തുനിന്ന് തീരുമാനമായിട്ടുണ്ട്. ഈ ഉപകരണം എങ്ങനെ ഉപയോഗിക്കണമെന്ന് സ്വകാര്യ കമ്പനിയിൽനിന്ന് പഠിക്കുന്നതിന് വേണ്ടിയാണ് ഇയാളെ എറണാകുളത്തേക്ക് അയച്ചത്. അതേസമയം പൊലീസ് ആസ്ഥാനത്തുനിന്നുള്ള നിർദേശപ്രകാരമാണ് ജീവനക്കാരനെ എറണാകുളത്തേക്ക് അയച്ചതെന്നും കൂടുതലൊന്നും തനിക്കറിയില്ലെന്നും എസ്.പി ജെ. ജയനാഥ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഒരു എസ്.ഐ അടക്കം ടെലി കമ്യൂണിക്കേഷനിലെ ഒമ്പത് പൊലീസുകാർ പൊലീസ് ആസ്ഥാനത്ത് ഒരു രേഖയുമില്ലാതെ വർഷങ്ങളായി ജോലിചെയ്യുന്നുണ്ട്. ‘കമ്യൂണിക്കേഷൻ ആൻഡ് കമ്പ്യൂട്ടർ ലാബ്’ എന്ന അനധികൃത തസ്തിക സൃഷ്ടിച്ചാണ് ഒമ്പത് പേരും സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫിസിന് താഴെ ജോലി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.