കേരളത്തിൽ പ്രവർത്തിക്കുന്നത് അമിത് ഷായുടെ പോലീസ്: സജീദ് ഖാലിദ്
text_fieldsതിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷ ഭരണമാണ് നിലനിൽക്കുന്നതെങ്കിലും അഭ്യന്തര വകുപ്പ് അമിത് ഷായുടെ നിയന്ത്രണത ്തിലാണെന്നാണ് പൗരത്വ ഭേദഗതി സമരങ്ങളോടുള്ള കേരള പോലീസിൻെറ സമീപനങ്ങളിൽ നിന്നും മനസ്സിലാകുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് പറഞ്ഞു. സെക്രട്ടറിയേറ്റിനു മുന്നിൽ വെൽഫെയർ പാർട്ടിയും ഫ്രട്ടേണിറ്റി മൂവ്മെൻറും സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസും ആർ.എസ്.എസും ചേർന്ന് ഡൽഹിയിൽ നടത്തുന്നത് മുസ്ലിം വംശഹത്യയാണ്. ഗുജറാത്തിൽ മോഡിയുടെ നേതൃത്വത്തിൽ അരങ്ങേറിയ കലാപത്തിൻെറ തുടർച്ച സൃഷ്ടിക്കാനാണ് ഡൽഹിയിൽ അമിത്ഷാ ശ്രമിക്കുന്നത്. ഇതിനു സൗകര്യം ഒരുക്കുന്ന ഇടപെടലുകളാണ് കെജ്രിവാൾ നേതൃത്വം നൽകുന്ന ഡൽഹി സർക്കാർ സ്വീകരിക്കുന്നത്. കേരളത്തിലെ സമരങ്ങളോട് തികഞ്ഞ അസഹിഷ്ണുത പുലർത്തുന്ന പിണറായി സർക്കാർ ആലുവയിൽ ഒരു പ്രകോപനവുമില്ലാതെ 37 പ്രവർത്തകരെ ജയിലിൽ അടച്ചിരിക്കുകയാണ്. ഇത് ആരെ സഹായിക്കാൻ വേണ്ടിയാണ് എന്ന് വിശദീകരിക്കാനുള്ള ബാധ്യത പിണറായിക്കുണ്ട്. സമരങ്ങളുടെ ജനാധിപത്യ മര്യാദയിൽ സമീപിച്ചില്ലെങ്കിൽ ശേഷിക്കുന്ന സംസ്ഥാനം കൂടി നഷ്ടപ്പെടുമെന്ന് ഇടതുപക്ഷം മനസ്സിലാക്കണമെന്ന് സജീദ് ഖാലിദ് പറഞ്ഞു.
പ്രതിഷേധ സംഗമത്തിൽ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് എൻ.എം അൻസാരി അധ്യക്ഷതവഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഷറഫുദ്ദീൻ കമലേശ്വരം, ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ലാ സെക്രട്ടറി ഇമാദ് വക്കം എന്നിവർ സംസാരിച്ചു. ഫ്രട്ടേണിറ്റി ജില്ലാ പ്രസിഡൻറ് ആദിൽ അബ്ദുൽ റഹിം സ്വാഗതവും ജില്ലാ സെക്രട്ടറി നാസിഹ നന്ദിയും പറഞ്ഞു. ആലുവയിൽ ട്രെയിൻ തടഞ്ഞ 37 പ്രവർത്തകർക്കുനേരെ പോലീസ് കള്ളക്കേസ് ചുമത്തിയതിൽ പ്രതിഷേധിച്ച് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു. ബിലാൽ വള്ളക്കടവ്, നബീൽ നാസർ, ഫായിസ് ശ്രീകാര്യം, അലി സവാദ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.