പൊലീസിൽ ഇനി കുടുംബശ്രീക്കാരും; സ്ത്രീ കർമസേന വരുന്നു
text_fieldsതിരുവനന്തപുരം: പൊലീസിന്‍റെ ഭാഗമായി കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി കർമസേന രൂപവത്കരിക്കും. സ്ത്രീ കർമസേനയെന്ന പേരിലാണ് കേരള പൊലീസിന്‍റെ ഭാഗമായി പ്രത്യേകസംഘം രൂപവത്കരിക്കുന്നത്. തെരഞ്ഞെടുക്കുന്നവർക്ക് യൂനിഫോമും പരിശീലനവും നൽകും. പദ്ധതിയുടെ രൂപരേഖ ഡി.ജി.പി അനിൽ കാന്ത് തയാറാക്കിക്കഴിഞ്ഞു. ഇനി സർക്കാർ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാകും തുടർ നടപടി.
പൊലീസിൽ ട്രാൻസ് ജെൻഡറുകളെ കൂടി ഉൾപ്പെടുത്തുന്നത് പരിഗണനയിലിരിക്കുമ്പോഴാണ് കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി പ്രത്യേക സേന വരുന്നത്. സേനാംഗങ്ങളായല്ല, സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റ് പോലെ പ്രത്യേക വിഭാഗമായിട്ടാകും ഇവരുടെ പ്രവർത്തനം. പൊലീസ് സ്റ്റേഷനുകളെ കൂടുതൽ സ്ത്രീസൗഹൃദമാക്കാനും സ്ത്രീസുരക്ഷ ഉറപ്പാക്കാനുമാണ് പുതിയ പദ്ധതി. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും കുടുംബശ്രീ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലുണ്ടാകണമെന്ന് വ്യവസ്ഥ ചെയ്യും.
നിയമസമിതിയുടെയും ഡി.ജി.പിയുടെയും ശിപാർശപ്രകാരമാണ് ഈ നീക്കം.പദ്ധതിയുടെ വിശദ രൂപരേഖ തയാറാക്കാൻ ഡി.ജി.പി അനിൽ കാന്തിന് ആഭ്യന്തര സെക്രട്ടറി നിർദേശം നൽകി. സമൂഹത്തിന്‍റെ അടിത്തട്ട് വരെ സ്വാധീനമുള്ള കുടുംബശ്രീ പ്രവർത്തകരെ പൊലീസിലും ഉപയോഗപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സമൂഹത്തിന്‍റെ എല്ലാ കോണിലേക്കും ഇറങ്ങി പ്രവർത്തിക്കുന്നതിനാലാണ് കുടുംബശ്രീ പ്രവർത്തകരെ പദ്ധതിയുടെ ഭാഗമാക്കാൻ തീരുമാനിച്ചത്.
കോവിഡ് പ്രതിരോധ പ്രവർത്തനമുൾപ്പെടെ കാര്യങ്ങൾ പൊലീസിന് അമിതഭാരം ഏൽപിച്ചിരുന്നു. ക്വാറന്‍റീൻ ലംഘനം ഉൾപ്പെടെ നടപ്പാക്കാൻ പൊലീസിന് ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.