ഇ ബുൾ ജെറ്റ് നിയമം ലംഘിച്ച ദൃശ്യം ബിഹാർ പൊലീസിന് കൈമാറി; യാത്രകളെ കുറിച്ച് അന്വേഷണം തുടങ്ങി
text_fieldsകണ്ണൂർ: ആര്‍.ടി ഓഫിസിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന കേസിൽ ജാമ്യത്തിലിറങ്ങിയ ഇ ബുൾ ജെറ്റ് യുട്യൂബർമാരായ എബിനും ലിബിനും ബുധനാഴ്ച അന്വേഷണസംഘത്തിനുമുന്നിൽ ഹാജരായി. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ ബുധനാഴ്ച രാവിലെ 11.30ഓടെ ഹാജരായ ഇവരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.
ഇരുവരും നടത്തിയ യാത്രകൾ, ഓൺലൈൻ പോസ്റ്റുകൾ തുടങ്ങിയ കാര്യങ്ങളാണ് ചോദിച്ചറിഞ്ഞത്. നിയമലംഘനങ്ങളെക്കുറിച്ച് സൈബർ പൊലീസ് സംഘവും അന്വേഷിക്കുന്നുണ്ട്. അപകടകരമായ വിധത്തിൽ ഉത്തരേന്ത്യയിൽ വാഹനമോടിച്ച സംഭവത്തിൽ നടപടിയെടുക്കാൻ ബിഹാർ പൊലീസിന് ദൃശ്യങ്ങൾ കൈമാറി.
കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞദിവസം അനുവദിച്ച ജാമ്യവ്യവസ്ഥ പ്രകാരമാണ് ഇവർ സ്റ്റേഷനിലെത്തിയത്. എല്ലാ ബുധനാഴ്ചകളിലും രാവിലെ 11 മുതൽ രണ്ടുവരെയുള്ള സമയങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നാണ് വ്യവസ്ഥ.
വീട്ടിൽ മോട്ടോർ വാഹന വകുപ്പ് നോട്ടീസ് പതിച്ചു
വാൻ രൂപമാറ്റം വരുത്തിയ സംഭവത്തിൽ, വാഹനത്തിെൻറ രജിസ്ട്രേഷൻ റദ്ദാക്കൽ അടക്കമുള്ള നടപടികളുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് വീട്ടിൽ നോട്ടീസ് പതിച്ചു. നോട്ടീസ് ഏറ്റുവാങ്ങാൻ ആരുമില്ലാത്ത സാഹചര്യത്തിലായിരുന്നു നടപടി. ഇരിട്ടി ജോ. ആർ.ടി ഓഫിസിലെ ഉദ്യോഗസ്ഥരാണ് നോട്ടീസ് പതിച്ചത്. ലൈസൻസ് റദ്ദാക്കാതിരിക്കാൻ ഏഴുദിവസത്തിനുള്ളിൽ നോട്ടീസിന് മറുപടി നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.