ന്യായീകരിക്കാൻ കഴിയുന്നതല്ല ഇതൊന്നും; കഴിഞ്ഞ ഒരു മാസം പൊതുജനത്തെ കേരള പൊലീസ് വേട്ടയാടിയതിങ്ങനെ
text_fieldsഅയ്യപ്പൻ എന്ന പേര് കേട്ടാൽ കേരളപൊലീസിലെ ഒരുദ്യോഗസ്ഥനും ഓർക്കാൻ മേൽവിലാസം അറിയണ്ട, ഫയലുകളും തപ്പണ്ട. അത്ര സുപരിചിതമാണ് എഴുകോൺ സ്വദേശി അയ്യപ്പനെന്ന പേര്. കേരള പൊലീസ് ചരിത്രത്തിൽ തന്നെ അപൂർവമായ ഫയലാണ് അയ്യപ്പൻ എന്ന േപരിലുള്ളത്. നിരപരാധിയായ അയ്യപ്പനെ 1996ൽ അന്യായമായി അറസ്റ്റ് ചെയ്ത് ക്രൂരമായ ലോക്കപ്പ് മർദനത്തിനാണ് ഇരയാക്കിയത്. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് 25 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ മാസമാണ് ഹൈക്കോടതി തടവുശിക്ഷ വിധിച്ചത്. പൊലീസിെൻറ ക്രൂരതക്കെതിരെ അയ്യപ്പനും കുടുംബവും നടത്തിയ പോരാട്ടം കേരള പൊലീസിനേൽപ്പിച്ച ക്ഷതം ചെറുതൊന്നുമല്ല.
ക്രൂരമായി മർദിക്കാനും പരസ്യമായി തെറിവിളിക്കാനും 'അയ്യപ്പൻമാരെ' നോക്കിനടക്കുന്നവർ ഇപ്പോഴും കേരള പൊലീസിലുണ്ട്. കോവിഡ് ലോക്ഡൗണിന് പിന്നാലെ പൊലീസിന് പിണറായി സർക്കാർ നൽകിയ അമിതാധികാരം കൂടിയായതോടെ സാധാരണക്കാരായ ഇവിടുത്തെ മനുഷ്യെര പൊലീസ് വേട്ടമൃഗങ്ങളെ പോലെയാണ് സമീപിക്കുന്നത്.
സംസ്ഥാനത്ത് പൊലീസ് ആരെയും മർദിക്കരുതെന്നാണ് സർക്കാറിന്‍റെ നിലപാടെന്നാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്. പക്ഷെ ഇത് പാലിക്കുന്ന ഒരു പൊലീസ് സ്റ്റേഷനെങ്കിലും കേരളത്തിലുണ്ടോയെന്ന് സർക്കാർ അന്വേഷിക്കണം.
അരി വാങ്ങാനിറങ്ങിയവരും കൂലിപ്പണിക്ക് പോയവരും കല്യാണവരനുമൊക്കെയാണ് തെരുവിൽ പൊലീസിെൻറ ക്രൂരമായ േവട്ടയാടലിന് ഇരയാവുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കേരള പൊലീസിെൻറ ക്രൂരതക്കിരയായ ചില മനുഷ്യർ ഇവരാണ് (ഇത് പുറത്തറിഞ്ഞ കേസുകൾ. അറിയപ്പെടാത്ത നിരവധി കേസുകൾ വേറെയുമുണ്ടാകാം....)
1 പാരിപ്പള്ളി പൊലീസ് - വൃദ്ധ വിൽപനക്ക് കൊണ്ടുവന്ന മത്സ്യം പൊലീസ് വലിച്ചെറിഞ്ഞു
കണ്ണില്ലാത്ത ക്രൂരതയായിരുന്നു പാരിപ്പള്ളി പൊലീസിേൻറത്. റോഡരികിലിരുന്നു കച്ചവടം ചെയ്ത വൃദ്ധയുടെ മത്സ്യം പൊലീസ് വലിച്ചെറിഞ്ഞു. പാരിപ്പള്ളി - പരവൂർ റോഡിൽ പാമ്പുറത്ത് ചരുവത്തിൽ മീൻ വിൽക്കാനെത്തിയ അഞ്ചുതെങ്ങ് സ്വദേശിയായ വൃദ്ധയുടെ മത്സ്യമാണ് പാരിപ്പള്ളി പൊലീസ് വലിച്ചെറിഞ്ഞത്.
16,000 രൂപയുടെ മത്സ്യത്തിൽ നിന്ന് 500 രൂപക്ക് മാത്രമേ വിൽപ്പന നടത്തിയുള്ളു എന്ന് വൃദ്ധ പറഞ്ഞിട്ടും പൊലീസ് ചെവികൊണ്ടില്ല. ദുരിത കാലത്ത് ഈ പ്രായത്തിലും മീൻകുട്ടയും ചുമന്ന് അവർ തെരുവിലേക്ക് വന്നത് എന്തുകൊണ്ടാകുമെന്ന് അറിയാഞ്ഞിട്ടൊന്നുമല്ല പൊലീസ് മീൻ എടുത്തെറിഞ്ഞിട്ടുണ്ടാവുക.
2 പാരിപ്പള്ളി പൊലീസ് - കല്യാണം കഴിക്കാൻ പോയ നവവരനെ റോഡിൽ തടഞ്ഞ് നിർത്തി പിഴയീടാക്കി
പാരിപ്പള്ളി - പരവൂർ റോഡിൽ പ്ലാവിൻമൂട് ജംഗ്ഷന് സമീപത്ത് തമ്പടിച്ച പൊലീസ് വഴിയോര കച്ചവടക്കാരെ മാത്രമല്ല വിവാഹ സ്ഥലത്തേക്ക് പോയ കാർ തടഞ്ഞു നിർത്തി നവവരനെവരെ പുറത്തിറക്കി നിർത്തി. പേരിനൊരു കാർ പരിശോധന നടത്തി. കാറിൽ ആളുകൾ കൂടുതലുണ്ടെന്ന കാരണം പറഞ്ഞ് വരന്‍റെ പിതാവിൽ നിന്നും രണ്ടായിരം രൂപ പിഴ ഈടാക്കിയ ശേഷമാണ് വിട്ടയച്ചത്.
ഇനിയും മുന്നോട്ട് പോകാൻ പറ്റില്ലെന്ന് തോന്നിയതോടെ വീട്ടുവളപ്പിൽ കൃഷി ചെയ്ത പച്ചക്കറികളുമായി വഴിയോര കച്ചവടത്തിനെത്തിയ സാധാരണക്കാരും ഇരകളായി. വൻ പിഴ ഈടാക്കി, എല്ലാവരെയും വീട്ടിലേക്ക് പറഞ്ഞയച്ചു. നിസഹായരായ സാധാരണക്കാർ കരഞ്ഞു പറഞ്ഞിട്ടും പൊലീസ് വഴങ്ങിയില്ല. മത്സ്യക്കച്ചവടക്കാരെയും വെറുതെ വിട്ടില്ല.
വാഹനങ്ങളിൽ മത്സ്യവില്പനക്കെത്തിയരെയാണ് പ്രധാനമായും ഇരകളായത്. എല്ലാവരുടെയും മൊബൈൽ ഫോൺ ആദ്യമേ വാങ്ങി കവറിലിട്ട് പൊലീസ് കൈവശം വച്ചു. പണമടക്കാനില്ലാത്തവർ വീട്ടിൽ പോയി പണം കൊണ്ടുവന്ന് അടച്ച ശേഷമാണ് മൊബൈൽ തിരികെ നൽകിയത്. അഞ്ഞൂറ് മുതൽ രണ്ടായിരം വരെയാണ് പിഴ ഇടാക്കിയത്
3 തൊണ്ടര്‍നാട് പൊലീസ് - ബാര്‍ബര്‍ ഷോപ്പിലെത്തിയ യുവാവിന് മർദനം
ബലിപെരുന്നാൾ തലേന്ന് രാത്രി ബാര്‍ബര്‍ ഷോപ്പിലെത്തിയ യുവാവിനെ തൊണ്ടര്‍നാട് പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചു. നിരവില്‍പുഴ സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ അരീക്കുഴി ഷക്കീർ പൊലീസ് സൂപ്രണ്ടിന് ഇതുസംബന്ധിച്ച് പരാതി നല്കി. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് വിവസ്ത്രനാക്കി പുലര്‍ച്ച വരെ മര്‍ദിച്ചതായാണ് പരാതി. വയറ് വേദന അനുഭവപ്പെട്ട ഷക്കീര്‍ മാനന്തവാടി ആശുപത്രിയില്‍ ചികിത്സ തേടി.
4 മാള പൊലീസ് -ചിക്കൻ വാങ്ങാനിറങ്ങിയയാൾക്കും ശിക്ഷ
കോഴി വാങ്ങാൻ പോയ ചെറുപ്പക്കാരനെ പൊലീസ് ആൻറിജൻ ടെസ്റ്റിന് പറഞ്ഞയച്ചു. പൂപ്പത്തി ഇരട്ടപ്പടി വൈലിക്കുടം മിഥുൻ സേവ്യറിനെയാണ് പൊയ്യ പൂപ്പത്തി ജങ്ഷനിൽ മാള പൊലീസ് തടഞ്ഞത്. താൻ വിദേശത്തുനിന്ന് അവധിക്ക് നാട്ടിലെത്തിയതാണെന്നും രണ്ട് ഡോസ് പ്രതിരോധ വാക്സിനും സ്വീകരിച്ചതാണെന്നും പറെഞ്ഞങ്കിലും ആൻറിജൻ ടെസ്റ്റിന് വിധേയനാവാൻ നിർബന്ധപൂർവം പറഞ്ഞയക്കുകയായിരുന്നു. ലോക്ഡൗൺ ആണെങ്കിലും ചിക്കൻ കടകളും മറ്റും തുറക്കുന്നതുകൊണ്ടു മാത്രമാണ് പുറത്തിറങ്ങിയതെന്ന് മിഥുൻ പറഞ്ഞു.
5 ചടയമംഗലം പൊലീസ് - ബാങ്കിൽ ക്യൂ നിന്നവർക്ക് പിഴയും പെറ്റിയും
ചടയമംഗലം പൊലീസിെൻറ ഭാഗത്ത് നിന്നുള്ള ദുരനുഭവം പൊതുസമൂഹം അറിഞ്ഞത് ഗൗരിനന്ദ എന്ന പെൺകുട്ടിയിലൂടെയായിരുന്നു. ബാങ്കിനു മുന്നിൽ ക്യൂ നിന്നവർക്ക് പെറ്റി നൽകാനിറങ്ങിയ പൊലീസുകാരോട് ഗൗരി തട്ടിക്കയറുന്ന വിഡിയോയിൽ പ്രകടമായത് പൊലീസിെൻറ മനോഭാവമായിരുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലലടക്കാൻ വരെ പൊലീസ് ശ്രമിച്ചു.
6 അമ്പലത്തറ പൊലീസ് -പശുവിന് പുല്ലരിയാനിറങ്ങിയയാൾക്ക് 2000 പിഴ
പശുവിന് പുല്ലരിയാൻ വിജനമായ പറമ്പിലേക്ക് ഇറങ്ങിയ ക്ഷീര കർഷകന് 2000രൂപ പിഴ. മൂന്ന് പൊലീസുകാർ വീട്ടിലെത്തിയാണ് പിഴയടക്കാൻ നോട്ടീസ് നൽകിയത്. പിഴ നൽകിയില്ലെങ്കിൽ കേസ് കോടതിയിലെത്തിച്ച് വലിയ പ്രയാസം നേരിടേണ്ടി വരുമെന്നായിരുന്നു പൊലീസിന്‍റെ ഭീഷണി. കോടോം-ബെളൂർ പഞ്ചായത്തിലെ അട്ടേങ്ങാനം പാറക്കൽ വേങ്ങയിൽ വീട്ടിൽ വി. നാരായണനോടാണ് കാസർകോട് അമ്പലത്തറ പൊലീസിെൻറ കണ്ണിൽ ചോരയില്ലാത്ത നടപടി.
ഭാര്യ ഷൈലജ കോവിഡ് പോസിറ്റിവായതോടെ കുടുംബം ഒറ്റപ്പെട്ടു. അരലക്ഷം രൂപ വായ്പയെടുത്താണ് ഇദ്ദേഹം പശുവിനെ വാങ്ങിയത്. പൊതുവെ കടുത്ത പ്രയാസം നേരിടുന്ന വേളയിലാണ് ഭാര്യക്ക് കോവിഡ് വന്നത്. 25 സെൻറ് പുരയിടത്തിൽ പുല്ലൊന്നുമില്ല. അതിനാൽ തൊട്ടടുത്തെ പറമ്പിൽ മാസ്കിട്ടശേഷം 46കാരനായ നാരായണൻ പുല്ലരിയാൻ പോകുകയായിരുന്നു. മക്കൾക്ക് സ്മാർട്ട് ഫോൺ വാങ്ങാൻ കടമെടുത്ത ഇയാൾ ഫൈനടക്കാനും ഒടുവിൽ കടംവാങ്ങി.
7 കൊയിലാണ്ടി പൊലീസ് - മകളെ ആശുപത്രിയിൽ കൊണ്ട് പോയതിന് പിതാവിന് പിഴ
മകളെ ഡോക്ടറെ കാണിക്കാൻ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പിതാവിനോട് പൊലീസ് അനാവശ്യമായി പിഴ ചുമത്തുകയും മോശമായി പെരുമാറുകയും ചെയ്തു. കാപ്പാട് ചെറിയപള്ളിക്കലകത്ത് നാസറാണ് പരാതിക്കാരൻ.
10 വയസ്സുള്ള മകളുമായി കാപ്പാടുനിന്ന് തിരുവങ്ങൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കു പോകുമ്പോൾ തിരുവങ്ങൂർ റെയിൽവേ ഗേറ്റിനും ദേശീയപാതക്കുമിടയിലെ വളവിൽ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് നാസറിനെ തടഞ്ഞുനിർത്തി. വാഹനത്തിെൻറ രേഖകൾ പരിശോധിച്ചു. എല്ലാം ശരിയായിരുന്നെങ്കിലും കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന് ആരോപിച്ച് 500 രൂപ പിഴ ചുമത്തിയെന്നാണു പരാതി. കോവിഡ് പ്രതിസന്ധിയിൽ വിദേശത്തെ ജോലി നഷ്ടപ്പെട്ട് നാട്ടിൽ കഴിയുകയാണെന്നും പൊലീസിെൻറ പ്രവൃത്തി വേദനിപ്പിച്ചെന്നും നാസർ മുഖ്യമന്ത്രിക്കും മറ്റും നൽകിയ പരാതിയിൽ പറഞ്ഞു.
8 ചവറ പൊലീസ് - വാക്സിനെടുക്കാനെത്തുന്നവരോടും കരുണയില്ലാതെ
വാക്സിനെടുക്കാനെത്തുന്ന വയോജനങ്ങൾ ഉൾപ്പെടെയുള്ളവരോടാണ് ചവറ പൊലീസ് മോശമായി പെരുമാറിയത്. നീണ്ടകര ഫൗണ്ടേഷൻ താലൂക്കാശുപത്രി, ചവറ ടൈറ്റാനിയം ജങ്ഷനിൽ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി. തിക്കിലും തിരക്കിലുംപെട്ട് അവശരായി മണിക്കൂറുകളോളം വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിൽക്കുന്നവരോട് പൊലീസ് സഭ്യമല്ലാത്ത രീതിയിലാണ് പെരുമാറുന്നതെന്ന് പറയപ്പെടുന്നു.
9 മേഞ്ചരിയിൽ ലോറി ൈഡ്രവർമാർക്ക് പിഴയോട് പിഴ
ചെങ്കൽ സർവിസിന് അനുമതി ഉണ്ടായിട്ടും ലോറികളെ തടഞ്ഞ് നിർത്തി പൊലീസും റവന്യൂ വകുപ്പും അന്യായമായി പിഴ ഈടാക്കിയതിനെതിരെ യുവാവ് പ്രതിഷേധവുമായി രംഗത്തെത്തിയപ്പോഴാണ് വിവരം പുറത്തുവന്നത്.
തനിക്കും തൻറെ ക്വാറിയിലെ മറ്റുഡ്രൈവർമാർക്കും കിട്ടിയ പിഴയടച്ച രസീതുകൾ നൂലിൽ കോർത്ത് മാലയാക്കി കഴുത്തിൽ അണിഞ്ഞായിരുന്നു പ്രതിഷേധം. ലോറി ഡ്രൈവറായ റിയാസിനും മറ്റു ഡ്രൈവർമാർക്കും ലോറിയിൽ കല്ലുകൊണ്ടുപോകുന്നതിനിടെ വിവിധ വകുപ്പ് അധികൃതർ അനാവശ്യമായി പിഴ ചുമത്തിയെന്നാണ് റിയാസ് പറയുന്നത്. 250 രൂപ മുതൽ 10,000 വരെ വിവിധ കാരണങ്ങൾ പറഞ്ഞു ഫൈൻ ഈടാക്കുന്നുവെന്നും ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും റിയാസ് പറയുന്നു.
10 തിരൂർ പൊലീസ് - വീട്ടാവശ്യങ്ങൾക്ക് സാധനങ്ങൾ വാങ്ങാനെത്തിയവർക്കും മർദനം
വീട്ടിലേക്കുള്ള പലചരക്ക് സാധനങ്ങൾ വാങ്ങാനിറങ്ങിയ മാധ്യമപ്രവർത്തകനായ കെ.പി.എം റിയാസിനെ അടക്കമുള്ളവരെ പുതുപ്പള്ളി കനാൽ പാലം പള്ളിക്ക് സമീപത്തുവെച്ച് തിരൂർ സി.ഐ ടി.പി. ഫർഷാദ് ക്രൂരമായാണ് മർദിച്ചത്.
കൈയിലും തോളിലും കാലിലും ലാത്തികൊണ്ടുള്ള അടിയിൽ മുറിവേറ്റു. റിയാസ് തിരൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കല്ലിനാട്ടിക്കൽ മുഹമ്മദ് അൻവറിനും (36) പൊലീസിന്‍റെ മർദനമേറ്റു. പ്രതിഷേധങ്ങൾക്കൊടുവിൽ സി.ഐയെ സർക്കാർ സ്ഥലം മാറ്റിയിരുന്നു.
ഇതാകരുത് പൊലീസ് മാതൃക
ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ ഉദ്ഘാടന ചടങ്ങിൽ മുൻ ഡി.ജി.പിയടക്കം ഉന്നത പൊലീസ് ഒാഫിസർമാർ കോവിഡ് മാനദണ്ഡം ലംഘിച്ച് പങ്കെടുത്തത് വലിയ വിമർശനമുണ്ടാക്കിയിരുന്നു.
അതിനെതിരെ പരാതി സ്വീകരിക്കാനാവില്ലെന്നാണ് പൊലീസ് തന്നെ വിശദീകരിച്ചത്. പൊതുജനങ്ങൾക്ക് മാതൃകയാകേണ്ട സേനയുടെ ഭാഗത്ത് നിന്നുള്ള സമീപനങ്ങൾ തികച്ചും തെറ്റിെൻറ വഴിയിലാണ്.
കോവിഡ് പോലുള്ള മഹാമാരിയുടെ കാലത്ത് പൊലീസിെൻറ സേവനം നാടിന് അനിവാര്യമാണ്. എന്നാൽ അത് ലാത്തിയും പിഴ റെസീതും കൊണ്ടല്ല നടപ്പാക്കേണ്ടത്. നിത്യചെലവിന് പോലും വകയില്ലാതെ കഷ്ടപ്പെടുകയാണ് മനുഷ്യർ. അവരോട് അൽപമെങ്കിലും 'കരുതൽ' ആകാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.