ഓപറേഷൻ ആഗ്: ഒറ്റദിവസം പിടിയിലായത് 2,557 ഗുണ്ടകള്‍
text_fieldsതിരുവനന്തപുരം: ഗുണ്ടകൾക്കും ക്രിമിനലുകൾക്കുമെതിരെ ‘ഓപറേഷൻ ആഗ്’ എന്ന പേരിൽ പൊലീസിന്‍റെ സംസ്ഥാനവ്യാപക നടപടി. ശനിയാഴ്ച രാത്രി 11 ഓടെ തുടങ്ങിയ പരിശോധനയിൽ സംസ്ഥാനത്ത് ഒരേസമയം 3,501 കേന്ദ്രങ്ങളിൽനിന്നായി 2,557 പേരെ അറസ്റ്റ്ചെയ്തു. ഇതുമായി ബന്ധപ്പെട്ട് 1,673 കേസുകളും വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തു. ഇന്റലിജന്‍സ് നല്‍കിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് ജില്ല പൊലീസ് മേധാവിമാര്‍ റെയ്ഡ് നടപടികളുമായി മുന്നോട്ടുപോയത്.
അതേസമയം കുപ്രസിദ്ധഗുണ്ടകളാരും പിടിയിലായിട്ടില്ല. ഗുണ്ടാ പ്രവർത്തനങ്ങള്‍ അമർച്ച ചെയ്യുന്നതിനെക്കുറിച്ച് ചർച്ചചെയ്യാൻ ഈ മാസം 13ന് ഡി.ജി.പി ജില്ല പൊലീസ് മേധാവിമാരുടെ യോഗം വിളിച്ചു. ഓപറേഷൻ ആഗിന്‍റെ പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് ജില്ല പൊലീസ് മേധാവിമാർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ പേര്‍ പിടിയിലായത്. തിരുവനന്തപുരം സിറ്റിയില്‍ 113 പേരും റൂറലില്‍ 270 പേരും അറസ്റ്റിലായി. സാധാരണ ഒരു ജില്ല കേന്ദ്രീകരിച്ചായിരുന്നു ഗുണ്ടകള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിരുന്നത്. പൊലീസ് ഉദ്യോഗസ്ഥരില്‍നിന്ന് വിവരം ചോര്‍ന്നുകിട്ടുന്ന ഗുണ്ടകൾ അടുത്ത പ്രദേശങ്ങളിലേക്ക് മാറുകയായിരുന്നു പതിവ്. എന്നാൽ, ഇത്തവണ ഒരേസമയം സംസ്ഥാന വ്യാപകമായി നടത്തിയ ഓപറേഷനില്‍ ഗുണ്ടകളും സാമൂഹികവിരുദ്ധരും അടക്കമുള്ളവര്‍ കുടുങ്ങുകയായിരുന്നു.
കാപ്പ കേസില്‍ അടക്കം പിടികിട്ടാപ്പുള്ളികളായി നടന്നവരും പിടിയിലായിട്ടുണ്ട്. ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നവര്‍, പൊതുജനസുരക്ഷക്ക് ഭംഗം വരുത്തുന്ന തരത്തിലുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍, കോടതികളില്‍നിന്നുള്ള വിവിധ വാറന്റ് കേസുകളില്‍ പ്രതികളായവര്‍ തുടങ്ങിയവരും പിടിയിലായവരില്‍ ഉള്‍പ്പെടും. ഇവരുടെ വിരലടയാളമുള്‍പ്പെടെ ശേഖരിച്ച് കുറ്റവാളികളുടെ ഡേറ്റ ബാങ്ക് തയാറാക്കും. കരുതല്‍ തടങ്കല്‍ ഉള്‍പ്പെടെയാണ് അറസ്റ്റ്. ശനിയാഴ്ച രാത്രി തുടങ്ങിയ റെയ്ഡ് ചിലയിടങ്ങളില്‍ ഞായറാഴ്ച വൈകീട്ട് വരെ തുടര്‍ന്നു.
കേസുകളുടെ എണ്ണം, കരുതല്‍ തടങ്കല്‍, അറസ്റ്റ് ക്രമത്തില്‍
തിരുവനന്തപുരം സിറ്റി 22, 113
തിരുവനന്തപുരം റൂറൽ 217, 270
കൊല്ലം സിറ്റി 30, 51
കൊല്ലം റൂറല്‍ 104, 110
പത്തനംതിട്ട 0, 32
ആലപ്പുഴ 64, 134
കോട്ടയം 90, 133
ഇടുക്കി 0, 99
എറണാകുളം സിറ്റി 49, 105
എറണാകുളം റൂറല്‍ 37, 107
തൃശൂര്‍ സിറ്റി 122, 151
തൃശൂര്‍ റൂറല്‍ 92, 150
പാലക്കാട് 130, 168
മലപ്പുറം 53, 168
കോഴിക്കോട് സിറ്റി 69, 90
കോഴിക്കോട് റൂറല്‍ 143, 182
വയനാട് 109, 112
കണ്ണൂര്‍ സിറ്റി 130, 136
കണ്ണൂര്‍ റൂറല്‍ 127, 135
കാസർകോട് 85, 111
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.