ദേശീയ പതാകയെ അവഹേളിച്ച ആമസോണിനെതിരെ 10 മാസത്തിന് ശേഷം കേസെടുത്ത് കേരള പൊലീസ്
text_fieldsതിരുവനന്തപുരം: ദേശീയ പതാകയെ അവഹേളിച്ചതിന്‍റെ പേരിൽ ഓൺലൈൻ റീടെയ്ൽ പ്ലാറ്റ് ഫോം ആയ ആമസോണിനെതിരെ തിരുവനന്തപുരം ഫോർട്ട് പൊലീസ് കേസെടുത്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് എസ്.എസ്. മനോജ് നൽകിയ പരാതിയിലാണ് 10 മാസത്തിന് ശേഷം കേസ് രജിസ്റ്റർ ചെയ്തത്. 2022 ജനുവരി 25ന് നൽകിയ പരാതിയിലാണ് നവംബർ 15ന് കേസെടുത്തത്.
റിപബ്ലിക്ക് ദിന വിപണി ലക്ഷ്യം വച്ച് ചെരുപ്പ്, റ്റീ ഷർട്ട്, മിഠായി തൊലി, ചുരിദാർ, സിറാമിക് കപ്പ് തുടങ്ങി വസ്തുക്കളിൽ ദേശീയ പതാക പ്രിന്‍റ് ചെയ്ത് വിപണനത്തിനായി ആമസോൺ പോർട്ടലിൽ പ്രദർശിപ്പിച്ചിരുന്നു. ഉൽപന്നത്തിന്‍റെ സ്ക്രീൻ ഷോട്ട് സഹിതം ശേഖരിച്ചാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഡി.ജി.പി, തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ എന്നിവർക്ക് പരാതി നൽകിയത്.
ദേശീയ ആദര നിയമം-1971 സെക്ഷൻ 2, ഇന്ത്യൻ ഫ്ലാഗ് കോഡ്-2002 (സെക്ഷൻ 2.1 (iv) & (v)) പ്രകാരം കടുത്ത ലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് (CAIT) ദേശീയ സെക്രട്ടറി കൂടിയായ എസ്.എസ്. മനോജ് പത്ത് മാസമായി നടത്തിയ പരിശ്രമത്തെ തുടർന്നാണ് ഇപ്പോൾ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ആമസോൺ പോർട്ടലിലൂടെ വിഷഗുളികൾ ഓർഡർ ചെയ്ത് വാങ്ങി കഴിച്ച് ആളുകൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളിലും പോർട്ടലിലൂടെ കഞ്ചാവ് വിറ്റതിന്റെ പേരിലും ആമസോണിനെതിരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കേസുകൾ നിലവിലുണ്ട്. നിയമ വിരുദ്ധമായ വ്യാപാര ഇടപെടലിനെ തുടർന്നുള്ള പരാതിയിന്മേൽ കോമ്പറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ (CCI) 200 കോടി രൂപ പിഴ ചുമത്തിയിരുന്നു.
രാജ്യത്തെ നിയമ വ്യവസ്ഥിതിയെ വെല്ലുവിളിച്ചും സ്ഥിരമായി ലംഘിച്ചും ദേശീയ പതാകയെയും അതുവഴി ഇന്ത്യൻ ദേശീയതയെയും അപമാനിച്ചും രാജ്യത്ത് പ്രവർത്തിക്കുന്ന ആമസോൺ പോലുള്ള വിദേശ ഓൺലൈൻ കമ്പനികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും പ്രവർത്തനം നിരോധിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നേതാക്കളായ കെ. ഹസൻകോയ, കമലാലയം സുകു, പാപ്പനംകോട് രാജപ്പൻ, അഞ്ചൽ എം. നസീർ, കെ. എം. നാസറുദ്ദീൻ എന്നിവർ വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.