വയർലസ് സന്ദേശം ഹർത്താലനുകൂലികൾക്ക് ചോർത്തി; പൊലീസുകാർക്കെതിരെ നടപടി വന്നേക്കും
text_fieldsപാലക്കാട്: ശബരിമല യുവതീപ്രവേശനത്തിൽ പ്രതിഷേധിച്ച് സംഘ്പരിവാർ സംഘടനകൾ നടത്തിയ ഹർത്താൽ ദിനത്തിൽ, പാലക്കാട്ട് പൊലീസ് വയർലസിലെ സന്ദേശങ്ങൾ സ്വകാര്യ ചാനലിനും സമരാനുകൂലികൾക്കും ചോർത്തിനൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും. വയർലസ് സന്ദേശം ഫോണിൽ റെക്കോഡ് ചെയ്ത് പുറത്തുവിട്ട നാല് പൊലീസുകാരെ തിരിച്ചറിഞ്ഞു.
ഇവർക്കെതിരെ സൗത്ത് പൊലീസ് കേസെടുത്തു. മൂന്നുവർഷം വരെ തടവും പിഴയും ലഭിക്കാവുന്നതും ജാമ്യമില്ലാവകുപ്പുകളടക്കം ചുമത്തിയുമാണ് കേസ്. കുറ്റം തെളിഞ്ഞാൽ ഇവരെ പിരിച്ചുവിട്ടേക്കും. ഹർത്താൽ ദിനത്തിൽ ആക്രമണമുണ്ടാകാതെ സൂക്ഷിക്കണമെന്നും സ്ഥിതിഗതികൾ നിയന്ത്രിക്കണമെന്നും പാലക്കാട് ജില്ല പൊലീസ് മേധാവി ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം നാല് പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോർത്തി സമരാനുകൂലികൾക്ക് നൽകുകയായിരുന്നു. തുടർന്ന് എസ്.പി ഇടത് അനുഭാവിയാണെന്നും സമരം പൊളിക്കാൻ ശ്രമിക്കുകയാണെന്നുമടക്കം സ്വകാര്യചാനൽ വാർത്ത നൽകി.
നഗരത്തിലെ പൊലീസുകാർക്കിടയിൽ ബി.ജെ.പി ഫ്രാക്ഷൻ രൂപവത്കരിക്കാൻ ചില പ്രാദേശികനേതാക്കളടക്കം മുൻകൈയെടുത്തിരുന്നെന്നും ഇരുപതോളം പൊലീസുകാരുമായി ഇവർ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെന്നും സൂചനയുണ്ട്. സമരദിനത്തിൽ പൊലീസ് നീക്കങ്ങൾ ചോർത്തിയതോടെ അക്രമങ്ങൾക്ക് നേതൃത്വം നൽകിയ പലർക്കും രക്ഷപ്പെടാൻ വഴിയൊരുങ്ങി. രഹസ്യവിവരങ്ങൾ ചോർത്തി നൽകിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.