ലഹരി വിൽപ്പനക്കാരെ കരുതിക്കോ, തലക്ക് മുകളിലുണ്ട് കാമറ കണ്ണുകൾ; ഡ്രോൺ ഉപയോഗിച്ച് കേരള പൊലീസ്
text_fieldsപുതിയ സാങ്കേതിക വിദ്യയുടെ വഴിയെ സഞ്ചരിക്കുകയാണ് കേരള പൊലീസ്. മോഷ്ടാക്കളെ പിടികൂടാൻ എ.ഐ. ഉപയോഗിക്കുമ്പോൾ, ലഹരി വിൽപ്പനക്കാരെ പിടികൂടാ ഡ്രോണാണ് ഉപയോഗിക്കുന്നത്. ഓരോ പൊലീസ് സ്റ്റേഷനിലെയും ലഹരിയുമായി ബന്ധപ്പെട്ട കേസുകളിലാണ് ഡ്രോൺ തുടക്കത്തിൽ പരിശോധന നടത്തുന്നത്. നിലവിൽ, കണ്ണൂർ സിറ്റി പൊലീസ് പരിധിയിലെ ഏഴെണ്ണത്തിൽ ഇതിനകം പരിശോധന നടത്തി. സ്ഥിരമായി ലഹരി വിൽപന നടക്കുന്നുവെന്ന് സംശയിക്കുന്ന സ്ഥലങ്ങളിലും പരിശോധന നടത്തും. ബസ്‍സ്റ്റാന്റുകൾ, പാർക്കിംങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഇനി ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടക്കും. ഇതിന്റെ ലൊക്കേഷൻ വീഡിയോയും ഫോട്ടോയും അതത് പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും. ഡയരക്ടർ ജനറൽ ഓഫ് ഏവിയേഷന്റെ കീഴിൽ പരിശീലനം ലഭിച്ച 45 പൊലീസ് സംഘങ്ങളാണിത് കൈകാര്യം ചെയ്യുന്നത്. സൈബർ ഡോമിന്റെ ചുമതലയുളള എ.ഡി.ജി.പി പ്രകാശാണ് സംസ്ഥാന തലമേൽ നോട്ടം വഹിക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് (എ.ഐ) സഹായത്തോടെ കുറ്റവാളികളെ മുഖലക്ഷണം നോക്കി തിരിച്ചറിയാനുള്ള സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുകയാണ് കേരള പൊലീസ്. ഇനി മോഷ്ടാവ് ഏത് വേഷത്തിൽ ഒളിവിൽ കഴിഞ്ഞാലും പിടിവീഴും. കേരള പൊലീസ് വികസിപ്പിച്ചെടുത്ത പൊലീസ് ആപ്ലിക്കേഷനായ ഐ കോപ്സില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ തിരിച്ചറിയാനുള്ള എഫ്.ആർ.എസ് (ഫേസ് റെക്കഗ്നിഷന്‍ സിസ്റ്റം) ആരംഭിച്ചിരിക്കുകയാണ്.
കേരള പൊലീസിലെ സി.സി.ടി.എന്‍.എസ് ഡിവിഷനിലെ സാങ്കേതിക വിദഗ്ധരായ പൊലീസ് ഉദ്യോഗസ്ഥരാണ് ഈ സോഫ്റ്റ്വയര് തയാറാക്കിയിരിക്കുന്നത്. ഐ കോപ്സ് ക്രിമിനല്‍ ഗാലറിയില്‍ സൂക്ഷിച്ചിട്ടുള്ള ഒന്നര ലക്ഷത്തോളമുള്ള കുറ്റവാളികളുടെ ചിത്രങ്ങളുമായി എഐ ഇമേജ് സെര്‍ച്ച് സംവിധാനം ഉപയോഗിച്ച് സംശയിക്കുന്ന പ്രതികളുടെ ചിത്രം താരതമ്യം ചെയ്താണു കുറ്റവാളികളെ തിരിച്ചറിയുക.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് എടുത്ത ഫോട്ടോ പോലും നിമിഷങ്ങള്‍ക്കകം മറ്റ് ചിത്രങ്ങളുമായി ഒത്തു നോക്കാനാകും. ഇതിലൂടെ ആള്‍മാറാട്ടം നടത്തി മുങ്ങി നടക്കുന്നവരെ തിരിച്ചറിയാൻ എളുപ്പം കഴിയും. അടുത്തിടെ പിടിയിലായ ഒരു പ്രതിയുടെ കൂടുതല്‍ തട്ടിപ്പുകള്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞത് ഈ രംഗത്തെ ആത്മവിശ്വാസം വർധിപ്പിക്കുകയാണ്. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷന് പരിധിയിലെ പള്ളിയുടെ ഭണ്ഡാര മോഷണശ്രമത്തിനിടെ ഒരാളെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയിരുന്നു. എന്നാൽ, ഇയാൾ കുറ്റക്കാരനല്ലെന്ന രീതിയിലായിരുന്നു പെരുമാറിയത്. എന്നാല്‍, പ്രതിയുടെ ചിത്രം ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ കാദര്‍ ബാഷ @ ഷാനവാസ് എന്ന് മോഷ്ടാവാണെന്ന് പൊലീസിനു മനസിലായി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസിനു മനസിലാകുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പൊലീസ് രജിസ്റ്റര്‍ ചെയ്ത നിരവധി മോഷണ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും വാറന്റുകള്‍ ഉള്ളയാളാണെന്നും തിരിച്ചറിയാൻ കഴിഞ്ഞു. മോഷ്ടാക്കളെ മാത്രമല്ല കാണാതാകുന്നവരെ കുറിച്ചുള്ള അന്വേഷണത്തിനും ഈ സംവിധാനം സഹായിക്കും. കേരളത്തിലെ എല്ലാ സ്റ്റേഷനിലും കാണാതാവരെ കുറിച്ചുള്ള കേസുകൾ രജിസ്റ്റർ ചെയ്തു കിടപ്പുണ്ട്. ഇവരിൽ പലരും സംസ്ഥാനത്തിന്റെ തന്നെ പലഭാഗത്തായി പലപേരുകളിൽ കഴിഞ്ഞു കൂടുകയാവാം. പൊതുവെ പൊലീസിന് പുതിയ സംവിധാനം ഏറെ ഗുണം ചെയ്യുമെന്നാണ് കണക്ക് കൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.