ആശുപത്രി പ്രവർത്തനം ഭാഗികമാക്കുമെന്ന് മാനേജുമെൻറുകൾ; സമരം ശക്തമാക്കുമെന്ന് നഴ്സുമാർ
text_fieldsതിരുവനന്തപുരം: ശമ്പളവർധന ആവശ്യപ്പെട്ട് സമരം നടത്തുന്ന സ്വകാര്യ ആശുപത്രി നഴ്സുമാർ 17 മുതൽ സമ്പൂർണ പണിമുടക്ക് പ്രഖ്യാപിച്ചതിനെത്തുടർന്ന് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ സർവിസുകൾ നിർത്തിവെച്ച് ഭാഗികമായി പ്രവർത്തിപ്പിക്കാൻ തീരുമാനം. അസോസിയേഷന് ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ് ഇന്ത്യ തിരുവനന്തപുരം ചാപ്റ്റര്‍ ഭാരവാഹികള്‍ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച മുതൽ നഴ്സുമാര്‍ ആരംഭിക്കുന്ന സമരത്തെക്കുറിച്ച് നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് തീരുമാനം.
കിടത്തിചികിത്സയും ശസ്ത്രക്രിയകളും നിർത്തിവെക്കും. അത്യാഹിതവിഭാഗം, അത്യാവശ്യ ശസ്ത്രക്രിയകൾ, പരിമിതമായ ഒ.പി എന്നിവയേ ഉണ്ടാകൂ. ഐ.സി.യുവിലേക്ക് പുതിയ രോഗികളെ പ്രവേശിപ്പിക്കില്ല. ഡയാലിസിസ്, പ്രസവവിഭാഗം എന്നിവ പ്രവര്‍ത്തിക്കും. കാത്ത്ലാബില് പ്രാഥമിക ആന്‍ജിയോ പ്ലാസ്റ്റി മാത്രമേ നടത്തൂവെന്നും അവർ അറിയിച്ചു. ജൂലൈ 11ന് നഴ്സുമാര്‍ നടത്തിയ സൂചന പണിമുടക്ക് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതാണ് സേവനങ്ങള്‍ പരിമിതപ്പെടുത്താന്‍ മാനേജ്മെൻറുകളെ പ്രേരിപ്പിച്ചത്.
തിങ്കളാഴ്ച മുതല്‍ സ്വകാര്യ ആശുപത്രികള്‍ ഭാഗികമായി മാത്രമേ പ്രവര്‍ത്തിക്കൂ. വേതനവര്ധനവിെൻറ ആവശ്യമുണ്ടെന്ന് സമ്മതിക്കുെന്നന്നും എന്നാല്‍ അത് ജനങ്ങള്‍ക്കും ആശുപത്രികള്‍ക്കും അമിതഭാരമുണ്ടാക്കുന്ന രീതിയിലാവരുതെന്ന് നിർബന്ധമുണ്ടെന്നും ഭാരവാഹികളായ ഡോ. എം.ഐ. സഹദുല്ല, ഡോ. മാര്‍ത്താണ്ഡംപിള്ള, ഡോ. ജോണ്‍പണിക്കര്‍, പി.കെ. നഹാസ്, ഇ.എം. നജീബ്, ഡോ. എബ്രഹാം തോമസ്, ഡോ. രാജേഷ് വിജയൻ, ഡോ. ഏല്യാസ്, ശിവൻകുട്ടി തുടങ്ങിയവര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ 17 മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങും. ജില്ല കേന്ദ്രങ്ങളില്‍ സത്യഗ്രഹമിരിക്കുന്നവര് 21 മുതല്‍ സെക്രട്ടേറിയറ്റ് പടിക്കലേക്ക് സമരം മാറ്റുമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷന് (യു.എൻ.എ) പ്രസിഡൻറ് ജാസ്മിന്‍ഷാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുപ്രീംകോടതിയും ബലരാമന്, വീരകുമാര്‍ കമ്മിറ്റികളും നിർദേശിച്ച ശമ്പളം പ്രഖ്യാപിക്കുംവരെ അനിശ്ചിതകാലം സെക്രട്ടേറിയറ്റ് വളയുംവിധം സമരം ചെയ്യാൻ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
നഴ്സുമാർ സമരത്തിൽനിന്ന് പിന്മാറണം -മന്ത്രി
പകര്‍ച്ചപ്പനി കണക്കിലെടുത്ത് നഴ്സുമാരുടെ സംഘടനകൾ സമരത്തില്‍നിന്ന് പിന്മാറണമെന്ന് മന്ത്രി കെ.കെ. ശൈലജ. ആശുപത്രികള്‍ അടച്ചിട്ട് സമ്മര്ദംചെലുത്തിയാൽ നേരിടും. ആശുപത്രികള്‍ അടച്ചിട്ടാല്‍ പകര്‍ച്ചവ്യാധി മരണം കൂടും. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രംപോര. നഴ്സുമാര്‍ക്കും ആശുപത്രികള്‍ക്കും ഉത്തരവാദിത്തം വേണം. നഴ്സുമാരുടെ പ്രശ്നം പരിഹരിക്കാൻ സര്‍ക്കാര്‍ എല്ലാം ചെയ്തിട്ടുണ്ട്.
മന്ത്രിയുടെ വാദം നുണ –യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ
തൃശൂർ: നഴ്സുമാരുടെ പ്രശ്നം പരിഹരിക്കാൻ സര്‍ക്കാര്‍ എല്ലാം ചെയ്തതായി ആരോഗ്യമന്ത്രി ആവര്‍ത്തിക്കുന്നത് നുണയാണെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷന് (യു.എൻ.എ) പ്രസിഡൻറ് ജാസ്മിന്‍ഷാ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരോഗ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചെന്നാണ് സംശയം. മുന്‍കാലങ്ങളില്‍ ഒപ്പം നിന്ന മുഖ്യമന്ത്രി വസ്തുത മനസ്സിലാക്കി നഴ്സുമാര്‍ക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികള്‍ അടച്ചിടുമെന്ന മാനേജ്മെൻറ് ഭീഷണിയുടെ സാഹചര്യത്തില്‍ സമരം ശക്തമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.