വൊക്കേഷനൽ ഇൻസ്ട്രക്ടർ ഇൻ നഴ്സിങ്: പി.എസ്.സി നടത്തിയത് ‘അമേരിക്കൻ മോഡൽ’ പരീക്ഷ
text_fieldsതിരുവനന്തപുരം: വൊക്കേഷനൽ ഇൻസ്ട്രക്ടർ ഇൻ ഡൊമസ്റ്റിക് നഴ്സിങ് പരീക്ഷക്ക് ‘അമേരിക്കൻ നഴ്സിങ് പരീക്ഷ’ നിലവാരത്തിൽ ചോദ്യങ്ങൾ ചോദിച്ച് പി.എസ്.സി ഉദ്യോഗാർഥികളെ വട്ടംകറക്കി. ബുധനാഴ്ച വാഹനപണിമുടക്ക് ദിവസം രാവിലെ 7.30ന് നടന്ന പരീക്ഷക്ക് ഏറെ ബുദ്ധിമുട്ടിയെത്തിയവർക്കാണ് പി.എസ്.സി വക ഇരുട്ടടി. തസ്തികക്ക് ആവശ്യമായ ചോദ്യങ്ങൾ ഒഴിവാക്കി ഉയർന്ന നിലവാരത്തിൽ ചോദിച്ച് ബുദ്ധിമുട്ടിച്ചത് സംബന്ധിച്ച് ഉദ്യോഗാർഥികൾ പി.എസ്.സി ചെയർമാന് പരാതി നൽകി.
ഡൊമസ്റ്റിക് നഴ്സിങ് പഠിപ്പിക്കുന്ന വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിലേക്ക് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് സംസ്ഥാനതലത്തിൽ നിയമനം നടത്താനായിരുന്നു പരീക്ഷ. ജനറൽ നഴ്സിങ്ങായിരുന്നു അടിസ്ഥാന യോഗ്യത. ജനറൽ നഴ്സിങ്ങിനും താഴെയുള്ള വി.എച്ച്.എസ്.ഇ ഡൊമസ്റ്റിക് നഴ്സിങ് നിലവാരത്തിലുള്ള ചോദ്യങ്ങളായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്.
പരമാവധി ജനറൽ നഴ്സിങ് നിലവാരവും. എന്നാൽ, നഴ്സിങ് വിഷയങ്ങളിൽ നിന്നുവന്ന എല്ലാ ചോദ്യങ്ങളും എം.എസ്സി നഴ്സിങ്ങിനെക്കാൾ ഉയർന്ന നിലവാരത്തിലായിരുന്നുവെന്ന് ഉദ്യോഗാർഥികൾ പരാതിപ്പെടുന്നു. നഴ്സിങ്ങിൽ എം.എസ്സിയും എം.ഫിലും കഴിഞ്ഞവരും പരീക്ഷ എഴുതിയിരുന്നു. അവർക്കുപോലും മിനിമം കട്ട് ഒാഫ് മാർക്ക് നേടാൻ പറ്റാത്ത തലത്തിലായിരുന്നു ചോദ്യങ്ങൾ. അമേരിക്കയിൽ നഴ്സിങ് ജോലിക്ക് ആവശ്യമായ ‘എൻക്ലെക്സ് ആർ.എൻ’ പരീക്ഷ രീതിയിലും നിലവാരത്തിലുമായിരുന്നു എല്ലാ ചോദ്യങ്ങളും. ഇത്തരം ചോദ്യങ്ങൾ ജനറൽ നഴ്സിങ് അടിസ്ഥാന യോഗ്യതയായ പി.എസ്.സി പരീക്ഷകൾക്ക് ചോദിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
പ്രധാന വിഷയങ്ങൾക്ക് പുറമെ പൊതുവിജ്ഞാനം, സമകാലിക വിഷയങ്ങൾ, കേരള നവോത്ഥാനം എന്നിവ അടിസ്ഥാനമാക്കിയും ചോദ്യങ്ങളുണ്ടായിരുന്നു. ഇവയിൽ സമകാലികം എന്ന വിഷയത്തിലെ ചോദ്യങ്ങൾ അഞ്ചും ആറും വർഷം മുമ്പുള്ള സമകാലികമെന്നും പൊതുവിജ്ഞാനങ്ങളിൽ പിശകുണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കി.
2017 ഏപ്രിലിലെ സ്റ്റാഫ് നഴ്സ് പരീക്ഷകളിലും ഇത്തരം പരാതികൾ പി.എസ്.സിക്കെതിരെ ഉയർന്നിരുന്നു. ഈ പരീക്ഷയിൽ പല തെറ്റായ ഉത്തരങ്ങളും അന്തിമ ഉത്തരസൂചികയിൽ ഇടംപിടിച്ചിരുന്നു. അന്തിമ ഉത്തരസൂചികയിൽ തെറ്റെന്ന് ബോധ്യമായാലും അവ തിരുത്താറില്ലെന്നും ആക്ഷേപമുണ്ട്. തെറ്റായ ഉത്തരങ്ങൾ നൽകുന്നതും അതിനെതിരായ അപ്പീൽ പരിഗണിക്കാതിരിക്കുന്നതും പതിവായിട്ടുണ്ട്.അതേസമയം, വൊക്കേഷനൽ ഇൻസ്ട്രക്ടർ ഇൻ ഡൊമസ്റ്റിക് നഴ്സിങ് പരീക്ഷ സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടില്ലെന്നും കിട്ടായാൽ പരിശോധിക്കുമെന്നും പി.എസ്.സി പരീക്ഷ കൺട്രോളർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.