കേരള പി.എസ്.സി എൽ.ഡി ക്ലർക്ക് വിജ്ഞാപനമായി; ജനുവരി മൂന്നുവരെ അപേക്ഷിക്കാം
text_fieldsതിരുവനന്തപുരം: 18 ലക്ഷത്തോളം ഉദ്യോഗാർഥികളുടെ കാത്തിരിപ്പിന് വിരാമമിട്ട് വിവിധ വകുപ്പുകളിലെ ക്ലർക്ക് (എൽ.ഡി.സി) തസ്തികയിലേക്കുള്ള വിജ്ഞാപനം പി.എസ്.സി പ്രസിദ്ധീകരിച്ചു. 2024 ജനുവരി മൂന്നിന് രാത്രി 12വരെ അപേക്ഷിക്കാം. ഇത്തവണ ഒറ്റപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക. പരീക്ഷാത്തീയതി ജനുവരി ആദ്യം പ്രഖ്യാപിക്കും. ജൂണോടെ പരീക്ഷ തുടങ്ങാനാണ് സാധ്യത. രണ്ട് ജില്ലകള്‍ക്ക് വീതം ഏഴ് ഘട്ടങ്ങളായാകും പരീക്ഷ. എസ്.എസ്.എല്‍.സിയോ തത്തുല്യ പരീക്ഷയോ ജയിക്കണമെന്നതാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. പ്രായം 18-36.
ലോവര്‍ ഡിവിഷന് ക്ലര്‍ക്ക് (എല്‍.ഡി ക്ലര്‍ക്ക്) എന്ന തസ്തിക ക്ലര്‍ക്ക് എന്ന പേരില്‍ സര്‍ക്കാര്‍ പരിഷ്കരിച്ചിരുന്നു. അതിനാല്‍ ക്ലര്‍ക്ക് എന്ന പേരിലാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ജില്ലാടിസ്ഥാനത്തില്‍ പ്രതീക്ഷിത ഒഴിവിലേക്കാണ് വിജ്ഞാപനം. ശമ്പള നിരക്ക് 26,500-60,700. നാലു വര്‍ഷത്തിനുശേഷം വിജ്ഞാപനം വന്നതിനാല്‍ ഇത്തവണ അപേക്ഷകര്‍ കൂടുമെന്നാണ് പി.എസ്.സിയുടെ കണക്കുകൂട്ടൽ. ആ സ്ഥിതിക്ക് മത്സരവും കടുപ്പമേറിയതാകും. സാധാരണ രണ്ടോ മൂന്നോ വര്‍ഷത്തെ ഇടവേളകളിലാണ് എല്‍.ഡി ക്ലര്‍ക്ക് വിജ്ഞാപനം വരുന്നത്. 14 മുതല്‍ 17 ലക്ഷം വരെ അപേക്ഷകരുണ്ടാകാറുണ്ട്. ഇത്തവണ അത് 18 ലക്ഷം കടക്കുമെന്നാണ് കരുതുന്നത്.
അപേക്ഷകരുടെ എണ്ണം അടിസ്ഥാനമാക്കിയാകും ഏതൊക്കെ ജില്ലകളിൽ ഒരുമിച്ച് പരീക്ഷ നടത്താമെന്ന് പി.എസ്.സി തീരുമാനിക്കുക. ഒന്നര മുതല്‍ രണ്ടു ലക്ഷം വരെയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു ദിവസം പരീക്ഷ നടത്താന്‍ പി.എസ്.സിക്കാകും. ഏകദേശമുള്ള പരീക്ഷക്കാലം 2024ലെ വാര്‍ഷിക കലണ്ടറില്‍ ജനുവരി ആദ്യം പ്രസിദ്ധീകരിക്കുമെന്ന് പി.എസ്.സി അറിയിച്ചു. അപേക്ഷകര്‍ക്ക് പരീക്ഷയെഴുതുന്നതിന് ഉറപ്പു നല്കാന് സമയം അനുവദിക്കും. പരീക്ഷക്ക് രണ്ടമാസം മുമ്പ് ഇതിനുള്ള അറിയിപ്പ് പ്രൊഫൈല്‍, മൊബൈല്‍, ഇ-മെയില്‍ സന്ദേശങ്ങളായി അയക്കും. ഉറപ്പു നല്‍കുന്നവര്‍ക്ക് മാത്രമേ പരീക്ഷാസൗകര്യം ഒരുക്കൂ. അല്ലാത്തവരുടെ അപേക്ഷകള്‍ അസാധുവാക്കും.
ഉദ്ദേശിക്കുന്ന ജില്ലയില്‍ പരീക്ഷകേന്ദ്രം ലഭിക്കണമെങ്കില്‍ അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥിയുടെ താൽക്കാലിക മേല്‍വിലാസത്തില്‍ അതിനനുസരിച്ച് മാറ്റം വരുത്തണം. പ്രൊഫൈലില്‍ അറിയിപ്പുകള് കൈമാറാനുള്ള താൽക്കാലിക മേല്‍വിലാസമുള്ള ജില്ലയിലായിരിക്കും പൊതുവെ പരീക്ഷകേന്ദ്രം അനുവദിക്കുന്നത്. ഏത് ജില്ലയിലേക്കാണ് അപേക്ഷിക്കുന്നതെന്നതും ഇത്തവണ കണക്കിലെടുക്കും. എല്ലാ ജില്ലകളിലും പരീക്ഷകേന്ദ്രമുണ്ടാകുന്ന സാഹചര്യത്തില്‍ പ്രതീക്ഷിക്കുന്ന ജില്ലയിലോ താലൂക്കിലോ അപേക്ഷകര്‍ക്ക് അവസരം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.