ലോഗിൻ വിവരങ്ങളിൽ ചോർച്ച; ഉരുണ്ടുകളിച്ച് പി.എസ്.സി, ബയോമെട്രിക് പരിശോധനയിലും ആശങ്ക
text_fieldsതിരുവനന്തപുരം: പി.എസ്.സി സർവറിൽനിന്ന് 65 ലക്ഷത്തോളം ഉദ്യോഗാർഥികളുടെ യൂസർ ഐഡിയും പാസ്വേഡും ഡാർക്ക് വെബിൽ വിൽപനക്ക് വെച്ച സംഭവത്തിൽ ഉരുണ്ടുകളിച്ച് പി.എസ്.സി. വ്യക്തികൾ ഉപയോഗിക്കുന്ന പേഴ്സനൽ കമ്പ്യൂട്ടറിൽ വിവരം ചോർത്തുന്ന ആപുകൾ (സ്റ്റീലർ മാൽവെയർ) ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അതുവഴി വ്യക്തിഗത വിവരങ്ങൾ ചോർത്തി ഡാർക്ക് വെബിൽ നൽകാനുള്ള സാധ്യത കണക്കിലെടുത്താണ് പി.എസ്.സി ഒ.ടി.പി സംവിധാനം ഏർപ്പെടുത്തിയതെന്ന് തിങ്കളാഴ്ച ഇറക്കിയ വാർത്തക്കുറിപ്പിൽ അറിയിച്ചു. അതേസമയം, ഇതുസംബന്ധിച്ച പൊലീസ് റിപ്പോർട്ടിനെക്കുറിച്ച് അധികൃതർ മൗനം പാലിച്ചു.
മേയിലാണ് ഉദ്യോഗാർഥികളുടെ യൂസർ ഐഡിയും പാസ്വേഡും ഡാർക്ക് വെബിൽ വിൽപനക്ക് വെച്ചതായി കേരള പൊലീസ് കണ്ടെത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷമാണ് ജൂലൈ ഒന്നുമുതൽ പ്രൊഫൈൽ ലോഗിൻ ചെയ്യാൻ മൊബൈൽ ഒ.ടി.പി സംവിധാനം ഏർപ്പെടുത്തിയത്. പുതിയ പരിഷ്കാരം സംബന്ധിച്ച വാർത്തക്കുറിപ്പ് മേയ് 28ന് പി.എസ്.സി പുറത്തിറക്കിയിരുന്നു. അപ്പോഴും എന്തുകൊണ്ടാണ് പരിഷ്കാരമെന്ന് ഉദ്യോഗാർഥികളോട് വിശദീകരിക്കാൻ പി.എസ്.സി തയാറായില്ല. തിങ്കളാഴ്ച ‘മാധ്യമം’ വാർത്ത പുറത്തുവിട്ടതോടെയാണ് ഇതുസംബന്ധിച്ച വിശദീകരണക്കുറിപ്പുമായി പി.എസ്.സി രംഗത്തെത്തിയത്.
അതേസമയം, പി.എസ്.സി നടപ്പാക്കിയ ബയോമെട്രിക് പഞ്ചിങ്ങിനെതിരെ ജീവനക്കാർതന്നെ ചെയർമാനെ ആശങ്ക അറിയിച്ചു. പരീക്ഷയിലെ ആൾമാറാട്ടം തടയാനായാണ് ബയോമെട്രിക് പഞ്ചിങ് ഏർപ്പെടുത്തിയത്. പരീക്ഷാഹാളിൽ ഹാജരാകുന്ന ഉദ്യോഗാർഥിയുടെ ആധാർ വിവരങ്ങളും വിരലടയാളമടക്കം ബയോമെട്രിക് രേഖകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോൺ ആണ് ഉപയോഗിക്കുന്നത്. ആധാർ വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കുന്നതിന് പ്രത്യേക സോഫ്റ്റ്വെയർ ഉദ്യോഗസ്ഥർതന്നെ മൊബൈൽ ഫോണിലേക്ക് ഡൗൺലോഡ് ചെയ്യും. തുടർന്ന് ക്ലാസ് റൂമിലുള്ള ഉദ്യോഗാർഥികളുടെ ആധാർ, ബയോമെട്രിക് രേഖകൾ ആധാർ സൈറ്റിൽനിന്ന് ഫോണിലേക്ക് എടുത്തശേഷമാണ് പരീക്ഷക്ക് മുമ്പായി ബയോമെട്രിക് പരിശോധന നടത്തുന്നത്. ഉദ്യോഗസ്ഥർ സ്വന്തം മൊബൈൽ വഴി നടത്തുന്ന ഇത്തരം പരിശോധനകൾ വഴി സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഇതു മറികടക്കാൻ ബയോമെട്രിക് പരിശോധനക്കായി പി.എസ്.സി തന്നെ പ്രത്യേകം ഉപകരണങ്ങൾ നൽകണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും കമീഷൻ നടപടി സ്വീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.