ടിനി ടോമിന് കേരളീയ പൊതുസമൂഹം പൂർണ പിന്തുണ നൽകണം -ഉമ തോമസ് എം.എല്‍.എ
text_fieldsമലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചയാവുകയാണ്. നിർമാതാക്കളുടെ സംഘടന സിനിമാ സെറ്റുകളിൽ മയക്കുമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന് ആരോപിച്ച് രംഗത്ത് എത്തിയിരുന്നു. ഇതിനെ ചുറ്റിപ്പറ്റി വലിയ ചർച്ചകൾ നടക്കുമ്പോൾ മലയാള സിനിമയിലെ ലഹരി ഉപേയാഗത്തെ കുറിച്ച് പരസ്യ പ്രതികരണവുമായി നടൻ ടിനി ടോം രംഗത്ത് എത്തിയത്.
സെറ്റുകളിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ഭയം കാരണം ഭാര്യ മകനെ അഭിനയിക്കാൻ വിട്ടില്ലെന്നാണ് നടൻ പറഞ്ഞത്. കേരള സര്‍വകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ഒരു വലിയ നടന്റെ മകനായി അഭിനയിക്കാനാണ് എന്റെ മകന് അവസരം ലഭിച്ചത്. പക്ഷെ ഭാര്യക്ക് മകനെ അഭിനയിക്കാൻ വിടാൻ ഭയമാണ്. മയക്കുമരുന്നിനെ കുറിച്ചാണ് പേടി. പറ്റില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.
അടുത്തിടെ ലഹരിക്ക് അടിമയായ ഒരു നടനെ കണ്ടു. അദ്ദേഹത്തിന്‍റെ പല്ലുകള്‍ പൊടിഞ്ഞ് തുടങ്ങി. ലഹരി ഉപയോഗിക്കുന്നത് കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്ന് പലരും പറയുന്നു. ഇപ്പോള്‍ പല്ല്, അടുത്തത് എല്ല് പൊടിയും. അതുകൊണ്ട് കലയാകണം നമുക്ക് ലഹരി' എന്നുമാണ് ടിനി ടോം പറഞ്ഞത്.
ടിനി ടോമിെൻറ തുറന്നുപറച്ചിലുകൾക്ക് വ്യത്യസ്തമായ പ്രതികരണങ്ങളാണ് ലഭിച്ചത്. ചിലർ അദ്ദേഹത്തെ അഭിനന്ദിച്ചപ്പോൾ മറ്റുചിലർ ഇങ്ങിനെ കാടടച്ച് വെടിവയ്ക്കുന്നത് ശരിയല്ല എന്ന അഭിപ്രായക്കാരായിരുന്നു. ഇപ്പോഴിതാ ടിനിയെ പിന്തുണച്ച് തൃക്കാക്കര എം.എൽ.എ ഉമ തോമസ് രംഗത്ത് എത്തിയിരിക്കുകയാണ്. ടിനി ടോമിന് കേരളീയ പൊതുസമൂഹം പൂർണ പിന്തുണ നൽകണമെന്ന് ഉമ തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു. എം.എൽ.എയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം താഴെ.
കേരളത്തിൽ ലഹരി മാഫിയ എല്ലാ തലങ്ങളിലും പിടിമുറുക്കി എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.. ഡോ. വന്ദന ദാസ് എന്ന നമ്മുടെ പ്രിയപ്പെട്ട കുട്ടിയുടെ ആകസ്മികമായ കൊലപാതകം...അതിന്റെ ഞെട്ടലിൽ നിന്നും മാറാൻ നമ്മുടെ നാടിന് ഇനിയും ദിവസങ്ങൾ വേണ്ടി വന്നേയ്ക്കാം.."നാർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ് " ലഹരി എന്ന വിപത്തിനെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി നമുക്ക് ഒന്നിച്ച് പോരാടേണ്ടതുണ്ട് ..
അല്ലാത്ത പക്ഷം നമ്മുടെ യുവ തലമുറ, പിഞ്ചു ബാല്യങ്ങൾ എല്ലാം ഇതിന്റെ ഇരയായി എരിഞ്ഞു തീരുന്ന സങ്കടകരമായ അവസ്ഥ നമുക്ക് കണ്മുന്നിൽ കാണേണ്ട വരും..കഴിഞ്ഞ ദിവസമാണ് പ്രശസ്ത സിനിമ താരം, നമ്മുടെയെല്ലാം പ്രിയങ്കരനായ ശ്രീ ടിനി ടോമിന്റെ സിനിമ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പ്രസ്താവന മുഖ്യധാര മാധ്യമങ്ങളിൽ അടക്കം ഏറെ ചർച്ച ചെയ്യപ്പെടുകയും, പിന്നീട് വിവാദങ്ങളിൽ അകപ്പെടുകയും ചെയ്യുകയുണ്ടായത് ..
നിർഭാഗ്യവശാൽ പറയട്ടെ, തനിയ്ക്ക് നേരെ ആക്രമണം ഉണ്ടാകും എന്ന് ഉറച്ചു അറിയാമായിരുന്നിട്ടും സാമൂഹിക പ്രതിബദ്ധത മുൻ നിർത്തി, ടോം ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളാതെ, അദ്ദേഹത്തെ അവഹേളിയ്ക്കാനും, ഒറ്റതിരിഞ്ഞു ആക്രമിയ്ക്കുവാനുമുള്ള ശ്രമങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ അടക്കം നടക്കുന്നത് എന്നത് ഞാൻ ഏറെ ആശങ്കയോടെയാണ് നോക്കി കാണുന്നത്..
ഈ വിഷയത്തിൽ ടിനി ടോമിന് കേരള പൊതുസമൂഹത്തിന്റെ പൂർണ്ണ പിന്തുണ നൽകേണ്ടത് അനിവാര്യമാണ്..ഇല്ലാത്ത പക്ഷം നമ്മുടെ നാടിനെ കാർന്ന് തിനുന്ന ഈ മാഫിയ സംഘത്തിനെതിരെ നാളെകളിൽ ഒന്ന് ഉറക്കെ പ്രതികരിക്കാൻ പോലും ആരും മുന്നോട്ട് വരാൻ തയ്യാറായേക്കില്ല എന്ന വാസ്തവം നാം തിരിച്ചറിയണം..
ശ്രീ ടിനി ടോം മലയാള സിനിമ മേഖലയിലെ സാംസ്കാരിക നിലവാരത്തെയും സാമൂഹിക പ്രതിബദ്ധതകളെയും തകർക്കുന്ന രീതിയിൽ മലയാള സിനിമയെ തകർക്കുന്ന മയക്കുമരുനിനെതിരെ അദ്ദേഹം പ്രവർത്തിയ്ക്കുന്ന മേഖലയിലെ നിരന്തരം കാണുന്ന കാഴ്ചകളെ കുറിച്ചാണ് അതിലൂടെ ഉണ്ടാകുന്ന ദുരന്തത്തെ കുറിച്ചാണ് കോളേജ് വിദ്യാർത്ഥികളോടു സംവദിച്ചത്..
ലഹരി ഉപയോഗം തലച്ചോറിനെയും, മറ്റ് ആന്തരിക അവയവങ്ങളെയും മാത്രമല്ല..MDMA അടക്കമുള്ള മാരക ലഹരികൾ, പല്ലുകളെയും, അസ്ഥികളെയും അടക്കം ബാധിക്കും എന്നതാണ് യാഥാർഥ്യം..ചിലർ ടിനി ടോം പരാമർശിച്ച ആ പല്ല് ദ്രവിച്ചു പോയ നടൻ ആരാണ് എന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് അക്രമണത്തിന് മുതിരുന്നത്..എന്നാൽ അരിയാഹാരം കഴിക്കുന്ന ഏവർക്കും ഇവരുടെ ചോദ്യത്തിന്റെ ഉദ്ദേശശുദ്ധി എന്താണെന്നു മനസിലാക്കാവുന്നതേ ഉള്ളു..!
പറഞ്ഞ് വന്നത്..,നമ്മുടെ മക്കളെ മയക്കുമരുന്നിന്റെ ലോകത്ത് നിന്ന് തിരിച്ചു കൊണ്ടുവരാൻ കേരളത്തിന്റെ മുക്കിലും മൂലയിലും ജനകീയ പ്രതിരോധങ്ങൾ ഉയർന്നു വരേണ്ടതുണ്ട്..അതോടൊപ്പം ഇത്തരത്തിൽ ഉള്ള തുറന്ന് പറിച്ചിലുകൾക്കെതിരെ നടക്കുന്ന വ്യാപക അക്രമണത്തിന് നേതൃത്വം നൽകുന്നവരെ ഒറ്റപെടുത്തേണ്ട ചുമതല നമുക്ക് ഏവർക്കും ഉണ്ട്..പ്രിയപ്പെട്ട ടിനി ടോം.. താങ്കൾക്ക് എന്റെ പൂർണ്ണ ഐക്യദാർഢ്യം ഹൃദയം കൊണ്ട് നേരുന്നു..ലഹരി മാഫിയ സംഘങ്ങളെ ഈ മണ്ണിൽ കാലുറപ്പിച്ച് നിർത്താൻ അനുവദിക്കാത്ത വിധം പ്രതിരോധിക്കുവാൻ നമുക്ക് ഒരുമിച്ച് നിൽക്കാം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.