ആകാശത്ത് റെയിൽപാത പണിയാൻ കഴിയില്ലെന്ന് മന്ത്രി
text_fieldsന്യൂഡൽഹി: റേഷൻ പ്രശ്നം ഉന്നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നിഷേധിച്ചതിനു പിന്നാലെ റെയിൽവേ വിഷയത്തിൽ സംസ്ഥാന സർക്കാറിനെതിരെ കേന്ദ്രം. കേരളത്തിലെ റെയിൽവേ വികസനം വൈകുന്നത് സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കാൻ വൈകുന്നതുകൊണ്ടാണെന്ന് റെയിൽവേ മന്ത്രി പീയുഷ് ഗോയൽ കുറ്റപ്പെടുത്തി. ‘ആകാശത്ത് റെയിൽപാത പണിയാൻ കഴിയില്ല’ എന്ന പരാമർശത്തോടെയാണ് മന്ത്രിയുടെ വിമർശനം.
കഞ്ചിക്കോട് ഫാക്ടറി ഉപേക്ഷിക്കരുതെന്ന ആവശ്യവുമായി മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ മന്ത്രി പീയുഷ് ഗോയലിനെ ശനിയാഴ്ച സമീപിച്ചിരുന്നു. കഞ്ചിക്കോട് പദ്ധതി കേന്ദ്രസർക്കാർ കൈവിടില്ലെന്നും വ്യക്തിപരമായി ഇടപെട്ട് സാേങ്കതിക തടസ്സങ്ങൾ പരിഹരിക്കുമെന്നും മന്ത്രി വി.എസിന് ഉറപ്പു നൽകി. വി.എസിനെപ്പോലുള്ള മുതിർന്ന നേതാവിന് നൽകുന്ന ഉറപ്പാണെന്ന ബോധ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
അതിനു പിന്നാലെ വാർത്തലേഖകരോട് സംസാരിക്കുേമ്പാഴാണ് സംസ്ഥാന സർക്കാറിനെതിരെ മന്ത്രി ആഞ്ഞടിച്ചത്. കേരളം സഹകരിക്കുന്നില്ലെന്ന മന്ത്രി പീയുഷ് ഗോയലിെൻറ പരാമർശം നേരത്തേ നടത്തിയ വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി തള്ളിയിരുന്നു. റെയിൽപാത വികസിപ്പിക്കുന്നതിന് സ്ഥലം ഏറ്റെടുത്തു നൽകുന്നില്ലെന്ന് പറയുന്നത് ശരിയല്ല. അതിവേഗം നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഞ്ചിക്കോട് കോച്ച് ഫാക്ടറി വൈകിയതിെൻറ ഉത്തരവാദിത്തം കോൺഗ്രസിനാണെന്ന് പീയുഷ് ഗോയൽ പറഞ്ഞു. 2008ൽ റായ്ബറേലിയിലെ കോച്ച് ഫാക്ടറിക്കൊപ്പം പ്രഖ്യാപിച്ചതാണ് കഞ്ചിക്കോട്. കേന്ദ്രനീക്കത്തിൽ പ്രതിഷേധിച്ച് ഇടത് എം.പിമാർ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ റെയിൽഭവനു മുന്നിൽ കഴിഞ്ഞദിവസം ധർണ നടത്തിയിരുന്നു. യു.ഡി.എഫ് എം.പിമാർ തിങ്കളാഴ്ച പ്രതിഷേധത്തിന് ഒരുങ്ങുകയുമാണ്. കേന്ദ്രവും കേരളവുമായുള്ള പോര് മുറുകുന്ന കാഴ്ചയാണിപ്പോൾ.
സംസ്ഥാന ആവശ്യങ്ങൾ ഉന്നയിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയെ കാണാൻ പ്രധാനമന്ത്രി തുടർച്ചയായി കൂട്ടാക്കാത്തത് രാഷ്ട്രീയ കളിയാണെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.