മഴക്ക് നേരിയ ശമനം; ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പിൻവലിച്ചു
text_fieldsകോഴിക്കോട്: മഴക്ക് നേരിയ ശമനമുണ്ടായ പശ്ചാത്തലത്തിൽ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പിൻവലിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മാത്രമാണ് ഇന്ന് റെഡ് അലർട്ട്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടു നിലവിലുണ്ട്. അതിനിടെ, കാസർകോട് വെള്ളരിക്കുണ്ട് താലൂക്കിൽ വനമേഖലയിൽ ഉരുൾപൊട്ടി മലവെള്ളപ്പാച്ചിലുണ്ടായി. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കൊല്ലം പള്ളിമൺ ഇത്തിക്കരയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതോടെ മഴക്കെടുതിയിൽ രണ്ട് ദിവസത്തിനിടെ സംസ്ഥാനത്ത് മരണം 14 ആയി. 12 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ അവധി നൽകി. സർവകലാശാലകൾ പരീക്ഷകൾ മാറ്റിവെച്ചു. നാളെവരെ അറബിക്കടലിൽ മത്സ്യബന്ധനം നിരോധിച്ചു. ദേശീയ ദുരന്തനിവാരണ സേന ഇടുക്കി, കോഴിക്കോട്, വയനാട്, തൃശൂര്‍, മലപ്പുറം, എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.
Live Updates
- 3 Aug 2022 3:57 AM GMT
റെഡ് അലർട്ട് -ആഗസ്റ്റ് 4
ആഗസ്റ്റ് നാലിന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിങ്ങനെ ഒമ്പത് ജില്ലകളിൽ റെഡ് അലർട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടുമുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ്.
- 3 Aug 2022 3:56 AM GMT
ഇത്തിക്കരയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; സംസ്ഥാനത്ത് മഴക്കെടുതിയിൽ 14 മരണം
കൊല്ലം: പള്ളിമൺ ഇത്തിക്കരയാറ്റിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അയത്തിൽ സ്വദേശി നൗഫലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇത്തിക്കരയാറ്റിൽ കുളിക്കാനിറങ്ങിയ നൗഫലിനെ ഇന്നലെ വൈകീട്ടോടുകൂടിയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന മൂന്നുപേരെ ഇന്നലെ തന്നെ രക്ഷപെടുത്തിയിരുന്നു. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ രണ്ട് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 14 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.