എട്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു, ആകെ മരണം 22; കാണാമറയത്ത് രണ്ടു പേർ
text_fieldsകോട്ടയം: പൊട്ടിയൊലിച്ചെത്തിയ കൊടുംദുരന്തം വേരോടെയറുത്തുമാറ്റിയ കുടുംബങ്ങളുടെ വിലാപത്തിൽ വിറങ്ങലിച്ച് കിഴക്കൻ മലയോരം. കോട്ടയം-ഇടുക്കി അതിർത്തി മേഖലയിലുണ്ടായ ദുരന്തത്തിൽ മരണം 22 ആയി. കോട്ടയത്ത് 13 പേരും ഇടുക്കിയിൽ ഏഴു പേരുമാണ് മരിച്ചത്. തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽ പെട്ട് രണ്ടുപേരും മരിച്ചിരുന്നു.
കൂട്ടിക്കലിൽനിന്ന് എട്ട് മൃതദേഹങ്ങൾ ഞായറാഴ്ച കണ്ടെടുത്തു. മൂന്നുപേരുടെ മൃതദേഹം ശനിയാഴ്ച കിട്ടിയിരുന്നു. ഒരു കുടുംബത്തിലെ ആറുപേരും മരിച്ചവരിൽ ഉൾപ്പെടുന്നു. ഒഴുക്കിൽപെട്ട രണ്ടുേപരെ കണ്ടെത്താനുണ്ട്. ഞായറാഴ്ചയോടെ മേഖലയിലടക്കം മഴ കുറഞ്ഞു.
കൂട്ടിക്കൽ വില്ലേജിൽ കാവാലി ഒട്ടലാങ്കൽ (വട്ടാളക്കുന്നേൽ) മാർട്ടിൻ (48), മക്കളായ സാന്ദ്ര (14), സ്നേഹ (10), ഏന്തയാർ സ്വദേശിനി സിസിലി (50), പ്ലാപ്പള്ളിയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണിയ ജോബി (45), മകൻ അലൻ ജോബി (14), പന്തലാട്ടിൽ മോഹനെൻറ ഭാര്യ സരസമ്മ മോഹൻ (62), മുണ്ടകശ്ശേരി വേണുവിെൻറ ഭാര്യ റോഷ്നി (48) എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച കണ്ടെത്തിയത്.
ഏന്തയാറിൽ ഓട്ടോ ഡ്രൈവറായ ഷാലറ്റ് ഓലിക്കൽ (29), കൂവപ്പള്ളിയില്‍ രാജമ്മ (64) എന്നിവരുടെ മൃതദേഹങ്ങളും ലഭിച്ചു. ഇവർ ഒഴുക്കിൽപെട്ടതാണെന്നാണ് വിവരം. ഒട്ടലാങ്കൽ മാർട്ടിെൻറ അമ്മ ക്ലാരമ്മ ജോസഫ് (65), ഭാര്യ സിനി(35), മകൾ സോന (11) എന്നിവരുടെ മൃതദേഹങ്ങൾ ശനിയാഴ്ചതന്നെ കണ്ടെടുത്തിരുന്നു.
ഇടുക്കി പീരുമേട് കൊക്കയാറിൽ ഉരുൾപൊട്ടലിൽ കാണാതായ നാലുകുട്ടികൾ അടക്കം ആറുപേരുടെ മൃതദേഹങ്ങളും കണ്ടെത്തി. ഷാജി ചിറയില്‍ (55), സിയാദിെൻറ ഭാര്യ ഫൗസിയ (28), മകൻ അമീൻ (ഏഴ്), മകൾ അംന (ഏഴ്), കല്ലുപുരക്കൽ ഫൈസലിെൻറ മക്കളായ അഫ്സാര (എട്ട്), അഫിയാന്‍ (നാല്) എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. അംന, അഫ്സാര, അഫിയാൻ എന്നിവരുടെ മൃതദേഹങ്ങൾ കെട്ടിപ്പിടിച്ചുകിടക്കുന്ന രീതിയിലായിരുന്നു.
വെള്ളപ്പാച്ചിലിൽപെട്ട പെരുവന്താനം നിർമലഗിരി വടശ്ശേരിൽ ജോജിയുടെ (44) മൃതദേഹവും ലഭിച്ചു. പുതുപ്പറമ്പിൽ ഷാഹുലിെൻറ മകൻ സച്ചു ഷാഹുലിനായി (ഏഴ്) തിരച്ചിൽ തുടരുന്നു. ഒഴുക്കിൽപെട്ട ചേപ്ലാംകുന്നേൽ ആൻസി സാബുവിനെയും (50) കണ്ടുകിട്ടിയിട്ടില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.
മന്ത്രിമാരായ വി.എൻ. വാസവൻ, റോഷി അഗസ്റ്റ്യൻ, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് തുടങ്ങിയവർ ദുരന്തസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മഴക്കെടുതിയിൽ ഒക്ടോബർ 12 മുതല്‍ 17 വരെ സംസ്ഥാനത്താകെ 28 പേര് മരിച്ചു.
തൃശൂർ ജില്ലയിൽ മഴ ശക്തം; അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടർ
തൃശൂർ: ജില്ലയിൽ വീണ്ടും മഴ ശക്തമായ സാഹചര്യത്തിൽ പുഴയോരത്തുള്ളവരും മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടർ ഹരിത വി. കുമാർ. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും പ്രാദേശികമായി നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കലക്ടർ പറഞ്ഞു.
വെള്ളം കയറാനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് നേരത്തേ തന്നെ മാറിത്താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ മഴയില്‍ ജില്ലയിലെ അണക്കെട്ടുകളിലെയും പുഴകളിലെയും ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്.
പുഴകളിലെ ജലനിരപ്പ് പലയിടത്തും വാണിങ് ലെവലിന് അടുത്തെത്തി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് റവന്യൂ, ഫയര്‍ ആന്റ് റെസ്‌ക്യൂ, പൊലീസ്, കെഎസ്ഇബി തുടങ്ങിയ വിഭാഗങ്ങൾ സജ്ജരാണ്. ഇവരുടെ നിർദ്ദേശങ്ങൾ പാലിക്കാനും പൊതുജനങ്ങൾ തയ്യാറാകണമെന്നും കലക്ടർ അറിയിച്ചു.
പരീക്ഷകൾ മാറ്റി
കണ്ണൂർ സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന രണ്ടാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ (ഏപ്രിൽ 2021) പരീക്ഷകളും, ഐ.ടി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് (നവംബർ 2020) പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. തലശേരി കാമ്പസിലെ ഒന്നാം സെമസ്റ്റർ എം.ബി.എ പരീക്ഷകൾക്ക് മാറ്റമില്ല.
കാലിക്കറ്റ് സർവകലാശാല നാളെ (ഒക്ടോബർ 18) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.
കേരള സർവകലാശാല നാളെ (18/10/2021) നടത്താൻ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്ടിക്കൽ, എൻട്രൻസ് തുടങ്ങി എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല.
നാളെ ( ഒക്ടോബർ 18) നടത്താനിരുന്ന എച്ച്.ഡി.സി പരീക്ഷയും മാറ്റിവെച്ചു പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയൻ പരീക്ഷാ ബോർഡ് സെക്രട്ടറി അനിത ടി. .ബാലൻ അറിയിച്ചു.
മഹാത്മ ഗാന്ധി സർവകലാ ശാല തിങ്കളാഴ്ച (ഒക്ടോബർ 18) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Live Updates
- 17 Oct 2021 3:58 PM GMT
ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരുകയാണ്. പൊന്നാനി, തിരൂർ താലൂക്കുകളിലെ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.
- 17 Oct 2021 2:40 PM GMT
ജാഗ്രതാ നിർദേശം
ചാലക്കുടി പുഴയിലെ ജലനിരപ്പ് വെറ്റിലപ്പാറ ഗേജിങ് സ്റ്റേഷനിൽ മുന്നറിയിപ്പ് നിരപ്പായ 44.5 മീറ്റർ (സമുദ്രനിരപ്പ് അടിസ്ഥാനമാക്കി) കവിഞ്ഞ് 44.62 മീറ്റർ എത്തിയതിനാൽ ജാഗ്രതാ നിർദേശം നൽകി.
- 17 Oct 2021 1:43 PM GMT
കണ്ണൂർ സർവകലാശാല പരീക്ഷ മാറ്റിവെച്ചു
കണ്ണൂർ സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന രണ്ടാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ (ഏപ്രിൽ 2021) പരീക്ഷകളും, ഐ.ടി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് (നവംബർ 2020) പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. തലശേരി കാമ്പസിലെ ഒന്നാം സെമസ്റ്റർ എം.ബി.എ പരീക്ഷകൾക്ക് മാറ്റമില്ല.
- 17 Oct 2021 1:43 PM GMT
കാലിക്കറ്റ് സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു
കാലിക്കറ്റ് സർവകലാശാല നാളെ (ഒക്ടോബർ 18) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.
- 17 Oct 2021 1:43 PM GMT
കേരളത്തിന്‍റെ സൈന്യം സജ്ജമെന്ന് മന്ത്രി സജി ചെറിയാൻ
കേരളത്തിന്‍റെ സൈന്യം സജ്ജമെന്ന് മന്ത്രി സജി ചെറിയാൻ. അടിയന്തര സാഹചര്യങ്ങളെ നേരിടാനായി അഞ്ച് ബോട്ടുകളും മത്സ്യത്തൊഴിലാളികളും ചെങ്ങന്നൂരെത്തി. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും മുൻകരുതൽ എന്ന നിലക്കാണ് ഈ സജ്ജീകരണം ഏർപ്പെടുത്തിയതെന്നും മന്ത്രി അറിയിച്ചു.
- 17 Oct 2021 1:37 PM GMT
മാർട്ടിന്‍റെ കുടുംബത്തിലെ ആറു പേരുടെയും പോസ്റ്റ് മോർട്ടം പൂർത്തിയായി
മാർട്ടിന്‍റെ കുടുംബത്തിലെ ആറു പേരുടെയും പോസ്റ്റ് മോർട്ടം പൂർത്തിയായി. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റിൽ മൃതദേഹങ്ങൾ സൂക്ഷിക്കും. മരിച്ചവരുടെ ബന്ധുക്കൾ പാലക്കാടാണ്. സംസ്കാരം പാലക്കാട് നടത്താണ് സാധ്യത.
- 17 Oct 2021 12:55 PM GMT
കൊക്കയാറിൽ കാണാതായ കുട്ടികളടക്കം ആറു പേരുടെ മൃതദേഹം കണ്ടെത്തി; രണ്ടു പേർക്കായി തിരച്ചിൽ തുടരുന്നു
ഉരുൾപൊട്ടലിനെ തുടർന്ന് ഇടുക്കി ജില്ലയിലെ കൊക്കയാറിൽ കാണാതായ എട്ട് പേരിൽ കുട്ടികളടക്കം ആറു പേരുടെ മൃതദേഹം കണ്ടെത്തി. ഷാജി ചിറയിൽ (55), ഫൗസിയ സിയാദ് (28), അമീൻ സിയാദ് (10), അംന സിയാദ് (ഏഴ്), അഫ്സാന ഫൈസൽ (എട്ട്), അഫിയാൻ ഫൈസൽ (നാല്) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഉച്ചയോടെയാണ് മൂന്നു കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. മണിമലയാറ്റിൽ നിന്നാണ് ഷാജിയുടെ മൃതദേഹം കണ്ടെടുത്തത്. പുതുപ്പറമ്പിൽ ഷാഹുലിന്റെ മകൻ സച്ചു (മൂന്ന്), ആൻസി (45) എന്നിവരെയാണ് കണ്ടെത്താനുള്ളത്.
- 17 Oct 2021 12:16 PM GMT
പ്രധാനമന്ത്രി മുഖ്യമന്ത്രിയെ വിളിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനെ ടെലിഫോണിൽ വിളിച്ച് സംസ്ഥാനത്തെ മഴക്കെടുതികൾ സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞു. അതിതീവ്ര മഴയും ഉരുൾപൊട്ടലും അതിന്‍റെ ഫലമായി ഉണ്ടായ ആൾനാശവും സംസ്ഥാനത്തിന് കനത്ത ആഘാതം ഏൽപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആവശ്യമായ സഹായങ്ങൾ കേന്ദ്രം നൽകാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
- 17 Oct 2021 11:24 AM GMT
കുന്നംകുളത്ത് രൂക്ഷമായ വെള്ളക്കെട്ട്; കൺട്രോൾ റൂമുകൾ സജ്ജം
കുന്നംകുളം: കനത്ത മഴയിൽ കുന്നംകുളം നഗരത്തിലെ പ്രധാന ഉപറോഡുകളില്‍ ഒന്നായ ഭാവന തിയറ്റർ റോഡിൽ രൂക്ഷമായ വെള്ളക്കെട്ട്. ഇതുവഴിയുള്ള ഗതാഗതം നഗരസഭ അധികൃതരും നാട്ടുകാരും ചേർന്ന് തിരിച്ചുവിട്ടു.
പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള റോഡില്‍ വെള്ളക്കെട്ട് ശക്തമായതിനെ തുടർന്ന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി. ഭാവന തിയറ്റര്‍ മുതല്‍ സബ്ട്രഷറി ഓഫീസ് വരെയുള്ള 20 ഓളം വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്.
നഗരസഭയിലെ വടുതല വട്ടംപാട്ടം മേഖലയിലും ചാട്ടുകുളം മേഖലയിലും വെള്ളക്കെട്ട് രൂക്ഷമാണ്. വട്ടംപാടം കരിയന്തടത്ത് വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. നഗരസഭ ആരോഗ്യ വിഭാഗം പ്രവർത്തകർ രണ്ടു ഗ്രൂപ്പുകളായാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
- 17 Oct 2021 11:23 AM GMT
മണ്ണിടിച്ചിൽ ഭീഷണി: പുത്തൂരിൽ 40 കുടുംബങ്ങളെ ഒഴിപ്പിച്ചു
തൃശൂർ: പുത്തൂർ പഞ്ചായത്തിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പുത്തൻകാട്, ചിറ്റക്കുന്ന് പ്രദേശത്തെ 40 കുടുംബങ്ങളെ ഒഴിപ്പിച്ചു. കലക്ടറുടെ നിർദ്ദേശപ്രകാരമാണ് കുടുംബങ്ങളെ മാറ്റിയത്. തഹസിൽദാർ ജയശ്രി, ഡെപ്യൂട്ടി തഹസിൽദാർ ലിഷ, പുത്തൂർ വില്ലേജ് ഓഫീസർ മഹേശ്വരി, കൈനൂർ വില്ലേജ് ഓഫീസർ ദീപ, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, ഒല്ലൂർ സി ഐ ബെന്നി ജേക്കബ്, എസ് ഐ അനുദാസ്, മറ്റ് പഞ്ചായത്തംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ നടത്തിയത്.
സ്ഥലത്ത് നിന്ന് ബന്ധു വീടുകളിലേക്കോ വില്ലേജ് അധികൃതരുടെ നേതൃത്വത്തിൽ വെട്ടുകാട് സെന്റ് ജോൺസ് അക്കാദമിയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേയ്ക്കോ രണ്ട് മണിക്കൂറിനകം മാറാനാണ് ജനങ്ങൾക്ക് നിർദ്ദേശം നൽകിയത്. ഇതിനിടെ ചില വീട്ടുകാർ സ്ഥലത്ത് നിന്ന് ഒഴിയില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയത് തർക്കത്തിന് ഇടയാക്കി. തുടർന്ന് പൊലീസ് ഉൾപ്പെടെ സ്ഥലത്ത് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. കൂടാതെ കൈനൂർ കോക്കാത്ത് കോളനിയിലെ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സ്ഥലത്ത് നിന്ന് 10 കുടുംബങ്ങളെയും ഒഴിപ്പിച്ചു. മേഖലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.