കോവിഡ് പ്രതിരോധത്തിൽ കേരളം രാജ്യത്തിെൻറ അഭിമാനം ഉയർത്തി -രാഷ്ട്രപതി
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ കേരളം രാജ്യത്തിെൻറ അഭിമാനം ഉയർത്തുന്ന പ്രവർത്തനങ്ങളാണ് ഏറ്റെടുത്തതെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ലോകമാകെ കോവിഡ് ബാധിച്ചപ്പോൾ കേരളത്തിൽനിന്നുള്ള നഴ്സുമാരും ഡോക്ടർമാരുമാണ് ഇന്ത്യയിലും മിഡിൽ ഈസ്‌റ്റ് ഉൾപ്പെടെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലും കോവിഡ് മുന്നണി പോരാളികളായി പ്രവർത്തിച്ചത്. കേരളത്തിലെ നഴ്‌സുമാരുടെയും ഡോക്ടർമാരുടെയും സേവനം ലോകമാകെ വിലമതിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൂജപ്പുരയിൽ പി.എൻ. പണിക്കരുടെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മനുഷ്യവിഭവ വികസന സൂചികകളിൽ മറ്റു സംസ്ഥാനങ്ങളെ കേരളം നയിക്കുകയാണ്. മാറിമാറിവരുന്ന സർക്കാറുകൾ സംസ്ഥാനത്തിെൻറ വളർച്ചയും വികസനവും ഉറപ്പാക്കുന്നതിൽ നിരന്തര ശ്രദ്ധ പുലർത്തുന്നു.
ലോകമാകെ തൊഴിലിടമാക്കിയ മലയാളികൾ സ്വന്തം നാടിെൻറ മാത്രമല്ല, രാജ്യത്തിെൻറയും യശസ്സ് ഉയർത്തുകയാണ്. ഒപ്പം നാട്ടിലേക്ക് വൻതോതിൽ വിദേശനാണ്യവുമെത്തിക്കുന്നു. 'സാക്ഷരകേരള'പ്രസ്ഥാനം ജനകീയവും ഫലപ്രദവുമാകുന്നത് പി.എൻ. പണിക്കര്‍ സ്ഥാപിച്ച അടിത്തറയുടെ പശ്ചാത്തലത്തിലാണ്. നൂറുശതമാനം സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കേരളം മാറിയതും അതുവഴിയാണെന്ന് അദ്ദേഹം പറഞ്ഞു.
വായനയെ പ്രോത്സാഹിപ്പിക്കാൻ പി.എൻ. പണിക്കർ നടത്തിയ പ്രവർത്തനങ്ങൾ എന്നും ഓർമിക്കപ്പെടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പറഞ്ഞു. സമൂഹ നിർമിതിയുടെ അവിഭാജ്യഘടകമായി വായന നിലനിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, മന്ത്രി വി. ശിവൻകുട്ടി, രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ, മേയർ ആര്യ രാജേന്ദ്രൻ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, വൈസ് ചെയർമാൻ എൻ. ബാലഗോപാൽ എന്നിവർ പങ്കെടുത്തു. പണിക്കരുടെ ശിൽപം നിർമിച്ച ശിൽപി കെ.എസ്. സിദ്ധനെ മുഖ്യമന്ത്രി ഉപഹാരം നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.