ഇന്ധനവില കേന്ദ്രം കുറച്ചല്ലോ, നികുതിയുടെ ഒരംശം കേരളം കുറക്കട്ടെ -വി. മുരളീധരൻ
text_fieldsതിരുവനന്തപുരം: ഇന്ധന വില കുറക്കാൻ സംസ്ഥാനത്തിന് കിട്ടുന്ന നികുതിയുടെ ഒരംശം കുറക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. യുക്രെയ്ൻ യുദ്ധം കാരണം ലോകമാസകലം വില കൂടുകയാണ്. ഇത് പിടിച്ചുനിർത്താൻ കേന്ദ്രം നികുതി കുറച്ചത് പോലെ സംസ്ഥാനങ്ങളും നികുതി കുറക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിയുടെ വാക്കുകൾ: 'യുക്രെയ്നിൽ യുദ്ധം നടക്കുന്നു. ലോകമാസകലം വിലക്കയറ്റം ഉണ്ടാകുന്നു. ആ ഭാരം കുറക്കാനായിട്ട് സംസ്ഥാനങ്ങൾ കൂടി സഹകരിക്കണം എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. സംസ്ഥാനം പറയുന്നു ഞങ്ങൾ സഹകരിക്കില്ലെന്ന്. ആ നിലപാട് സംസ്ഥാനം മാറ്റണം. കേന്ദ്ര ഗവൺമെന്റ് കഴിഞ്ഞ നവംബറിൽ വില കുറച്ചു. സംസ്ഥാനമെന്താ കുറക്കാത്തത്? സംസ്ഥാനവും കേന്ദ്രവും ഒരേപോലെ നികുതി വാങ്ങുന്നുണ്ടല്ലോ? ആ ടാക്സിൽനിന്ന് ഒരംശം സംസ്ഥാനവും കുറക്കട്ടെ. കേന്ദ്രം കുറച്ചല്ലോ. ആനുപാതികമായി സംസ്ഥാനം കുറക്കട്ടെ. ഇതിൽനിന്നൊക്കെ ഒരംശം സംസ്ഥാനത്തിന് കിട്ടുന്നില്ലേ. കേന്ദ്രം നികുതി കുറക്കുമ്പോ ആ നികുതിയുടെ ഒരംശം സംസ്ഥാനത്തിന് കിട്ടുന്നുണ്ട്. അതറിയില്ലേ നിങ്ങൾക്ക്? ആകെയുള്ള നികുതിയുടെ പകുതി സംസ്ഥാനത്തിന് കിട്ടുന്നുണ്ട്. കേന്ദ്രം കേന്ദ്രത്തിന് കിട്ടുന്ന വിഹിതത്തിൽനിന്നാണ് കുറച്ചത്. സംസ്ഥാനം സ്ഥാനത്തിന്റെ വിഹിതം കുറക്കട്ടെ.
സംസ്ഥാനം അക്കാര്യത്തിൽ നടപടി എടുക്കണം. കേന്ദ്രം എടുക്കുന്നത് പോലെ തന്നെ സംസ്ഥാനം നടപടി എടുക്കണം. ഈ വിലക്കയറ്റം തടയാൻ യുക്രെയ്ൻ യുദ്ധം ഇന്ത്യ വിചാരിച്ചാൽ നിർത്താനാകില്ലല്ലോ? വിലകുറക്കാൻ നമുക്ക് ചെയ്യാൻ പറ്റുന്നത് നമ്മുടെ ടാക്സ് കുറക്കുക എന്നതാണ്. കേന്ദ്രം കുറച്ചു. ഇനി സംസ്ഥാനവും കുറക്കട്ടെ' -വി. മുരളീധരൻ പറഞ്ഞു.
'കേരളം ഭരിക്കുന്നത് താലിബാനല്ലെന്ന് പറയാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണം'
സമസ്ത വേദിയില്‍ പെണ്‍കുട്ടി അപമാനിക്കപ്പെട്ട സംഭവം കേരളത്തിന് അപമാനമാണെന്നും വി മുരളീധരന്‍ പറഞ്ഞു. ഈ വിധമൊരു സംഭവം നടന്നിട്ടും മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ കെ.പി.സി.സി അധ്യക്ഷനോ അതിനെതിരെ ശബ്ദിക്കാത്തത് എന്തുകൊണ്ടാണെന്ന് വി. മുരളീധരന്‍ ചോദിച്ചു. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രിയ്ക്ക് ബാധ്യതയുണ്ടെന്നിരിക്കെ ശക്തമായ നടപടി സ്വീകരിക്കണമായിരുന്നുവെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. കേരളം ഭരിക്കുന്നത് താലിബാനല്ലെന്ന് പറയാനുള്ള ആര്‍ജവമെങ്കിലും മുഖ്യമന്ത്രി കാണിക്കണമെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
സമസ്ത വേദിയിലെ അപമാനകരമായ സംഭവത്തെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്? ഇതിലൊന്നും പ്രതികരിക്കാന്‍ ഒന്നുകില്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമില്ലെന്നോ അല്ലെങ്കില്‍ അദ്ദേഹം ആരെയെങ്കിലും ഭയപ്പെടുന്നുണ്ടെന്നോ വേണം മനസിലാക്കാന്‍. കുട്ടികളുടെ അപ്പൂപ്പന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വിദ്യാഭ്യാസ മന്ത്രിയും മൗനം പാലിക്കുകയാണ്. കെ.പി.സി.സി അധ്യക്ഷനെ കാണാനുമില്ല. യോഗി ആദിത്യനാഥിനേയും നരേന്ദ്രമോദിയേയും പൗരാവകാശം പഠിപ്പിക്കുന്ന പ്രതിപക്ഷ നേതാവ് തന്നെ ഈ സംഭവത്തെ തള്ളിപ്പറഞ്ഞത് വളരെ ബുദ്ധിമുട്ടിയാണ് -വി. മുരളീധരന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.