നിഷേധിച്ച് സി.പി.എം; റിസോർട്ട് വിവാദത്തിൽ തിടുക്കമില്ല
text_fieldsതിരുവനന്തപുരം: പാർട്ടിയിലെ പ്രബലരായ ജയരാജന്മാർ കൊമ്പുകോർത്ത റിസോർട്ട് വിവാദത്തിൽ സി.പി.എമ്മിൽ തുടർനടപടികൾ തിടുക്കത്തിലില്ല. വിവാദം വീണ്ടും ആളിക്കത്താതിരിക്കാൻ മെല്ലെപ്പോക്ക് നയം സ്വീകരിക്കാൻ നേതൃത്വത്തിൽ ധാരണയായി. ഇതിനെതുടർന്നാണ് റിസോർട്ട് വിവാദത്തിൽ സംസ്ഥാന കമ്മിറ്റിയിൽ നടന്ന ചർച്ച മാധ്യമങ്ങളെ പഴിചാരി നിഷേധിക്കുന്നത്. ജയരാജന്മാരുമായി ബന്ധപ്പെട്ട് പാർട്ടി അന്വേഷണമോ, കമീഷനോ ഒന്നുമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. മാധ്യമങ്ങളാണ് ചർച്ച ഉണ്ടാക്കിയത്. അതു മാധ്യമങ്ങൾതന്നെ ചർച്ച ചെയ്ത് തീർപ്പുണ്ടാക്കട്ടെ. അതിനു പിന്നാലെ പോകാൻ പാർട്ടിയെ കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും അന്വേഷണം വേണമെന്നും സംസ്ഥാന കമ്മിറ്റിയിൽ ഇ.പി. ജയരാജൻ പറഞ്ഞത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് എം.വി. ഗോവിന്ദൻ വിവാദം പൂർണമായും നിഷേധിച്ചത്.
ഡിസംബറിൽ നടന്ന സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജനാണ് ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആക്ഷേപം ഉന്നയിച്ചത്. പിന്നാലെ, പി. ജയരാജനെതിരെ കണ്ണൂരിലെ ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധപ്പെടുത്തിയുള്ള പരാതിയും സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിരുന്നു. റിസോർട്ട് വിവാദം തന്നെ തകർക്കാനുള്ള നീക്കമാണെന്നും പാർട്ടി അന്വേഷണം വേണമെന്നും ഇ.പി. ജയരാജൻ ആവശ്യപ്പെട്ടപ്പോൾ, അനധികൃത സ്വത്ത് ആക്ഷേപം ഉയരാനിടയായ സാഹചര്യവും ചേർത്ത് അന്വേഷിക്കാമെന്നും ഇ.പി കേന്ദ്ര കമ്മിറ്റിയംഗമായതിനാൽ കേന്ദ്രനേതൃത്വത്തിന്റെ അഭിപ്രായം തേടാമെന്നുമായിരുന്നു വെള്ളിയാഴ്ച സംസ്ഥാന സമിതിയിലെ ധാരണ. എന്നാൽ, ഇ.പി ജയരാജനെതിരെ പാർട്ടി അന്വേഷണമെന്നനിലക്കാണ് പുറത്തുവന്ന വാർത്ത. ഇത് ഇ.പി. ജയരാജനെ ക്ഷുഭിതനാക്കി.
പാർട്ടി അന്വേഷണം നിഷേധിച്ച് അദ്ദേഹം രംഗത്തുവരുകയും ചെയ്തതോടെ റിസോർട്ട് വിവാദം വീണ്ടും വാർത്തകളിൽ നിറഞ്ഞു. ഈ ഘട്ടത്തിൽ അന്വേഷണം തീരുമാനിക്കുന്നത് പാർട്ടിയിൽ വിള്ളൽ സൃഷ്ടിക്കുമെന്ന തിരിച്ചറിവിലാണ് തൽക്കാലം എല്ലാം നിഷേധിക്കാനും തുടർനടപടികൾ പിന്നീടാകാമെന്നും നേതൃത്വം തീരുമാനിച്ചത്. മാത്രമല്ല, പാർട്ടിയിൽനിന്ന് അവധിയെടുത്ത് മാറി നിന്ന ഇ.പി ഇടതുമുന്നണിസമരത്തിലടക്കം പങ്കെടുക്കാതിരുന്ന സാഹചര്യത്തിൽ ഉയർന്ന റിസോർട്ട് വിവാദം നേതൃത്വത്തിന്റെ അറിവോടെയാണെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. അദ്ദേഹം പാർട്ടിയിലും മുന്നണിയിലും സജീവമായതോടെ തുടർനടപടികളിലേക്ക് നീങ്ങാൻ ഇപ്പോൾ നേതൃത്വത്തിന് താൽപര്യവുമില്ല. തനിക്കെതിരായ ഗൂഢാലോചനയിൽ അന്വേഷണം വേണമെന്ന് ഇ.പി. ജയരാജൻ ഉറച്ചുനിന്നാൽ മാത്രമേ തുടർനടപടികൾക്ക് സാധ്യതയുള്ളൂ.
എനിക്കെതിരെ പരാതിയില്ല; വാർത്തക്ക് പിന്നിൽ ആരെന്ന് അറിയില്ല
തനിക്കെതിരെ പാർട്ടിയിൽ ആരും ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തികമായി തെറ്റായ നിലപാട് സ്വീകരിച്ചെന്ന് ആരും എവിടെയും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി പറയുന്നതുപോലെ മടിയിൽ കനമുള്ളവനേ വഴിയിൽ ഭയക്കേണ്ടതുള്ളൂ. എനിക്ക് ഭയമില്ല. വാർത്തകൾ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. എവിടെനിന്നാണ് വാർത്തകൾ വരുന്നതെന്നറിയില്ല. ആരാണ് വാർത്ത സൃഷ്ടിക്കുന്നതെന്ന് മാധ്യമങ്ങൾ കണ്ടെത്തണം. ശരിയായ നിലപാട് മാത്രമേ സ്വീകരിക്കാറുള്ളൂ. ആ ദൗത്യം ഇനിയും തുടരുമെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.